ഏറ്റവും ചെറിയ ചർക്ക നിർമിച്ച രജീഷിനു ദേശീയ റിക്കാർഡ്
ഏറ്റവും ചെറിയ ചർക്ക നിർമിച്ച രജീഷിനു ദേശീയ റിക്കാർഡ്
Friday, July 1, 2016 3:16 PM IST
തൃശൂർ: ഹരിയാനക്കാരന്റെ റിക്കാർഡ് തൃശൂർക്കാരൻ ഭേദിച്ചു. ഇന്നലെ രാവിലെ സാഹിത്യ അക്കാദമി ഹാളിലാണ് ഏറ്റവും ചെറിയ ചർക്ക നിർമിച്ചതിന്റെ റിക്കാർഡ് തൃശൂർ വേലൂർ സ്വദേശി രജീഷ് സ്വന്തമാക്കിയത്. 1.8 സെന്റി മീറ്റർ നീളവും 1.5 സെന്റി മീറ്റർ ഉയരവും 1.1 സെന്റിമീറ്റർ വീതിയും 800 മില്ലിഗ്രാം തൂക്കവുമുള്ള കുഞ്ഞു ചർക്ക നിർമിച്ചാണ് രജീഷ് ദേശീയ റിക്കാർഡു നേടിയത്. ഇതുവരെ ഇന്ത്യയിൽ ഹരിയാനക്കാരൻ നിർമിച്ച രണ്ടു സെന്റിമീറ്ററുള്ള ചർക്കയായിരുന്നു ഏറ്റവും ചെറിയ ചർക്ക.

തേക്കിൻതടിയിലാണ് രജീഷ് കുഞ്ഞുചർക്ക നിർമിച്ചത്. രണ്ടായിരം രൂപയാണ് ചർക്കനിർമാണത്തിനു ചെലവ്. ഏറ്റവും ചെറിയ ചർക്ക നിർമിച്ച് ദേശീയ റിക്കാർഡിട്ടതായി ഗിന്നസ് സുനിൽ ജോസഫ് പ്രഖ്യാപിച്ചു. ലിംക ബുക്ക് ഓഫ് റിക്കാർഡും രജീഷിനു സ്വന്തമാകുമെന്ന പ്രതീക്ഷയിലാണ്. ആറു മാസത്തിനുള്ളിൽ ഇതു സംബന്ധിച്ച തീരുമാനമെത്തും. ഇതോടെ ചെറിയ വസ്തുക്കളുടെ നിർമാണത്തിൽ കേരളത്തിൽനിന്ന് 16 പേരാണ് റിക്കാർഡ് നേടിയിട്ടുള്ളത്. ഇതിൽ ഒമ്പതു പേരും തൃശൂർ സ്വദേശികളാണ്.


സി.എൻ.ജയദേവൻ എംപി, അനിൽ അക്കര എംഎൽഎ, ജില്ലാ പഞ്ചായത്തംഗം കല്യാണി എസ്.നായർ, കേരള ഖാദി അസോസിയേഷൻ സെക്രട്ടറി വി.കേശവൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഒബാമയ്ക്ക് ഇന്ത്യ ഉപഹാരമായി നൽകിയ ചർക്ക നിർമിച്ചുനൽകിയതു രജീഷായിരുന്നു. കൂടാതെ ഈ വർഷം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെത്തിയപ്പോഴും നൽകിയ ചർക്ക രാജേഷ് നിർമിച്ചതായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.