കുടുംബ നവീകരണ സമഗ്ര പദ്ധതികളുമായി അസംബ്ലി
കുടുംബ നവീകരണ സമഗ്ര പദ്ധതികളുമായി അസംബ്ലി
Saturday, August 27, 2016 12:19 PM IST
<ആ>സ്വന്തം ലേഖകൻ

കൊടകര: സഭയുടെ അടിസ്‌ഥാനഘടകമായ കുടുംബങ്ങളുടെ നവീകരണത്തിനു വ്യക്‌തമായ ഊന്നൽ നൽകി സഭാപ്രവർത്തനം പുനഃക്രമീകരിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി. കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സഭാനേതൃത്വത്തിൽ നിന്നുണ്ടാകണമെന്ന് അസംബ്ലി നിർദേശിച്ചു.

മാറിയ കാലത്തിൽ കുടുംബകേന്ദ്രീകൃതമായ അജപാലന ശൈലിയാണു സഭയുടെ ശക്‌തി. കുടുംബത്തിന്റെ സാമ്പത്തിക, ധാർമിക, ആത്മീയ ഉത്തരവാദിത്വങ്ങൾ ശ്രേഷ്ഠതയോടെ നിർവഹിക്കാൻ മാതാപിതാക്കൾ പ്രാപ്തരാകേണ്ടതുണ്ട്. ഇതിനാവശ്യമായ പരിശീലനങ്ങളും പിന്തുണയും സഭയുടെ ഭാഗത്തുനിന്നു കൃത്യതയോടെ നല്കുന്നതാവണം സഭയുടെ അജപാലനശൈലി. വിവിധ രൂപതകളിൽ നടപ്പിലാക്കിവരുന്ന പഠനസഹായം, നാലും അതിലധികവും മക്കളുള്ള കുടുംബങ്ങളുടെ മാമ്മോദീസ തുടങ്ങിയ കൗദാശിക ആവശ്യങ്ങൾക്കു രൂപതാധ്യക്ഷന്റെ സാന്നിധ്യം തുടങ്ങിയവ സഭയിൽ ഏകീകൃത സ്വഭാവത്തോടെ വ്യാപകമാക്കണം.

കുടുംബ ജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കത്തക്ക തരത്തിൽ വിവാഹത്തിനു മുമ്പും പിമ്പും നിയതമായ പരിശീലന പരിപാടി സജീവമാക്കണം. യുവാക്കൾ വിവാഹം താമസിപ്പിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്.

കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള സന്ധ്യാപ്രാർഥന, സ്തുതിചൊല്ലൽ, ഭക്ഷണത്തിനും മുമ്പും ശേഷവുമുള്ള പ്രാർഥനകൾ തുടങ്ങിയ സഭയുടെ നല്ല പാരമ്പര്യങ്ങളിലെ ആത്മീയ ആചാരങ്ങൾ സജീവമാകണം.

പുതുതലമുറയ്ക്കു പ്രചോദനവും സമൂഹത്തിനു സാക്ഷ്യവുമാകുന്ന തരത്തിൽ ഒരുമിച്ചു ഭക്ഷണം തയാറാക്കൽ, ഒരുമിച്ചു കഴിക്കൽ തുടങ്ങിയ കൂട്ടായ്മാനുഭവങ്ങളും, വീട്ടിലെത്തുന്ന പാവപ്പെട്ടവർക്കും നിരാലംബർക്കും തങ്ങളാലാകുന്ന ഭക്ഷണവും സഹായവും നൽകുന്ന ജീവകാരുണ്യ മനോഭാവങ്ങളും കുടുംബങ്ങളിൽ വളർന്നുവരേണ്ടതുണ്ട്.

വിവിധ കാരണങ്ങളാൽ വിവാഹബന്ധങ്ങൾക്കു വിള്ളൽ വന്നിരിക്കുന്ന ദമ്പതികളോടു കരുണാർദ്രമായ സമീപനം സഭയുടെ ഭാഗത്തുനിന്നുണ്ടാവണം. അതേസമയം അവർക്കു വിവാഹത്തിന്റെ പ്രാധാന്യവും അവിഭാജ്യതയും മനസിലാക്കിക്കൊടുക്കണം. സ്ത്രീ–പുരുഷ സമത്വം കുടുംബങ്ങളിൽ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. സുസ്‌ഥിരമായ കുടുംബ രൂപീകരണം ലക്ഷ്യമാക്കി വിവാഹഒരുക്ക കോഴ്സുകൾ നവീകരിക്കണം.

കുടുംബങ്ങളെ കരുണയോടെ അനുധാവനം ചെയ്യാൻ സമയബന്ധിതമായി നിയതമായ പരിശീലനം സന്യസ്തർക്കും വൈദികർക്കും നൽകേണ്ടതുണ്ടെന്നും അസംബ്ലി നിരീക്ഷിച്ചു. അസംബ്ലിയുടെ നിർദേശങ്ങൾ സഭയുടെ സിനഡ് പരിഗണിക്കും.


