ബാബുവിനെതിരേ കേസെടുക്കാൻ വിജിലൻസ് ശിപാർശ
ബാബുവിനെതിരേ കേസെടുക്കാൻ വിജിലൻസ് ശിപാർശ
Saturday, July 23, 2016 1:41 PM IST
കൊച്ചി: മുൻ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേ കേസെടുക്കണമെന്നു ചൂണ്ടിക്കാട്ടി വിജിലൻസ് ശിപാർശ സമർപ്പിച്ചു. ബാർ ലൈസൻസ് അനുവദിച്ചതുൾപ്പെടെയുള്ളവയിൽ ക്രമക്കേടുണ്ടെന്നുള്ള പരാതിയിലെ ത്വരിതപരിശോധനാ റിപ്പോർട്ടിലാണു വിജിലൻസിന്റെ ശിപാർശ. ശിപാർശ വിജിലൻസ് സെൻട്രൽ റേഞ്ച് എസ്പി വിജിലൻസ് ഡയറക്ടർക്കു സമർപ്പിച്ചു.

നിയമവശങ്ങൾ പരിശോധിച്ചശേഷമാകും കേസ് എടുക്കണമോയെന്നു വിജിലൻസ് ഡയറക്ടർ തീരുമാനിക്കുക. വി.എം. രാധാകൃഷ്ണൻ പ്രസിഡന്റായ ബാർ അസോസിയേഷനാണു പരാതിയുമായി രംഗത്തെത്തിയത്.

മന്ത്രിയായിരിക്കെ കെ. ബാബുവും ഓഫീസും ചേർന്നു ബാർ ലൈസൻസ് നൽകുന്നതിൽ അവിഹിതമായി ഇടപെട്ടു. ഇതിനായി അബ്കാരി നിയമങ്ങളിൽ ഭേദഗതി വരുത്തി, ഇതിലൂടെ 100 കോടി രൂപയുടെ അഴിമതി നടത്തി എന്നിങ്ങനെയാണ് പരാതിയിൽ ആരോപിച്ചിരുന്നത്. പരാതിയിൽ കഴിഞ്ഞ മാസം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ത്വരിതപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ലൈസൻസ് പുതുക്കി നൽകുന്നതിൽ അഴിമതി നടന്നുവെന്നാരോപിച്ചു ബിജു രമേശിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേരത്തേ രംഗത്തെത്തിയിരുന്നു.


അതിൽ മൊഴി നൽകാൻ ഒരു വിഭാഗം ബാറുടമകൾ വിസമ്മതിക്കുകയും ചെയ്തു. ഇതാണു കെ. ബാബുവിന് അന്ന് അനുകൂലമായി മാറിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇവർ മൊഴി മാറ്റാൻ തയാറായേക്കുമെന്നാണ് വിജിലൻസിന്റെ കണക്കുകൂട്ടൽ. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ബാർകോഴ കേസിലും നിർണായക വഴിത്തിരിവുണ്ടായേക്കും. എന്നാൽ കേസിന്റെ കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് കെ. ബാബു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.