ഉത്രാടം തിരുനാൾ ജലോത്സവം 13ന്
Tuesday, August 23, 2016 4:31 PM IST
നീരേറ്റുപുറം: കെ.സി. മാമ്മൻ മാപ്പിള എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലോത്സവം സെപ്റ്റംബർ 13നു നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ചുണ്ടൻ, വെപ്പ്, വടക്കനോടി, തെക്കനോടി, ചുരുളൻ തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 42 കളിവള്ളങ്ങൾ പങ്കെടുക്കും. വനിതകൾ മാത്രം മത്സരിക്കുന്ന പ്രത്യേക മത്സര വള്ളംകളിയും ഉണ്ടായിരിക്കും. മൂന്നു ട്രാക്കിലായിട്ടാണ് മത്സരങ്ങൾ.

നെഹ്റു ട്രോഫി കഴിഞ്ഞാൽ ഏറ്റവും പഴക്കമുള്ളതും കളിവള്ളങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായതുമായ വള്ളംകളിയാണ് നീരേറ്റുപുറം വള്ളംകളി. അറുപതാമത് വള്ളംകളിയാണ് ഈവർഷം നടക്കുന്നത്. വള്ളംകളിയുടെ വജ്രജൂബിലി ആഘോഷം കഴിഞ്ഞ 17ന് രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ നിർവഹിച്ചു. പോസ്റ്റൽ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പ്രത്യേക പോസ്റ്റൽ കവർ പ്രസിദ്ധീകരിക്കും. ഇതിന്റെ പ്രകാശനകർമം സെപ്റ്റംബർ അഞ്ചിന് റിച്ചാർഡ് ഹെ. എംപി നിർവഹിക്കും.


കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ 25 മുതൽ സെബ്റ്റംബർ മൂന്നുവരെ നീരേറ്റുപുറം എൻ.സി ജംഗ്ഷനിലുള്ള പമ്പാ ബോട്ട് റെസ് ക്ലബ് ഓഫീസിൽ നടക്കും. ജലോത്സവത്തിന്റെ പതാക ഉയർത്തൽ വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസിന്റെ അധ്യക്ഷതയിൽ നാലിന് തിരുവല്ല ആർഡിഒ ഷീലാ ദേവി നിർവഹിക്കും.

ഈവർഷം മുതൽ തിരുവിതാംകൂറിലെ മികച്ച സാമൂഹിക സാംസ്കാരിക പ്രവർത്തകന് ജലോത്സവ സമിതി പ്രത്യേക പുരസ്കാരം നൽകി ആദരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.