ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
Monday, June 27, 2016 3:19 PM IST
പോത്തൻകോട്: തോന്നയ്ക്കൽ വേങ്ങോടിനു സമീപം ഒരുകുടുംബത്തിലെ നാലു പേരെ വാടകവീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മംഗലപുരം തോന്നയ്ക്കൽ വേങ്ങോട് കുടവൂർക്ഷേത്രത്തിനു സമീപം രാജ് ദീപിൽ കഴിഞ്ഞ മൂന്നു വർഷമായി വാടകയ്ക്കു താമസിച്ചുവരികയായിരുന്ന കുളത്തൂർ എസഎൻഎം വായാലയ്ക്കു സമീപം പൂന്തിവിളാകം വാറിൽ വീട്ടിൽ ശ്രീകുമാർ(40), ഭാര്യ ശുഭ (35), മക്കളായ വൈഗ(ആറ്), ധ്യാൻ വിനായക്(ഒന്ന് ) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടത്.

വീട്ടിലെ കിടപ്പുമുറിയിലാണു നാലു പേരുടെയും മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 10 മണിയോടെ ആകാം മരണമെന്നാണു കരുതുന്നത്. മൂന്നു വർഷത്തിനു മുൻപാണ് സുരേഷും കുടുംബവും തോന്നയ്ക്കൽ വേങ്ങോട് കുടവൂർക്ഷേത്രത്തിനു സമീപം ഐക്കുട്ടികോണം പ്ലാവറയിൽ രാജപ്പൻനായരുടെ രാജ് ദീപയെന്ന വീട്ടിൽ വീട്ടിൽ എത്തുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു ശ്രീകുമാർ. അടുത്ത കാലത്തായി സ്‌ഥലം വാങ്ങി വീടുകൾ നിർമിച്ചു വില്പനയും നടത്തിയിരുന്നു.

കുളത്തൂരിനു സമീപം മണവിലയിലും ശാന്തി നഗറിലും രണ്ടു വീടുകൾ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ലോട്ടറി വ്യാപാരവും ഉണ്ടായിരുന്നു ശ്രീകുമാർ ആറ്റിങ്ങലിൽനിന്നു മൊത്തമായി ലോട്ടറി എടുത്തു ചെറുകിട വില്പനക്കാർക്കു നൽകിയിരുന്നു. 65 ലക്ഷം രൂപ സമ്മാനമായി അടിച്ച ലോട്ടറി ടിക്കറ്റ് 41 ലക്ഷം രൂപ നൽകി മറ്റൊരാളിൽനിന്നു ശ്രീകുമാർ വാങ്ങി. ഇയാൾക്കു കൊടുക്കാൻ ഉള്ള പണം ശ്രീകുമാർ പലരിൽനിന്നായി കടം എടുത്താണു നൽകിയിരുന്നത്. എന്നാൽ, ഈ ലോട്ടറി ബാങ്കിൽ കൊടുത്തപ്പോൾ വ്യാജ ലോട്ടറിയാണെന്നു വ്യക്‌തമായി. തുടർന്ന് രൂപ നൽകിയ ആളിനോടു പണം തിരിച്ചു നൽകാൻ ആവശ്യപ്പെട്ടെങ്കിലും പണം നൽകാതെ സുരേഷിനെ ഭീക്ഷണിപ്പെടുത്തിയതായി സുഹൃത്തുക്കൾ ദീപികയോടു പറഞ്ഞു.


വീട്ടിലെ ഡൈനിംഗ് റൂമിൽനിന്ന് കണ്ടെത്തിയ ആത്മഹത്യ കുറുപ്പിലും ഇതേ കുറിച്ചുള്ള സൂചനയുണ്ട്.അവധി ദിവസം താമസിച്ചു എഴുന്നേൽക്കാറുള്ള ശുഭയെ സമയം കഴിഞ്ഞിട്ടും വീടിനു പുറത്ത് അയൽക്കാർ കണ്ടിരുന്നില്ല. വീടിനോടു ചേർന്നുള്ള മതിലിൽ പതിവായി വയ്ക്കാറുള്ള പാൽ പാത്രവും എടുക്കാത്ത നിലയിലായിരുന്നു. വീടിന്റെ മുൻപിലത്തെ ലൈറ്റുകൾ കത്തിയ നിലയിലും കിടപ്പു മുറിയിലെ എസി പ്രവർത്തിപ്പിച്ച നിലയിലുമാണ്.

വീട്ടിലെ പട്ടിയെ വരാന്തയിൽ മാറ്റി കെട്ടിയനിലയിലുമായിരുന്നു. ഞായറാഴ്ചകളിൽ എറണാകുളത്തു ഭാര്യ വീട്ടിൽ പോകാറുണ്ടായിരുന്ന ശ്രീകുമാറും കുടുംബവും സമീപത്തെ വീട്ടിൽ പറഞ്ഞിട്ടായിരുന്നു പോകാറുള്ളത്. പട്ടിയ്ക്ക് ആഹാരം കൊടുക്കാനും പറയുമായിരുന്നു.

ഞായറാഴ്ച ശ്രീകുമാറിനെയും കുടുംബത്തെയും കാണാത്തതിൽ സംശയം തോന്നിയ അയൽക്കാർ ശ്രീകുമാറിന്റെ കാട്ടായികോണത്തെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ശ്രീകുമാറിെും ഭാര്യ ശുഭയുടെയും ഫോണുകളിൽ ബന്ധുക്കളും സുഹൃത്തുകളും വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്നു പുലർച്ചെ രണ്ടോടെ മംഗലപുരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു .

കുളത്തൂർ പൂന്തി വിളാകം വാറൽ ശ്രീധരന്റെയും സുശീലയുടെയും മകനാണ് ശ്രീകുമാർ. എറണാകുളം കത്രൃക്കടവ് പാലത്തിനു സമീപം ചെരുവല്ലിയിൽ ശിവൻ ശോഭാ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ശുഭ. സഹോദരങ്ങൾ പ്രഭ, സിന്ധ്യ. തോന്നയ്ക്കൽ രവി ശങ്കർ സ്മാരക സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് വൈഗ. മൃതദേഹങ്ങൾ വൈകുന്നേരത്തോടെ കുളത്തൂർ എസ്എൻഡിപി ശ്മശാനത്തിൽ സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.