സഭാജീവിതം ആധ്യാത്മികതയിൽ പുനരവലോകനം ചെയ്യപ്പെടണം: മാർ ആലഞ്ചേരി
സഭാജീവിതം ആധ്യാത്മികതയിൽ പുനരവലോകനം ചെയ്യപ്പെടണം: മാർ ആലഞ്ചേരി
Saturday, June 25, 2016 11:17 AM IST
കൊച്ചി: സഭാജീവിതത്തിന്റെ എല്ലാ തലങ്ങളും ആധ്യാത്മികതയിൽ പുനരവലോകനം ചെയ്യപ്പെടണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും എന്ന വിഷയത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (എൽആർസി) 52–ാമത് ഗവേഷണ സെമിനാറിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സീറോ മലബാർ സഭയുടെ തനതായ പാരമ്പര്യങ്ങളും തനിമയും ശക്‌തമായ ആധ്യാത്മിക അടിത്തറയിൽ നിന്നു രൂപമെടുത്തിട്ടുള്ളതാണ്. ആധ്യാത്മിക ചൈതന്യത്തിന്റെ നിറവിൽ സഭാശുശ്രൂഷകൾ മുഴുവൻ അതിന്റെ സമഗ്രതയിൽ നിർവഹിക്കാൻ എന്നും നമുക്കു സാധിച്ചു. ഇന്നു പല മേഖലകളിലും ആധ്യാത്മികതയുടെ തലത്തിനു പ്രാധാന്യം കുറയുന്നുണ്ടോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. സഭയുടെ പാരമ്പര്യങ്ങളും തനിമയും നിലനിർത്തി യഥാർഥ ക്രൈസ്തവസാക്ഷ്യത്തിലുള്ള വിശ്വാസജീവിതമാണ് സഭ സഭാംഗങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത്. ആധ്യാത്മിക അടിത്തറയും ശക്‌തിയും ഹൃദയത്തിലേറ്റിയാവണം നമ്മുടെ വിശ്വാസയാത്രയെന്നും കർദിനാൾ മാർ ആലഞ്ചേരി ഓർമിപ്പിച്ചു.


എൽആർസി ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, എൽആർസി എക്സിക്യുട്ടീവ് ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണമ്പുഴ, സെക്രട്ടറി സിസ്റ്റർ മെറീന എന്നിവർ പ്രസംഗിച്ചു. സെമിനാറിന്റെ രണ്ടാം ദിനമായ ഇന്നലെ റവ. ഡോ. സെബി ചാലയ്ക്കൽ, റവ. ഡോ. ജോസ് ചിറമേൽ, റവ. ഡോ. സെയ്ജോ തൈക്കാട്ടിൽ, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ജോസഫ് ചാലിശേരി, റവ. ഡോ. ടോണി നീലങ്കാവിൽ, സിസ്റ്റർ ഡോ. റിൻസി മരിയ, ഡോ. ലിജി ജേക്കബ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.