മൺസൂൺ ബംബറടിച്ചതു കൽപ്പണിക്കാരന്
മൺസൂൺ ബംബറടിച്ചതു കൽപ്പണിക്കാരന്
Thursday, July 21, 2016 11:07 AM IST
കണ്ടശാംകടവ് (തൃശൂർ): സംസ്‌ഥാന ഭാഗ്യക്കുറിയുടെ മൂന്നുകോടി രൂപയുടെ മൺസൂൺ ബംബർ കടാക്ഷിച്ചതു സ്വന്തമായി വീടില്ലാത്ത കടബാധ്യതകൾ ഏറെയുള്ള കൽപ്പണിക്കാരനെ. കാരമുക്ക് ഗ്രാമീണവായനശാലയ്ക്കു സമീപം ചിറയത്ത് അപ്പുട്ടി – വസുമതി ദമ്പതികളുടെ മകനായ മുരളി (40)യാണു ഭാഗ്യവാൻ.

കാരമുക്ക് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിക്കു മുന്നിൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണു മുരളിയും സുഹൃത്ത് സന്തോഷും ഓരോ ടിക്കറ്റെടുത്തത്. ബിരുദധാരിയും ഭിന്നശേഷിക്കാരനുമായ പാലാഴി നെല്ലിപ്പറമ്പിൽ അഭിലാഷ് മുച്ചക്രവണ്ടിയിലിരുന്നു വിറ്റിരുന്ന ടിക്കറ്റുകളാണ് ഇരുവരുമെടുത്തത്. ബുധനാഴ്ച രാത്രിയിൽ വൈകീട്ടോടെ ബംബറടിച്ച വിവരം അറിഞ്ഞുവെങ്കിലും ഇന്നലെ രാവിലെ പത്രം നോക്കിയശേഷമാണു ഉറപ്പാക്കിയത്. വീട്ടിൽ വിവരം പറഞ്ഞു. തുടർന്ന് ടിക്കറ്റ് തന്ന അഭിലാഷിനെ തേടിയിറങ്ങി. ഭാഗ്യം കൊണ്ടുതന്ന അഭിലാഷിനെ കെട്ടിപ്പിടിച്ചു കവിളിൽ മുത്തം നൽകി മുരളി സന്തോഷം പങ്കിട്ടു. പിന്നെ സമ്മാനർഹമായ ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കണ്ടശാംകടവിലെ ശാഖയിൽ ഏൽപിച്ചു. സ്‌ഥിരമായി ഭാഗ്യക്കുറിയെടുക്കുന്ന മുരളി മഴക്കാലത്തു പണി കുറഞ്ഞപ്പോൾ ടിക്കറ്റുകളെടുക്കുന്നതു കുറച്ചിരുന്നു. ഒരു തവണ 5,000 രൂപയും പിന്നെ ചെറിയ തുകകളുമെല്ലാം കിട്ടിയിരുന്നു.


കാരമുക്ക് നാലുസെന്റ് കോളനിയിലെ തറവാട്ടു വീട്ടിലായിരുന്നു നേരത്തെ താമസം. ഏതാനും മാസം മുമ്പു വാടക ഈടാക്കാതെ സുഹൃത്തു നൽകിയ കാരമുക്ക് ഗ്രാമീണ വായനശാലയ്ക്കു സമീപത്തെ വീട്ടിലേക്കു താമസം മാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.