ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്‌ഥാനത്തു നടപ്പാക്കും; പുതിയ റേഷൻ കാർഡ് ഡിസംബറിനകം
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്‌ഥാനത്തു നടപ്പാക്കും; പുതിയ റേഷൻ കാർഡ് ഡിസംബറിനകം
Thursday, August 25, 2016 12:16 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്‌ഥാനത്തു നടപ്പാക്കുമ്പോൾ മുൻഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി താലൂക്കുതല റാങ്കിംഗിനു പകരം സംസ്‌ഥാനതല റാങ്കിംഗ് സംവിധാനം ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഗ്രാമ–നഗര പ്രദേശങ്ങളെ വേർതിരിച്ചാകും പട്ടിക തയാറാക്കുന്നത്. പുതിയ റേഷൻ കാർഡ് ഡിസംബറിനകം വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിസഭയെ അറിയിച്ചു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം1,54,80,040 പേരാണു മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നത്. സംസ്‌ഥാനത്തു ഗ്രാമപ്രദേശങ്ങളിൽ 52.63 ശതമാനവും നഗരപ്രദേശങ്ങളിൽ 39.5 ശതമാനവും ജനങ്ങളാണ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടേണ്ടത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ഗ്രാമ– നഗരങ്ങൾ വേർതിരിച്ചാകും പട്ടിക തയാറാക്കുന്നത്. നേരത്തെ താലൂക്കു തല റാങ്കിംഗ് നടത്തി കരടു മുൻഗണന പട്ടിക പ്രസിദ്ധീകരണത്തിനു തയാറാക്കിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചു നിരവധി പരാതികളും ആക്ഷേപങ്ങളും ഉയർന്നതിന്റെ പശ്ചാത്തലത്തിലാണു സംസ്‌ഥാന തല റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.

താലൂക്കുതല റാങ്കിംഗ് പ്രകാരം സാമൂഹിക– സാമ്പത്തിക സാഹചര്യങ്ങളിൽ മുന്നോക്ക – പിന്നോക്ക വ്യത്യാസം പരിഗണിക്കാതെ എല്ലാ താലൂക്കിലും ഒരേ ശതമാനം ഗുണഭോക്‌താക്കളെ ഉൾപ്പെടുത്തുന്നതു മൂലം അർഹതപ്പെട്ട പല കുടുംബങ്ങളും ഒഴിവാക്കപ്പെടുകയും അനർഹർ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കി സംസ്‌ഥാനമൊട്ടാകെ അർഹതയുള്ള എല്ലാവർക്കും ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനു സംസ്‌ഥാനതല റാങ്കിംഗ് സഹായിക്കുമെന്നു മന്ത്രിസഭ വിലയിരുത്തി. നിലവിലുള്ള താലൂക്കുതല റാങ്ക് പട്ടിക തന്നെയാകും ഗ്രാമ– നഗരങ്ങൾ വേർതിരിച്ചു സംസ്‌ഥാന തലത്തിൽ നടപ്പാക്കുക. അങ്ങനെ വരുമ്പോൾ, ഇപ്പോഴത്തെ പട്ടികയിൽ ചില മാറ്റങ്ങൾ ഉണ്ടാകും. ഗ്രാമ പ്രദേശങ്ങളിലെ കൂടുതൽ അർഹരായവർ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുമെന്നു ഭക്ഷ്യ– സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.


2012 ഏപ്രിലിലെ ഉത്തരവു പ്രകാരം സർക്കാർ, അർധ സർക്കാർ സ്‌ഥാപനങ്ങളിലെ ജീവനക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജീവനക്കാർ, അധ്യാപകർ തുടങ്ങിയവർ ഉൾപ്പെടുന്ന റേഷൻ കാർഡുകൾ മുൻഗണനാ ക്രമത്തിൽ നിന്ന് ഒഴിവാകും. എന്നാൽ, ക്ലാസ് ഫോർ തസ്തികയിലും അതിനു താഴെയുമുള്ള പട്ടികവർഗ വിഭാഗക്കാരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തും.

ഭക്ഷ്യധാന്യ വിതരണം സുഗമ മായി നടത്തുന്നതിനായി ബ്ലോക്കു തലത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ട് സംഭരണശാലകളെങ്കിലും നിർമിക്കും. റേഷൻ മൊ ത്ത വ്യാപാര ശാലകളുടെ നടത്തിപ്പു ഘട്ടംഘട്ടമായി സപ്ലൈകോയെ ഏൽപ്പിക്കും. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിന് സർക്കാർ ഗോഡൗണുകൾ ലഭ്യമല്ലാത്തതിനാൽ, നിലവിൽ സംഭരണശാലകൾ കൈവശമുള്ള വിവിധ സർക്കാർ ഏജൻസികളുമായും റേഷൻ മൊത്തവ്യാപാരികളുമായും ചർച്ച നടത്തി, മാനദണ്ഡങ്ങൾ അനുസരിച്ച് ഗോഡൗണുകൾ ഏറ്റെടുത്ത് സർക്കാർതലത്തിൽ നടത്തും. ഒപ്പം സർക്കാർ ഉടമസ്‌ഥതയിലുള്ള ഗോഡൗണുകൾ ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇത്തരത്തിൽ ഗോഡൗണുകൾ ലഭ്യമാകുന്ന മുറയ്ക്ക് സ്വകാര്യ ഗോഡൗണുകളെ ഒഴിവാക്കും.

റേഷൻ സാധനങ്ങൾ വാതിൽപ്പടി വിതരണം മുഖേന റേഷൻ കടകളിൽ നേരിട്ട് എത്തിക്കുന്നതിന്റെ മേൽനോട്ടം സപ്ലൈകോയെ ഏൽപിക്കും. മൊത്തത്തിലുള്ള പൊതുവിതരണ പ്രക്രിയ ഇലക്ട്രോണിക്ക് ആയി നിരീക്ഷിക്കാനുതകുന്ന സോഫ്റ്റ്വെയർ എൻഐസി വികസിപ്പിച്ചുവരുകയാണ്.

കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണു രാജ്യത്തു ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തിൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.