അമിത ആഘോഷങ്ങളും ധാരാളിത്തവും ഒഴിവാക്കണം

<ആ>സിജോ പൈനാടത്ത്

കൊടകര: ആർഭാടമെന്നും എതിർസാക്ഷ്യമെന്നും പൊതുവേ വിലയിരുത്തപ്പെടുന്നതും, പാവങ്ങളുടെ പക്ഷം ചേരുന്നതിൽനിന്നു സഭയെ അകറ്റുന്നതുമായ കാര്യങ്ങളിൽ തിരുത്തലുകൾ അനിവാര്യമാണെന്നു സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി വിലയിരുത്തി. അതിരു കടന്ന ആഘോഷങ്ങളും ധാരാളിത്തവും പാവപ്പെട്ടവന്റെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനെക്കൂടി പരിഗണിച്ചാവണം സഭയിലെ ഓരോ ശുശ്രൂഷയും. സമൂഹത്തിൽ വേദനയനുഭവിക്കുന്ന നാനാജാതി മതസ്‌ഥരുടെ കഷ്‌ടതകൾ സഭയുടെ നൊമ്പരമാണ്. ഇത് ഏറ്റെടുക്കാനും പരിഹാരം കാണാനും സഭാ നേതൃത്വവും ഇടവകകളും സന്യാസസമൂഹങ്ങളും സ്‌ഥാപനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

പാവങ്ങളെ പരിഗണിക്കുന്നതിലും സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിലും സഭയുടെ മാതൃകാപരമായ ശുശ്രൂഷകൾ ശ്ലാഘനീയമാണ്. വ്യക്‌തിപരമായും പൊതുവായും ലാളിത്യത്തിന്റെ ചൈതന്യത്തിൽ സഭയുടെ വിവിധ മേഖലകളിൽ നടത്തുന്ന തിളക്കമാർന്ന സാമൂഹ്യ സേവനപ്രവർത്തനങ്ങൾ സഭയുടെ സാക്ഷ്യത്തിനു കരുത്തു പകരുന്നു. എന്നാൽ ആഴമായ പരിചിന്തനങ്ങൾ നടത്തി, സഭയ്ക്ക് ഇനിയും ഏറെ മുന്നോട്ടുപോകാനാവും.

അർഥപൂർണമായ ക്രിസ്തുസാക്ഷ്യത്തിലേക്കു സഭയൊന്നാകെ എത്തണം. മെത്രാന്മാർ, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നീ തലങ്ങളിലെല്ലാം ഈ മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ട്. രൂപതാധ്യക്ഷന്മാരുടെ അജപാലന സന്ദർശനങ്ങൾ, വൈദികരുടെ അജപാലനപ്രവർത്തനങ്ങൾ, സന്യസ്തരുടെ വ്യക്‌തി – സാമൂഹ്യ ജീവിതശൈലി, വിശ്വാസിസമൂഹത്തിന്റെ അനുദിന ജീവിതം, ആഘോഷങ്ങൾ തുടങ്ങി എല്ലാ മേഖലയിലും മാറ്റങ്ങൾ അനിവാര്യമാണ്. വിശ്വാസികളുമായുള്ള ഇടവക വികാരിമാരുടെ ആശയവിനിമയം കൂടുതൽ ഊഷ്മളമാകണം. സെമിത്തേരികളിൽ ചിലർക്കു സ്‌ഥിരം കല്ലറ നൽകുന്ന രീതിയിൽ പുനരാലോചന വേണം. സഭാ സ്‌ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ലാളിത്യവും പാവങ്ങളോടുള്ള കരുതലും വേണം. തിരുനാൾ ആഘോഷങ്ങൾക്കായി ചെലവഴിക്കുന്ന തുകയുടെ 25 ശതമാനമെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണം. വെടിക്കെട്ട് ഉൾപ്പെടെയുള്ള ധൂർത്തുകൾ നിർത്തി, ആത്മീയതയ്ക്കും വിശ്വാസപ്രഘോഷണത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത തടസമുണ്ടാകുന്നതും പൊതുജനത്തിനു ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നതും നിയന്ത്രിക്കണം.ദേവാലയ നിർമാണത്തിലെ ധൂർത്ത് ശരിയല്ല.


