നിമിഷയ്ക്കു പിന്നാലെ അപർണയും; വിശദാന്വേഷണത്തിനു മനുഷ്യാവകാശ കമ്മീഷൻ നിർദേശം
നിമിഷയ്ക്കു പിന്നാലെ അപർണയും; വിശദാന്വേഷണത്തിനു മനുഷ്യാവകാശ കമ്മീഷൻ നിർദേശം
Wednesday, July 27, 2016 2:15 PM IST
തിരുവനന്തപുരം: വിവാഹത്തിന് 15 ദിവസം മുമ്പ് എയ്റോനോട്ടിക്കൽ എൻജിനിയറിംഗ് വിദ്യാർഥിനി ഒളിച്ചോടിപ്പോയി മതം മാറിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ജെ.ബി. കോശിയാണ് സംസ്‌ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 29 ന് കമ്മീഷൻ ആസ്‌ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

തിരുവനന്തപുരം സ്വദേശിനി നിമിഷയെ കടത്തിക്കൊണ്ടുപോയി മതംമാറ്റിയവർ തന്റെ മകളെയും തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന് ആരോപിച്ച് പാങ്ങോട് സ്വദേശിനി ആർമി ഉദ്യോഗസ്‌ഥയായ മിനി വിജയൻ സമർപ്പിച്ച പരാതിയിലാണു നടപടി. മിനിയുടെ ഭർത്താവ് വിജയകുമാർ നേരത്തെ മരിച്ചുപോയി. എറണാകുളം ജുവൽ എഡ്യൂക്കേഷണൽ ട്രസ്റ്റിൽ എയ്റോനോട്ടിക്കൽ എൻജിനിയറിംഗ് വിദ്യാർഥിനിയായിരുന്ന അപർണ വിജയൻ (21) ചില കൂട്ടുകാരികളുടെ നിർബന്ധത്തിനു വഴങ്ങി ഹാസ്മിൻ എന്ന സ്ത്രീ നടത്തുന്ന ഹോസ്റ്റലിലേയ്ക്കു താമസം മാറിയിരുന്നു. അപർണയുടെ വിവാഹം 2016 ഏപ്രിൽ 11 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. കോഴ്സ് കഴിഞ്ഞതിനെത്തുടർന്ന് മാർച്ച് 30 നു മകളെ വിളിക്കാൻ അമ്മ ഹോസ്റ്റലിൽ ചെന്നപ്പോൾ അപർണ എന്ന പേരിലൊരാൾ അവിടെ താമസിച്ചിട്ടില്ല എന്നറിഞ്ഞു. തുടർന്നു സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അയിഷ എന്ന കൂട്ടുകാരിയോടൊപ്പം അപർണ പോയെന്നാണു പോലീസിനു ലഭിച്ച വിവരം. അപർണയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ അപർണ കോഴിക്കോടുള്ള ഒരു മുസ്ലിംപള്ളിയിലുണ്ടെന്നു വിവരം ലഭിച്ചു. തെർബിയത്ത് ഇസ്ലാംസഭ മുക്‌താർ എന്ന പള്ളിയിലെ സിസിടിവി ദൃശ്യത്തിൽ അപർണയുടെ ചിത്രമുണ്ടെന്നു സ്‌ഥിരീകരിച്ചതായി പരാതിയിൽ പറയുന്നു. അപർണയെ തട്ടിക്കൊണ്ടുപോയത് ഒരു ഗൂഢസംഘമാണെന്നാണ് പോലീസ് അറിയിച്ചതെന്നും പരാതിയിൽ പറയുന്നു. തുടർന്നു രണ്ടുതവണ മിനി വിജയൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു. സുമയ്യ എന്ന സ്ത്രീയാണു രണ്ടു തവണയും അപർണയെ കോടതിയിൽ ഹാജരാക്കിയതെന്നു പരാതിയിൽ പറയുന്നു. കുട്ടിക്കു പ്രായപൂർത്തിയായതിനാൽ കോടതി അവളെ അവളുടെ ഇഷ്ടപ്രകാരം സുമയ്യയ്ക്കൊപ്പം വിട്ടയച്ചു.


അപർണ വിജയൻ ഇപ്പോൾ മഞ്ചേരിയിലുള്ള സത്യസരണി ചാരിറ്റബിൾ ട്രസ്റ്റിലുണ്ടെന്നാണു പരാതിയിൽ പറയുന്നത്. അപർണയെ കാണാതാകുന്നതിന് ഒരാഴ്ച മുമ്പ് ഇസ്ലാംമത വിശ്വാസിയായ ഒരാളുടെ അക്കൗണ്ടിൽ 75,000 രൂപ താൻ നിക്ഷേപിച്ചിരുന്നതായും മിനിയുടെ പരാതിയിൽ പറയുന്നു. മകൾക്കു ജോലിക്കു ചേരാൻ വേണ്ടിയാണ് മകൾ ചോദിച്ച തുക അക്കൗണ്ടിൽ ഇട്ടത്.

സത്യസരണി എന്ന മതപരിവർത്തന കേന്ദ്രത്തിൽ നിന്നു സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന ഏതെങ്കിലും ഹോസ്റ്റലിൽ മകളെ എത്തിക്കണമെന്നും പിന്നീടു മകളുടെ സ്റ്റേറ്റ്മെന്റ് എടുക്കണമെന്നുമാണു മിനി വിജയന്റെ ആവശ്യം. ഇല്ലെങ്കിൽ മകളെ തീവ്രവാദത്തിന് ഇരയാക്കി വിദേശത്തേക്ക് കടത്തുമെന്നും ഐഎസിൽ ചേർക്കുമെന്നും മിനി വിജയന്റെ പരാതിയിൽ പറയുന്നു. നിമിഷ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം മകൾ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.