സിറ്റഡൽ സ്കൂളിൽ രജതജൂബിലി സ്മാരക സയൻസ് ലാബുകൾ ഉദ്ഘാടനം ചെയ്തു
സിറ്റഡൽ സ്കൂളിൽ രജതജൂബിലി സ്മാരക സയൻസ് ലാബുകൾ ഉദ്ഘാടനം ചെയ്തു
Saturday, July 23, 2016 1:25 PM IST
റാന്നി: വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നു മന്ത്രി മാത്യു ടി. തോമസ്. റാന്നി സിറ്റഡൽ റസിഡൻഷ്യൽ സ്കൂൾ രജത ജൂബിലി സ്മാരക സയൻസ് ലാബുകളുടെ ഉദ്ഘാടനവും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുദാനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മികവ് എന്നാൽ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന കേവലം ബൗദ്ധികമായ ഔന്നത്യം മാത്രമല്ല, വിദ്യാർഥികളെയും അതുവഴി സമൂഹത്തെയും നന്മയിലേക്കു നയിക്കുന്ന ഒരു ദൗത്യം കൂടി അതിനുണ്ട്. –മന്ത്രി പറഞ്ഞു.

പുസ്തകങ്ങളിലോ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വിവര സാങ്കേതിക സംവിധാനങ്ങളിലോ രേഖപ്പെടുത്തിയിട്ടുള്ള അറിവുകൾ വിദ്യാർഥികൾക്കു പകർന്നു നൽകുക മാത്രമല്ല വിദ്യാഭ്യാസം. സമൂഹത്തിൽ എന്തു നടക്കുന്നുവെന്ന അറിവ് ക്ലാസുകളിലൂടെ മാത്രമേ ലഭിക്കൂ. വ്യത്യസ്തതയെ ഉൾക്കൊള്ളാനും സമൂഹത്തിലെ നന്മ സ്വാംശീകരിക്കാനും വിദ്യാർഥികളെ പ്രാപ്തമാക്കുന്നത് ക്ലാസ്മുറികളിലെ വിദ്യാഭ്യാസ രീതിയാണെന്നും ക്ലാസ്മുറിക്ക് പുറത്തുള്ള വിദ്യാഭ്യാസം പൂർണമല്ലെന്നും മന്ത്രി പറഞ്ഞു.


ജൂബിലി എന്ന വാക്ക് സന്തോഷത്തെയും സമാധാനത്തെയും ആത്യന്തികമായി നന്മയെയും സൂചിപ്പിക്കുന്നതായി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സ്കൂൾ രക്ഷാധികാരി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പറഞ്ഞു.

സിൽവർ ജൂബിലി ലോഗോയുടെ പ്രകാശനം രാജു ഏബ്രഹാം എംഎൽഎയും സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുല്ലാട്ടും നിർവഹിച്ചു. സ്കൂൾ മാനേജിംഗ് ട്രസ്റ്റി ഫാ. ജസ്റ്റിൻ പഴേപറമ്പിൽ, ബ്രില്യന്റ് പാലാ ഡയറക്ടർ സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്തംഗം ഷംസുദ്ദീൻ, പിടിഎ പ്രസിഡന്റ് ഫാ. എബി വർഗീസ്, സ്കൂൾ മാനേജർ ഫാ. ബെന്നി സെബാസ്റ്റ്യൻ കൊടിമരത്തുംമൂട്ടിൽ, പ്രിൻസിപ്പൽ ഫാ. ജോഷി സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.