തെരുവുനായ്ക്കളെ കൊല്ലണം: കെ. സുരേന്ദ്രൻ
Friday, August 26, 2016 10:56 PM IST
കോഴിക്കോട്: അക്രമകാരികളായ നായ്ക്കളെ കൊല്ലണമെന്നതാണു തന്റെ നിലപാടെന്നു ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.

നായ്ക്കളെ കൊല്ലാനുള്ള തീരുമാനം സംസ്‌ഥാന സർക്കാരിന് എടുക്കാവുന്നതേയുള്ളു. വിഷയത്തിലേക്കു മേനകാ ഗാന്ധിയെ വലിച്ചിഴക്കേണ്ട കാര്യമില്ല. അവർ പറയുന്നതു പോലെയാണോ സംസ്‌ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

സ്വാശ്രയ മാനേജ്മെൻ്റ് വിഷയവുമായി ബന്ധപ്പെട്ടു നീറ്റിന്റെ ഉദ്ദേശശുദ്ധിയെ തകിടംമറിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. മെറിറ്റിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ ഫീസ് വർധിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല. പ്രശ്നത്തിൽ കോടതിയെ മറയാക്കി മാനേജ്മെന്റിന് അനുകൂലമായ വിധിസമ്പാദിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.


ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ണൂരിൽ സിപിഎം നടത്തിയതു പൊറാട്ടുനാടകമാണ്. ചട്ടമ്പിസ്വാമിയുടെ നാട്ടിൽ പോലും യാതൊരു ആഘോഷവും നടന്നിട്ടില്ല. ചട്ടമ്പിസ്വാമിയുടെ പേരിലെ ചട്ടമ്പി എന്ന വാക്ക് തങ്ങൾക്കു ചേരുമെന്നു കണ്ടതിനാലാകാം സിപിഎം അദ്ദേഹത്തെ അനുസ്മരിക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.