അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ അന്താരാഷ്ട്ര സെമിനാർ
Wednesday, July 27, 2016 1:39 PM IST
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ 29, 30 തീയതികളിൽ അന്താരാഷ്ട്ര സെമിനാർ നടത്തും. 29നു രാവിലെ 10നു ഡൽഹി മെട്രോ റെയിൽ കോർപറേഷൻ പ്രോജക്ട് ഡയറക്ടർ ഡാനി തോമസ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ റവ.ഡോ. ജോസ് കണ്ണമ്പുഴ അധ്യക്ഷതവഹിക്കും. ഇസ്രയേൽ ടെക്നോളജി യൂണിവേഴ്സിറ്റി പ്രഫസർ ഡോ. കോൺസ്റ്റന്റിൻ കോവ്ലർ മുഖ്യപ്രഭാഷണം നടത്തും. അമൽജ്യോതി മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, റിസേർച്ച് വിഭാഗം ഡീൻ ഡോ. ജയിംസ് ജേക്കബ്, ഇന്നവേഷൻസ് ഡയറക്ടർ ഡോ. ജേക്കബ് ഫിലിപ്പ്, സിവിൽ എൻജിനിയറിംഗ് മേധാവി പ്രഫസർ സിസ്റ്റർ ക്ളാരമ്മ റോസറി, കോ ഓർഡിനേറ്റർ ഡോ. മിനി മാത്യു എന്നിവർ പ്രസംഗിക്കും.

’ഇന്നവേഷൻ ഇൻ സ്ട്രക്ചറൽ എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന സെമിനാറിൽ നിർമാണമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണു പ്രതിപാദിക്കുക. എൻജിനിയർ, ശാസ്ത്രജ്‌ഞർ, വ്യവസായ വിദഗ്ധർ, അക്കാഡമിഷൻസ്, റിസേർച്ചേഴ്സ് തുടങ്ങിയവർ പങ്കെടുക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പ്രോജക്ട് ഡയറക്ടർ ഡാനി തോമസ്, ഇസ്രായേൽ ടെക്നോളജി യൂണിവേഴ്സിറ്റി സ്ട്രക്ചറൽ എൻജിനിയറിംഗ് പ്രഫസർ ഡോ. കോൺസ്റ്റന്റീൻ കോവ്ലർ, അംബുജ സിമന്റ് ക്വാളിറ്റി മാനേജ്മെന്റ് മേധാവി സൈറസ് മിനോഷർ ഡോർഡി, മദ്രാസ് ഐഐടി സിവിൽ എൻജിനിയറിംഗ് പ്രഫസർ ഡോ. ബെന്നി റാഫേൽ, ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റി പ്രഫസർ ഡോ. പി.ടി. രവി ചന്ദ്രൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.


ആനുവൽ ഇന്റർനാഷ്ണൽ കോൺഫറൻസ് ഓൺ എമേർജിംഗ് റിസേർച്ച് ഏരിയാസ് എന്ന ശീർശകത്തിൽ അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടത്തു ന്ന ആറാമത് സെമിനാറാണ്. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി 150ൽപ്പരം പേർ പങ്കെടുക്കും. 120 പ്രബന്ധങ്ങൾ ലഭിച്ചതിൽ മികവുറ്റ 55 എണ്ണം പ്രസിദ്ധീകരിക്കും. 15 ലക്ഷം രൂപ ചെലവഴിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ എം.വി. വർക്കി, ജെറിൻ മാത്യു, ഷാജി ജോസഫ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.