ആദിവാസി മേഖലയിലെ പ്രാഥമിക വിദ്യാഭ്യാസ ബോധനരീതി മാതൃഭാഷയിലാക്കുന്നു
Wednesday, August 24, 2016 12:36 PM IST
പാലക്കാട്: കേരളത്തിലെ ആദിവാസി മേഖലകളിലെ ഐസിഡിഎസ് കേന്ദ്രങ്ങൾ, എംജിഎൽസികൾ, പ്രാഥമിക വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസ ബോധനരീതി മാതൃഭാഷയിലാക്കണമെന്നു കേരള സംസ്‌ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്.

ആദിവാസി വിദ്യാഭ്യാസ അവകാശ സംഘടനയായ”തമ്പ്’(സെന്റർ ഫോർ ട്രൈബൽ എഡ്യുക്കേഷൻ, ഡെവലപ്മെന്റ് ആൻഡ് റിസർച്ച്) പ്രസിഡന്റ് രാജേന്ദ്രപ്രസാദ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

“തമ്പ്’ കമ്മീഷനു സമർപ്പിച്ച ആവശ്യങ്ങളിൽ പട്ടികവർഗ ക്ഷേമവകുപ്പ്, കിർത്താഡ്സ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതിവകുപ്പ് എന്നിവരിൽനിന്നും കമ്മീഷൻ നിർദേശങ്ങൾ ശേഖരിച്ചതിനുശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഐസിഡിഎസ്, പ്രാഥമിക വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്നിവയിലെ ബോധനരീതി കുഞ്ഞുങ്ങളുടെ മാതൃഭാഷയിലാക്കുക, അധ്യാപകർ, ജീവനക്കാർ എന്നിവർ കുട്ടികളുടെ സംസ്കാരവും ജീവിതരീതിയും അറിയുന്നവരായിരിക്കുക, മേഖലയിലെ ആംഗൻവാടികൾ, എംജിഎൽസികൾ എന്നിവിടങ്ങളിൽ തദ്ദേശീയരായ ആദിവാസി യുവതീയുവാക്കളെ നിയമിക്കുന്നതിനു നിയമനിർമാണം നടത്തുക, പോഷണശോഷണം മേഖലകളിൽ നിലനില്ക്കുന്ന സാഹചര്യത്തിൽ പ്രാഥമിക വിദ്യാലയങ്ങളിൽ അതാതു മേഖലകളിലെ പ്രാദേശിക തനതുഭക്ഷണം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക, വാമൊഴി കഥകൾ, പാട്ടുകൾ എന്നിവയിലൂടെയും പ്രാദേശികമായ സാമൂഹിക സാംസ്കാരിക ചിഹ്നങ്ങളും ഉപയോഗിച്ചുള്ള ബോധനരീതി കുട്ടികൾക്കായി വികസിപ്പിക്കുക, പ്രാദേശികമായ കൃഷിയിനങ്ങൾ കുട്ടികൾക്കു പരിചയപ്പെടുത്തുക തുടങ്ങി 12 ഇന നിർദേശങ്ങളാണ് തമ്പ്’ കമ്മീഷനു മുമ്പിൽ സമർപ്പിച്ചത്.


വൻതോതിലുള്ള നിക്ഷേപവും വൻ ഫീസും വാങ്ങി ആർഭാടത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ പ്രീ–സ്കൂൾ സംവിധാനങ്ങൾ നഗരങ്ങളിലെന്നപോലെ ഗ്രാമ മലയോര പ്രദേശങ്ങളിലും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നന്മയുടെ ആംഗൻവാടികൾ ആകർഷകമാക്കേണ്ടതുണ്ടെന്ന ഹർജിക്കാരന്റെ വാദഗതിയോടു കമ്മീഷൻ യോജിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.