തടവുപുള്ളി രക്ഷപ്പെട്ടു; രണ്ടു പോലീസുകാർക്കു സസ്പെൻഷൻ
Tuesday, June 28, 2016 1:12 PM IST
കോഴിക്കോട്: ട്രെയിനിൽ കോടതിയിലേക്കു കൊണ്ടുപോകുംവഴി കുപ്രസിദ്ധ തട്ടിപ്പുവീരൻ പോലീസുകാരെ കബളിപ്പിച്ചു രക്ഷപ്പെട്ടു. വിസ തട്ടിപ്പ്, മെഡിക്കൽ–എൻജിനിയറിംഗ് സീറ്റ് തട്ടിപ്പ്, ആത്മഹത്യാ പ്രേരണ തുടങ്ങി നിരവധി കേസുകളിലെ പ്രതി ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് സ്വദേശി കാട്ടുമൻസിലിൽ അബ്ദുൾ സലാം എന്ന ഡോ. സലാമാണ്(51) കോഴിക്കോട് ജില്ലാ ജയിലിൽനിന്ന് എറണാകുളം സിജെഎം കോടതിയിലേക്കുള്ള യാത്രയ്ക്കിടെ, 21നു വൈകുന്നേരം അകമ്പടി പോലീസുകാരെ കബളിപ്പിച്ചു രക്ഷപ്പെട്ടത്.

സംഭവത്തിൽ, കോഴിക്കോട് സിറ്റി എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, രൂപേഷ് എന്നിവരെ സിറ്റി പോലീസ് കമ്മീഷണർ ഉമ ബെഹ്റ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഒരാഴ്ച മുമ്പു നടന്ന സംഭവം പോലീസ് സമർഥമായി മൂടിവയ്ക്കുകയായിരുന്നു. ഡോക്ടർ ചമഞ്ഞ് സംസ്‌ഥാനത്തുടനീളം ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പു നട ത്തിയ സലാമിനെ രണ്ടാഴ്ച മുൻപ് മഞ്ചേരി സിഐ സണ്ണി ചാക്കോയാണ് തട്ടിപ്പിനിരയായവരുടെ സഹായത്തോടെ കോഴിക്കോട് സിറ്റിയിൽനിന്ന് അറസ്റ്റ് ചെയ്തത്. തുടർന്നു കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കി 14 ദിവസ ത്തേക്ക് റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിൽ അടയ്ക്കുകയായിരുന്നു.

എറണാകുളത്തെ കേസുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് രക്ഷപ്പെട്ടത്. കണ്ണൂർ–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ വൈകുന്നേരം നാലിന് കോഴിക്കോട്ടുനിന്നു കയറിയെന്നും, എറണാകുളത്ത് ട്രെയിൻ വേഗം കുറച്ചപ്പോൾ പ്ലാറ്റ്ഫോമിലേക്കു ചാടി, ഓടി രക്ഷപ്പെട്ടെന്നുമാണ് പോലീസുകാരുടെ മൊഴി. കോടതി ഡ്യൂട്ടിക്ക് അന്നു രാവിലെ ഏഴിനു സിറ്റി എആർ ക്യാമ്പി ൽനിന്നു പുറപ്പെട്ട പോലീസുകാർ ഉച്ചയ്ക്ക് 1.45നാണ് ജില്ലാ ജയിലിൽ എത്തുന്നത്.


പ്രതിയെ രക്ഷപ്പെടാൻ പോലീസുകാർ സഹായിച്ചുവോ എന്നതും അന്വേഷിച്ചുവരികയാണ്. സംഭവ ദിവസം രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് 1.45 വരെ അകമ്പടി പോലീസുകാർ എവിടെ ആയിരുന്നുവെന്നും വിശദമായി അന്വേഷിക്കുന്നുണ്ട്.വർക്കല സ്വദേശി ഷാജഹാൻ(45) കഴിഞ്ഞ മാർച്ച് 11ന് ബഹുനില കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കിയ കേസിലും സലാം പ്രതിയാണ്. ഗൾഫ് വീസ വാഗ്ദാനം ചെയ്ത് ഷാജഹാനിൽ നിന്നും സലാം 35,000 രൂപ കൈപ്പറ്റിയിരുന്നു. ഇതിനു പുറമേ ഷാജഹാനെ ഉപയോഗിച്ച് വീസ ഇടപാട് നടത്തി. നിരവധി പേരിൽ നിന്നു പിരിച്ചെടുത്ത പത്തു ലക്ഷത്തോളം രൂപ സലാമിനു കൈമാറിയെങ്കിലും ആർക്കും വീസ ലഭിച്ചില്ല. തുടർന്ന് തട്ടിപ്പിനിരയായവരും ഷാജഹാനും ചേർന്ന് മാർച്ച് 11ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നല്കി. താനും കേസിൽ കുടുങ്ങുമെന്ന ഭീതിമൂലം അര മണിക്കൂറിനകം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിനടുത്ത കെഎസ്എച്ചബി റവന്യൂ ടവറിന്റെ 12–ാം നിലയിൽനിന്നു ചാടി ഷാജഹാൻ ജീവനൊടുക്കുകയായിരുന്നു.

മലപ്പുറം,മഞ്ചേരി, അരീക്കോട്, വണ്ടൂർ, പാണ്ടിക്കാട്,പെരിന്തൽമണ്ണ, എറണാകുളം സെൻട്രൽ, ആലുവ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും സലാമിനെതിരേ കേസുകളുണ്ട്. ഗൾഫിൽ ഡോക്ടറാണെന്നു പരിചയപ്പെടുത്തി ആശുപത്രികളിലേക്കെന്ന വ്യാജേന യാണു പണം തട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.