ദേശീയപാത അറ്റകുറ്റപ്പണി മേൽനോട്ടത്തിലെ വീഴ്ച; ഉദ്യോഗസ്‌ഥർക്കെതിരേ അച്ചടക്ക നടപടി
Thursday, June 30, 2016 1:53 PM IST
തിരുവനന്തപുരം: ദേശീയപാതയിൽ ആലപ്പുഴ ഭാഗത്തെ അറ്റകുറ്റപ്പണികൾ പരിശോധിക്കുന്നതിലും ഔദ്യോഗിക കൃത്യനിർവഹണത്തിലും വീഴ്ച വരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരേ നടപടി. ആലപ്പുഴ എൻഎച്ച് സബ് ഡിവിഷനിലെ രണ്ടാം ഗ്രേഡ് ഓവർസിയർ പി. മനോജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എൻജിനിയർമാരായ സി.ടി. ശ്രീദേവി, വി.ജി. ധന്യതഭായ്, ഒന്നാം ഗ്രേഡ് ഓവർസിയർ പി.ടി. വർഗീസ് എന്നിവരെ സ്‌ഥലം മാറ്റാനും ഉത്തരവിട്ടു. പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്‌ഥർ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കാൻ വകുപ്പു സെക്രട്ടറിക്കു നിർദേശം നൽകി.

ഹരിപ്പാട് ആർകെ ജംഗ്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സ്‌ഥലത്തു മന്ത്രിയുടെ സന്ദർശനം നടക്കുമ്പോൾ മേൽനോട്ട ചുമതലയുള്ള ഒരു ഉദ്യോഗസ്‌ഥനും സ്‌ഥലത്ത് ഇല്ലായിരുന്നു. അര മണിക്കൂറിലധികം റോഡിൽ കാത്തിരുന്നിട്ടും കരാറുകാരനല്ലാതെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്‌ഥരാരും എത്തിയില്ല.


പൊതുമരാമത്ത് മാന്വൽ പ്രകാരംസൂപ്പർവിഷൻ നടത്താതിരുന്നതിനാലും വിശദീകരണം തൃപ്തികരമല്ലാതിരുന്നതിനാലും ആണ് ശിക്ഷാനടപടി കൈക്കൊണ്ടത്. പൊതുമരാമത്ത് വകുപ്പിനെ ജനങ്ങളുടെ ഇടയിൽ അഭിമാനകരമായ വകുപ്പാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കേണ്ട എൻജിനിയർമാർ ഉൾപ്പെടെയുള്ളവർ ഉത്തരവാദിത്ത ബോധത്തോടെ ചുമതല നിർവഹിക്കണമെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഇതിനാവശ്യമായ ബോധവത്കരണവും പരിശീലനവും അടിയന്തരമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.