കെ.സി. വേണുഗോപാലിനെതിരേ സരിത ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടില്ലെന്നു സൂചന
കെ.സി. വേണുഗോപാലിനെതിരേ സരിത ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടില്ലെന്നു സൂചന
Tuesday, June 28, 2016 12:59 PM IST
കൊച്ചി: സോളാർ കേസിലെ പ്രതി സരിത എസ്. നായർ മുൻകേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെതിരേ സോളാർ കമ്മീഷനിൽ ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടില്ലെന്നു സോളാർ കമ്മീഷൻ സൂചന നൽകി. കമ്മീഷനിൽ ഇന്നലെ മൊഴി നൽകാൻ ഹാജരായ കെ.സി. വേണുഗോപാൽ തനിക്കെതിരേ സരിത നൽകിയ ഡിജിറ്റൽ തെളിവുകളുടെ പകർപ്പാവശ്യപ്പെട്ടു. എന്നാൽ സരിത ആർക്കൊക്കെ എതിരെയാണോ തെളിവുകൾ നൽകിയിട്ടുളളത് അവർക്കൊക്കെ തെളിവുകളുടെ പകർപ്പ് നൽകിയിട്ടുണ്ടെന്നും ധൈര്യമായി പൊയ്ക്കൊള്ളാനുമായിരുന്നു കമ്മീഷന്റെ മറുപടി.

അതേസമയം ടീം സോളാറിന് എംഎൻആർഇയുടെ ചാനൽ പാർട്ണറാകാനുള്ള രേഖകൾ ശരിയാക്കി നൽകാൻ താൻ 35 ലക്ഷം രൂപ കൈപ്പറ്റിയെന്ന ബിജു രാധാകൃഷ്ണന്റെ മൊഴി കള്ളമാണെന്നു കെ.സി. വേണുഗോപാൽ പറഞ്ഞു. താൻ ബിജു രാധാകൃഷ്ണനെ നേരിൽ കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഡ്രൈവർ നാഗരാജന്റെ നിർദേശപ്രകാരമാണ് പണം കൈമാറിയതെന്ന ആരോപണം ശുദ്ധനുണയാണ്. നാഗരാജൻ എന്ന ഒരു ഡ്രൈവർ തനിക്കില്ലെന്നും സോളാർ ബിസിനസ് സംബന്ധിച്ച് ബിജു രാധാകൃഷ്ണനുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും വേണുഗോപാൽ മൊഴി നൽകി.

ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന വേൾഡ് റിന്യൂവബിൾ എനർജി എക്സ്പോയിലും തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ അനർട്ട് നടത്തിയ എക്സിബിഷനിലും ടീം സോളാറിന് പങ്കെടുക്കാൻ അവസരം ലഭിച്ചത് താൻ മുഖേനയാണെന്ന ബിജു രാധാകൃഷ്ണന്റെ മൊഴിയും വേണുഗോപാൽ നിഷേധിച്ചു. എന്നാൽ സരിത എസ്.നായരെ താൻ ഒരിക്കൽ കണ്ടിട്ടുണ്ട്. കേന്ദ്ര ഊർജ സഹമന്ത്രി ആയിരിക്കുമ്പോൾ ടീം സോളാറിന്റെ പരിപാടിക്ക് ക്ഷണിക്കാൻ സരിത തന്റെ ആലപ്പുഴയിലെ വസതിയിലെത്തിയിരുന്നു. ഇത് എപ്പോഴാണെന്ന് ഓർമയില്ല. ഡൽഹിയിൽ വച്ച് സരിതയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും കമ്മീഷൻ അഭിഭാഷകന്റെ ക്രോസ് വിസ്താരത്തിനിടെ വേണുഗോപാൽ പറഞ്ഞു.


കെ.സി. വേണുഗോപാലും സരിതയും 57 തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ അഭിഭാഷകൻ ടെലഫോൺ രേഖകൾ സഹിതം വ്യക്തമാക്കി. എന്നാൽ ഇത് സെക്കൻഡുകൾ മാത്രം നീണ്ടഫോൺ കോളുകൾ മാത്രമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫാണ് ഫോണുകൾ എടുത്തിരുന്നത്. ടീം സോളാറിന്റെ പരിപാടി ഉദ്ഘാടനത്തിന് ക്ഷണിക്കാനായിരിക്കാം സരിത വിളിച്ചത്. എന്നാൽ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് നേരിട്ടും പേഴ്സണൽ സ്റ്റാഫ് മുഖേനയും വ്യക്‌തമാക്കിയിരുന്നതായും വേണുഗോപാൽ മൊഴി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.