പയ്യന്നൂരിൽ പ്രതികളുമായി കോടതിയിലെത്തിയ പോലീസ് വാഹനത്തിനു നേരേ ആക്രമണം
പയ്യന്നൂരിൽ പ്രതികളുമായി കോടതിയിലെത്തിയ  പോലീസ് വാഹനത്തിനു നേരേ ആക്രമണം
Tuesday, August 23, 2016 1:01 PM IST
പയ്യന്നൂർ: രാഷ്ട്രീയ അക്രമക്കേസിലും വധക്കേസിലും ഉൾപ്പെട്ട പ്രതികളെ കോടതിയിൽ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം സിപിഎം പ്രവർത്തകർ ആക്രമിച്ചു. പയ്യന്നൂർ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി പരിസരത്ത് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് റെനീഷ്, ലിജിത്ത് തുടങ്ങി പത്തോളം സിപിഎം പ്രവർത്തകർക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനും പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസെന്ന് പയ്യന്നൂർ എസ്ഐ പി.കെ. ദാസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയതിനുശേഷം ബിജെപി–സിപിഎം പ്രവർത്തകരെ ഒന്നിച്ച് ഒരേ വാഹനത്തിൽ ജയിലിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമം നടന്നത്. വാഹനത്തിനു മുന്നിൽ തടിച്ചുകൂടിയ ബിജെപി–സിപിഎം പ്രവർത്തകർ തമ്മിലും കോടതിയിൽ ഹാജരാക്കിയ പ്രതികൾ തമ്മിലും വെല്ലുവിളിയും വാക്കേറ്റവുമുണ്ടായിരുന്നു. ഇതിനിടയിലാണ് ഒരു സംഘം പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചുതകർത്തത്. ഒരു ഭാഗത്തെ ഗ്ലാസ് തകർന്നെങ്കിലും ഡ്രൈവർ വേഗത്തിൽ വാഹനം ഓടിച്ചുപോയതിനാലാണ് കൂടുതൽ അനിഷ്‌ടസംഭവങ്ങൾ ഒഴിവായത്.


തകർക്കപ്പെട്ട ജീപ്പിൽത്തന്നെ പിന്നീട് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. കോടതിക്കു മുന്നിലും ഇരുവിഭാഗവും ചേരിതിരിഞ്ഞ് പരസ്യമായി വെല്ലുവിളി നടത്തി. തകർത്ത വാഹനം കണ്ണൂർ എആർ ക്യാമ്പിലാണുള്ളത്.

സിപിഎം പ്രവർത്തകൻ ധനരാജ് വധക്കേസിലെ പ്രതികളും ബിജെപി പ്രവർത്തകരുമായ വൈശാഖ്, മനൂപ് എന്നിവരേയും ബിജെപി പ്രവർത്തകനായ സി.കെ. രാമചന്ദ്രൻ വധക്കേസിലെ പ്രതികളായ ടി.സി.വി. നന്ദകുമാർ, റിനീഷ്, പ്രശോഭ് എന്നിവരേയുമാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.

കൊലപാതകത്തിനുശേഷം നടന്ന അക്രമങ്ങളിലും ബിജെപി പ്രവർത്തകരായ വൈശാഖ്, മനൂപ് എന്നിവരെ പ്രതിചേർത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. ബിജെപി പ്രവർത്തകൻ രാമചന്ദ്രനെ വധിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സിപിഎം പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയത്. ഒരാഴ്ച മുമ്പ് ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ അവരെ കാണാനെത്തിയ കാങ്കോലിലെ ആർഎസ്എസ് പ്രവർത്തകനു മർദനമേറ്റിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.