ആംബുലൻസ് അപകടം: ഓക്സിജൻ സിലിണ്ടർ ദുരന്തഭീകരത കൂട്ടി
ആംബുലൻസ് അപകടം: ഓക്സിജൻ സിലിണ്ടർ ദുരന്തഭീകരത കൂട്ടി
Wednesday, July 27, 2016 2:01 PM IST
മൂവാറ്റുപുഴ: എംസി റോഡിൽ മീങ്കുന്നം ആറൂരിൽ ആംബുലൻസിനു തീപിടിച്ച് അച്ഛനും മകളും വെന്തുമരിക്കാനിടയായ സംഭവത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ ഇന്നലെ സ്‌ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച വൈകുന്നേരം ഏഴോടെയാണ് ആംബുലൻസ് തീപിടിച്ചു പൊട്ടിത്തെറിച്ചത്. ഏറ്റുമാനൂർ കട്ടച്ചിറ വരകുകാലായിൽ വി.ജെ. ജയിംസ് (72), മകൾ അമ്പിളി (45) എന്നിവർ അപകടത്തിൽ ദാരുണമായി മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു.

ആംബുലൻസ് പൂർണമായി കത്തിയമർന്നതിനാൽ അപകടകാരണം കണ്ടെത്താൻ പ്രാഥമികാന്വേഷണത്തിൽ കഴിഞ്ഞിരുന്നില്ല. ഇന്നലെ നടത്തിയ വിശദമായ പരിശോധനയിൽ ഫോറൻസിക് വിദഗ്ധർക്കു പുറമെ മോട്ടോർ വാഹന വകുപ്പ്, ഫയർഫോഴ്സ് അധികൃതരും പങ്കെടുത്തു. ഫോറൻസിക് വിദഗ്ധ മേരി ഷെറിൻ, ആർടിഒ ശശികുമാർ, ജോയിന്റ് ആർടിഒ പി.എം. ജേഴ്സൺ എന്നിവർ നേതൃത്വം നൽകി.

കത്തിയമർന്ന ആംബുലൻസിന്റെ അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. വാഹനത്തിന്റെ മെക്കാനിക്കൽ തകരാറാണ് അപകടത്തിനു കാരണമെന്നാണു നിലവിലുള്ള നിഗമനം. ഷോർട്ട് സർക്യൂട്ട് കാരണമോ മറ്റോ ആയിരിക്കാം തീയുണ്ടായത്. ഐസിയു സംവിധാനമുള്ള ആംബുലൻസിലെ ഓക്സിജൻ സിലിണ്ടറിലേക്കു തീ വ്യാപിച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ വാഹനം അഗ്നിഗോളമായി. അതിനിടെ, സിലിണ്ടർ പെട്ടിത്തെറിച്ചതു ദുരന്തഭീകരത കൂട്ടി. നാനൂറു മീറ്റർ ദൂരെ വരെ വാഹനത്തിന്റെ അവശിഷ്‌ടങ്ങളും മരിച്ചവരുടെ ശരീരഭാഗങ്ങളും ചിതറിത്തെറിച്ചു.


അപകടസ്‌ഥലത്തുനിന്നു ശേഖരിച്ച ആംബുലൻസിന്റെ അവശിഷ്ടങ്ങൾ പരിശോധനയ്ക്കു ശേഷം മാത്രമേ യഥാർഥകാരണങ്ങൾ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നാണ് അധികൃതർ ഔദ്യോഗികമായി നൽകുന്ന വിവരം.

ആംബുലൻസ് അപകടത്തിൽ മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഇന്നലെ രാവിലെ 11–ഓടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. ആദ്യം അമ്പിളിയുടെയും പിന്നീട് പിതാവ് ജയിംസിന്റെയും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റുമോർട്ടം ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തുവാനായിരുന്നു പോലീസിന്റെ ആദ്യ തീരുമാനം. എന്നാൽ വീട്ടുകാരുടെ അഭ്യർഥനമാനിച്ച് എൽദോ ഏബ്രഹാം എംഎൽഎ, ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടാണു മൂവാറ്റുപുഴയിൽതന്നെ പോസ്റ്റ്മോർട്ടം നടത്താൻ നടപടിയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.