യുഡിഎഫ് യോഗത്തിൽനിന്നും മാണി വിട്ടുനിന്നതു വിലപേശൽ തന്ത്രം: ബാലകൃഷ്ണ പിള്ള
യുഡിഎഫ് യോഗത്തിൽനിന്നും മാണി വിട്ടുനിന്നതു വിലപേശൽ തന്ത്രം: ബാലകൃഷ്ണ പിള്ള
Tuesday, July 26, 2016 4:07 PM IST
പാലക്കാട്: കേരള കോൺഗ്രസ് നേതാവ് കെ.എം.മാണി യുഡിഎഫ് യോഗത്തിൽനിന്നും വിട്ടുനിന്നത് മാണിയുടെ വിലപേശൽ തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നു ആർ.ബാലകൃഷ്ണപിള്ള പത്രസമ്മേളനത്തിൽ ആരോപിച്ചു. കേരള കോൺഗ്രസ് സ്‌ഥാപക നേതാവായിയിരുന്ന തനിക്കു മാണിയുടെ തന്ത്രം നന്നായി അറിയാം. എന്തെങ്കിലും കിട്ടാൻ വേണ്ടി മാണി എന്തു തന്ത്രവും പ്രയോഗിക്കും. അതു ലഭിക്കുമെന്ന് ഉറപ്പായാൽ അദ്ദേഹം തിരികെ എത്തുമെന്നും പിള്ള പരിഹസിച്ചു.

എൽഡിഎഫ് ഒന്നു കണ്ണുകാണിച്ചാൽ ഇറങ്ങിപ്പോരാനിരുന്ന നേതാവാണ് കെ.എം. മാണി. ബിജെപിയിലേക്കു പോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ വിട്ടുനിൽക്കൽ എന്ന ചോദ്യത്തിന്് കേരള കോൺഗ്രസിന്റെ ചരിത്രം പഠിക്കണമെന്നു പിള്ള ലേഖകരെ ഉപദേശിച്ചു.

മുഖ്യമന്ത്രി പിണറായിക്കു സാമ്പത്തിക ഉപദേഷ്ടാവിന്റെ ആവശ്യമെന്ത് എന്ന ചോദ്യത്തിന്, ഉപദേശകരെ നിയമിക്കുന്നതിൽ എന്താണ് തെറ്റ് എന്ന മറുചോദ്യമായിരുന്നു ഉത്തരം. സർക്കാരിനു സാമ്പത്തിക നഷ്ടമില്ലാത്ത എന്തു കാര്യവും സ്വീകരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗീത ഗോപിനാഥിന്റെ സാമ്പത്തികരീതികൾ മാധ്യമങ്ങളിൽ കേട്ടുള്ള അറിവേയുള്ളു. അതേക്കുറിച്ച് പഠിക്കാതെ പറയുവാൻ താത്പര്യമില്ലെന്നും പിള്ള പറഞ്ഞു.

കരാട്ടെ പഠിക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞപ്പോൾ അത് ആഹ്വാനമായി കണ്ടവരാണ് നാം. എന്നാൽ, ആയോധന പരിശീലനം സ്ത്രീകൾ നേടണമെന്നു കോടിയേരി പറഞ്ഞപ്പോൾ അത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതെങ്ങനെയെന്നും പിള്ള ചോദിച്ചു.


ഒരു ജോലിയും ചെയ്യാത്ത നിരവധി ജീവനക്കാരും കാര്യമായ പണിയില്ലാത്ത വകുപ്പുകളും സർക്കാർ സർവീസിലുണ്ട്. ഭരണ പരിഷ്കാര ചെയർമാൻ പദവിയിൽ വിഎസ് എത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

കെഎസ്ആർടിസിയെ നശിപ്പിച്ചത് യുഡിഎഫ് സർക്കാരാണ്. നഷ്ടത്തിലോടുന്ന പ്രസ്‌ഥാനത്തെ കൂടുതൽ ദുരിതത്തിലാക്കിയത് 18 വയസിൽ താഴെയുള്ളവർക്കു സൗജന്യയാത്ര അനുവദിച്ചതും മിനിമം നിരക്ക് കുറച്ചതുമാണ്. ഇനി കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടിലാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. അത് ലഭിച്ചാൽ പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് കരുതുന്നതായും മുൻ ഗതഗതമന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു. അഴിമതിമൂലം പൊറുതിമുട്ടിയപ്പോഴാണ് യുഡിഎഫിൽനിന്നും ഇറങ്ങിപ്പോന്നത്. തിരുത്താൻ ആവുന്നത്ര നോക്കി. അഴിമതിയെന്നു കേട്ടാൽ ചിരിക്കുന്ന മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി മാറി. എല്ലാ മേഖലകളിലും അഴിമതി പൂർണമായിരുന്നുവെന്നും എൽഡിഎഫിൽ അഴിമതിയുണ്ടാകില്ലെന്ന് തനിക്കുറപ്പുണ്ടെന്നും ഇപ്പോഴത്തെ ഭരണം തൃപ്തികരമാണെന്നും പിള്ള പറഞ്ഞു.

കേരള കോൺഗ്രസ് –ബി നേതൃയോഗം ഓഗസ്റ്റ് 25, 26 തീയതികളിൽ ചരൽക്കുന്നിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.പത്രസമ്മേളനത്തിൽ കേരളാ കോൺഗ്രസ് –ബി ജില്ലാ പ്രസിഡന്റ് മോൻസി തോമസ്, സെക്രട്ടറി കെ.പി.രവീന്ദ്രൻനായർ, മോഹൻദാസ് കെ.കെ. തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.