വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ
Friday, June 24, 2016 2:20 PM IST
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗീയ പ്രവേശത്തിന് 70 വർഷം തികയുന്നു എന്ന പ്രത്യേകതയുമായാണ് ഈ വർഷം ജൂലൈ 19 മുതൽ 28 വരെയുള്ള തിരുനാൾ ആഘോഷിക്കുന്നത്. ജൂലൈ 28നാണ് പ്രധാനതിരുനാൾ. ജൂലൈ 19ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്നു സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും അഭിവന്ദ്യ പിതാക്കന്മാരുടെ വിശുദ്ധ കുർബാനയും സന്ദേശവുമുണ്ട്. സീറോ മലബാർ സഭാ മേജർ അർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ഉൾപ്പെടെ 14 സഭാധ്യക്ഷന്മാരും 111 വൈദികരുമാണ് വിശുദ്ധ കുർബാനയ്ക്കും വിവിധ തിരുക്കർമങ്ങൾക്കും കാർമികത്വം വഹിക്കും.

എല്ലാ ദിവസങ്ങളിലും ആറിനു വിശുദ്ധ കുർബാനയും റംശാ പ്രാർഥനയും ജപമാല–മെഴുകുതിരിപ്രദക്ഷിണവും തിരുനാളിന്റെ ആത്മീയശ്രേഷ്ഠതയ്ക്ക് തിളക്കം ചാർത്തും. വെടിക്കെട്ട്, വാദ്യമേളങ്ങൾ, കലാപരിപാടികളും ഒഴിവാക്കിയാണ് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആചരണം. ആയിരക്കണക്കിന് വിശ്വാസികൾ ദിനംപ്രതി പ്രാർഥനയ്ക്കായി എത്തുന്ന തീർഥാടനകേന്ദ്രം തിരുനാൾ ദിവസങ്ങളിൽ ജനനിബിഡമാകും. തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്യുന്നതിലേക്ക് തീർഥാടനകേന്ദ്രത്തിലെയും ഇടവകപ്പള്ളിയിലെയും വൈദികർ, ജനപ്രതിനിധികൾ, ഗവൺമെന്റ് ഉദ്യോഗസ്‌ഥർ തുടങ്ങിയവരുടെ ഏകോപനയോഗം ഇതിനകം നടന്നുകഴിഞ്ഞു.


വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനുവേണ്ടി പ്രത്യേകം ഒരുക്കുന്ന നേർച്ച അപ്പം, നേർച്ച എണ്ണ എന്നിവ ഭക്‌തർക്ക് യഥാസമയം ലഭ്യമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തുവരുന്നു. തിരുനാളിന്റെ പൊതുവായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായുള്ള മാനേജിംഗ് കമ്മിറ്റി മീറ്റിംഗ് ജൂലൈ 15ന് ഉച്ചകഴിഞ്ഞ് മൂന്നിനു നടത്തും. തീർഥാടനകേന്ദ്രത്തിലെ 110 വോളന്റിയേഴ്സിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ തിരുനാളിനുവേണ്ട മറ്റു ക്രമീകരണങ്ങൾ ചെയ്തു വരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.