മെത്രാഭിഷേകം, പൗരോഹിത്യസ്വീകരണം, വിവാഹം, വിവിധ കൂദാശകൾ എന്നിവ ലളിതമാക്കുന്നതിനു കൃത്യമായ മാർഗനിർദേശങ്ങൾ ആവശ്യമാണ്. വിവാഹത്തിനും മൃതസംസ്കാര ശുശ്രൂഷകൾക്കും ഇവന്റ് മാനേജ്മെന്റ് സംവിധാനങ്ങളെ ഉപയോഗിക്കുന്നതു നിരുത്സാഹപ്പെടുത്തണം. ഓരോ കുടുംബവും സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാൻ തയാറാവണം. ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങളെ സഭ കൂടുതൽ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. തീർഥാടനകേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ലഭിക്കുന്ന പണത്തിന്റെ പകുതിയെങ്കിലും പാവങ്ങൾക്കായി മാറ്റിവയ്ക്കണമെന്നും അസംബ്ലി വിലയിരുത്തി.

അസംബ്ലിയിൽ ഉയർന്ന ഈ നിർദേശങ്ങൾ സംബന്ധിച്ച വിലയിരുത്തലുകൾ പുരോഗമിക്കുകയാണ്. അസംബ്ലിയുടെ സമാപന ദിനമായ ഇന്നു നിർദേശങ്ങൾ സംബന്ധിച്ച അന്തിമരൂപം സഭയുടെ സിനഡിനു സമർപ്പിക്കും. അടുത്തയാഴ്ച ചേരുന്ന സഭാ സിനഡ് ഇതു സംബന്ധിച്ചു വിശ്വാസിസമൂഹത്തിനു മാർഗരേഖ നൽകും.


<ആ>കൂട്ടായ്മ പ്രഘോഷിച്ച് അസംബ്ലിക്ക് ഇന്നു സമാപനം


കൊടകര: സീറോ മലബാർ സഭയുടെ അജപാലന, സേവന വഴികളിൽ പുത്തനുണർവു പകർന്നു നാലാമതു മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സഭയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും സംഗമിച്ച അസംബ്ലി, സഭയുടെ കൂട്ടായ്മ അടയാളപ്പെടുത്തുന്നതായി.

ഇന്നു രാവിലെ 9.15 നു പൊതുസമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സന്ദേശം നൽകും. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, മാതൃവേദി പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ എന്നിവർ പ്രസംഗിക്കും. 11നു കൃതജ്‌ഞതാ ദിവ്യബലിയിൽ മേജർ ആർച്ച്ബിഷപ്പിനൊപ്പം ബിഷപ്പുമാരായ മാർ ലോറൻസ് മുക്കുഴി, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ ബോസ്കോ പുത്തൂർ, മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരാകും. ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സന്ദേശം നൽകും.

ഇന്നലെ രാവിലെ 6.20ന് ഇംഗ്ലീഷിലുള്ള ദിവ്യബലിയിൽ ഷിക്കാഗോ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികനായി. ബിഷപ്പുമാരായ മാർ തോമസ് ഇലവനാൽ, മാർ ജോസ് കല്ലുവേലിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.

പ്രവാസികളുടെ ദൗത്യം എന്ന വിഷയത്തിൽ റവ.ഡോ.ഫ്രാൻസിസ് എലുവത്തിങ്കൽ പ്രബന്ധാവതരണം നടത്തി. മോൺ. ആന്റണി പെരുമായൻ, ഡോ.മോഹൻ തോമസ്, പ്രഫ.റോസിലി തോമസ് എന്നിവർ വിവിധ തലങ്ങളിൽനിന്നുള്ള നിർദേശങ്ങൾ അവതരിപ്പിച്ചു.

കൽദായ സഭാധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്ത ആശംസയേകാനെത്തി. പൊതുചർച്ചകളിൽ ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസ് പൊരുന്നേടം, സിസ്റ്റർ ആൻ ജോസഫ് എന്നിവർ മോഡറേറ്റർമാരായിരുന്നു. 178 പേർ നിർദേശങ്ങൾ അവതരിപ്പിച്ചു. വിശ്വാസികളുടെ ചോദ്യങ്ങൾക്കും നിർദേശങ്ങൾക്കും മേജർ ആർച്ച്ബിഷപ്പും മെത്രാന്മാരും വിശദീകരണങ്ങൾ നൽകി. സന്ധ്യക്കു നടന്ന ജപമാലപ്രദക്ഷിണം ഭക്‌തിനിർഭരമായി. രാത്രി ഒമ്പതിനു കല്യാൺ രൂപതയിലെ കീ ബാൻഡ് അവതരിപ്പിച്ച സാംസ്കാരികപരിപാടിയും ഉണ്ടായിരുന്നു.

ഇന്ത്യക്കു പുറമേ, ഇറ്റലി, ബ്രിട്ടൻ, ഓസ്ട്രേലിയ, അമേരിക്ക, കാനഡ, ഓസ്ട്രിയ, സിംഗപ്പൂർ, ന്യൂസിലൻഡ്, അയർലൻഡ്, സൗത്ത് ആഫ്രിക്ക, നൈജീരിയ, വിവിധ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നും അസംബ്ലിയിലേക്കു പ്രതിനിധികളെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.