എസ്ഐയെ സ്‌ഥലംമാറ്റി
Monday, June 27, 2016 3:25 PM IST
കൊല്ലം: കൊല്ലം എംഎൽഎ എം. മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസുകാരുടെ പരാതി സ്വീകരിച്ച വെസ്റ്റ് എസ്ഐയെ സ്‌ഥലംമാറ്റി. പരാതി സ്വീകരിച്ച് എസ്ഐ ഗീരിഷ് രസീത് നൽകിയത് വിവാദമായതോടെ സിറ്റി പോലീസ് കമീഷണർ സതീഷ് ബിനോ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ച് എസിപി റക്സ്ബോബി അർവിനോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എസിപിയുടെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി. എന്നാൽ എസ്ഐക്കു പകരം നിയമനം നൽകിയിട്ടില്ല.

രണ്ടു വർഷമായി കൊല്ലം വെസ്റ്റ് എസ്ഐയായ ഗിരീഷ് നിലവിൽ അവധിയിലാണ്. കഴിഞ്ഞ 23നാണ് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി വെസ്റ്റ് എസ്ഐയ്ക്ക് പരാതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം എംഎൽഎ മുകേഷിനെ കാണാനില്ലന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്. പ്രകൃതിക്ഷോഭം മൂലം കൊല്ലത്തിന്റെ തീരദേശമേഖലയിൽ വൻ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടും എംഎൽഎയെ കാണാനോ പരാതി പറയുവാനോ പൊതുജനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് യൂത്ത്കോൺഗ്രസ് ആരോപിക്കുന്നത്. കളക്ടറേറ്റിൽ ബോംബ് സ്ഫോടനം ഉണ്ടായപ്പോൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ സ്‌ഥലം സന്ദർശിച്ചിട്ടും മുകേഷിനെ മാത്രം കണ്ടില്ലെന്നും ഇവർ പറയുന്നു. പൊതുജന താൽപര്യാർഥം എംഎൽഎ എവിടെ ഉണ്ടെന്ന് അറിഞ്ഞാൽ മാത്രം മതിയെന്നായിരുന്നു പരാതിയിൽ സൂചിപ്പിച്ചിരുന്നത്. യൂത്ത് കോൺഗ്രസിന്റെ പരാതി സ്വീകരിച്ച പോലിസ് ഇവർക്ക് രസീതും നൽകിയിരുന്നു.


ഇതേ തുടർന്ന് യൂത്ത് കോൺഗ്രസിന്റെ പരാതി സ്വീകരിച്ച എസ്ഐയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൊല്ലം എസിപിക്ക് പരാതി നൽകി. വ്യക്‌തിഹത്യ നടത്തുന്നതിനുള്ള രാഷ്ര്‌ടീയ നീക്കമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്നു കാണിച്ചായിരുന്നു പരാതി. ഇതിന്റെ അടിസ്‌ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എസിപി സ്പെഷൽ ബ്രാഞ്ചിന് നിർദേശം നൽകുകയായിരുന്നു. എംഎൽഎയെ കാണാനില്ലെന്ന പരാതി രാഷ്ര്‌ടീയ നീക്കത്തിന്റെ ഭാഗമാണെന്ന് മനസിലാക്കേണ്ടിയിരുന്നു. അല്ലാതെ കാണാനില്ലെന്ന പരാതി സ്വീകരിച്ച് രസീത് നൽകിയതു ശരിയായില്ലെന്നാണ് റിപോർട്ടിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.