ഖുറേഷിയെയും റിസ്വാനെയും കൊച്ചിയിലെത്തിച്ചു
ഖുറേഷിയെയും റിസ്വാനെയും കൊച്ചിയിലെത്തിച്ചു
Sunday, July 24, 2016 12:55 PM IST
കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസ്) മലയാളികളെ റിക്രൂട്ട് ചെയ്ത സംഭവത്തിൽ മുംബൈയിൽനിന്ന് അറസ്റ്റ്ചെയ്ത ഇസ്ലാമിക് റിസർച്ച് സെന്റർ പ്രവർത്തകരായ രണ്ടു പേരെ കൊച്ചിയിലെത്തിച്ചു. നവിമുംബൈയിലെ നെരൂളിൽ അറസ്റ്റിലായ ആർഷി ഖുറേഷി, താനെ കല്യാൺ നിവാസി റിസ്വാൻ ഖാൻ എന്നിവരെയാണു നെടുമ്പാശേരി വിമാനത്താവളം വഴി കൊച്ചിയിൽ എത്തിച്ചത്. കൊച്ചിയിൽനിന്നു കാണാതായ മെറിന്റെ സഹോദരൻ എബിൻ ജേക്കബിന്റെ പരാതിയെത്തുടർന്നു കേരള പോലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും ചേർന്നു താനെയിൽനിന്നാണ് ഇവരെ പിടികൂടിയത്.

ഐഎസ് റിക്രൂട്ട്മെന്റിനുവേണ്ടി മതം മാറ്റാൻ പ്രേരിപ്പിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. മഹാരാഷ്ട്ര എടിഎസിന്റെ സാന്നിധ്യത്തിൽ കേരള പോലീസ് സംഘം ഖുറേഷിയെ വ്യാഴാഴ്ചയും റിസ്വാൻ ഖാനെ ശനിയാഴ്ചയുമായാണ് അറസ്റ്റ്ചെയ്തത്. ആലുവ ഡിവൈഎസ്പി റസ്റ്റമിന്റെ നേതൃത്വത്തിലെത്തിയ ആറംഗ കേരള പോലീസ് സംഘമാണ് മുംബൈയിൽ തങ്ങി അന്വേഷണം നടത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ഇൻഡിഗോ വിമാനത്തിലാണു ഖുറേഷിയെയും റിസ്വാൻ ഖാനെയും നെടുമ്പാശേരിയിലെത്തിച്ചത്. മുഖംമറച്ചു കൊണ്ടുവന്ന ഇരുവരെയും സായുധ കമാൻഡോകളുടെ അകമ്പടിയോടെ കളമശേരി എആർ ക്യാമ്പിലേക്കു കൊണ്ടുപോയി. പരാതിയുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഇവരെ കേരളത്തിലേക്കു കൊണ്ടുവന്നത്. ആർഷി ഖുറേഷി വൈറ്റിലയിലെ ഒരു സ്‌ഥാപനത്തിൽ മാസങ്ങൾക്കു മുമ്പ് സന്ദർശനം നടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇവിടെ പോലീസ് പരിശോധനയും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു.


ബെസ്റ്റിൻ വിൻസന്റ് എന്ന യഹിയയുടെ ഭാര്യ മെറിനെ നിർബന്ധിച്ച് ഇസ്ലാമിൽ ചേർത്തെന്നും തടവിൽ പാർപ്പിച്ചിരിക്കുകയുമാണെന്നാണു ഖുറേഷിക്ക് എതിരായ ആരോപണം. യഹിയയും മെറിനും ഐഎസിൽ ചേർന്നെന്നാണ് സംശയമുന്നയിക്കപ്പെട്ടത്.

കൊച്ചിയിൽ പഠിക്കുന്ന കാലത്താണു ബെസ്റ്റിൻ മെറിനെ പരിചയപ്പെട്ടത്. പിന്നീട് ബെസ്റ്റിൻ മതം മാറി യഹിയയായി. മുംബൈയിൽ ജോലി ചെയ്തിരുന്ന മെറിനെ അവിടെയെത്തിയാണു ബെസ്റ്റിൻ നിർബന്ധിച്ചു മതം മാറ്റിച്ചതെന്നു പരാതിയിൽ പറയുന്നു. തുടർന്നു മുംബൈയിലെത്തിച്ച എബിനെയും മതം മാറ്റാൻ മെറിനും യഹിയയും ശ്രമിക്കുകയും ഖുറേഷിയെ കാണാൻ നിർബന്ധിക്കുകയും ചെയ്തതായി ഇദ്ദേഹം പോലീസിനു മൊഴി നൽകിയിട്ടുണ്ട്. ഖുറേഷിയുടെ സഹായിയാണു പിടിയിലായ റിസ്വാൻ. ഈ കേസിൽ ഖുറേഷിക്കും യഹിയയ്ക്കും എതിരേ പോലീസ് യുഎപിഎ ചുമത്തി യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.