പെൻഷൻ വീട്ടിലെത്തിക്കുന്ന പദ്ധതി: രാഷ്ട്രീയലക്ഷ്യം നൽകാൻ ഉദ്ദേശ്യമില്ലെന്നു സഹകരണമന്ത്രി
പെൻഷൻ വീട്ടിലെത്തിക്കുന്ന പദ്ധതി: രാഷ്ട്രീയലക്ഷ്യം നൽകാൻ ഉദ്ദേശ്യമില്ലെന്നു സഹകരണമന്ത്രി
Tuesday, August 30, 2016 1:11 PM IST
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷനുകൾ സഹകരണബാങ്കുകളിലൂടെ വീടുകളിൽ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് രാഷ്ട്രീയലക്ഷ്യം നൽകാൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്ന് സഹകരണ–ടൂറിസം മന്ത്രി എ.സി. മൊയ്തീൻ. പദ്ധതി രാഷ്ട്രീയവത്കരിക്കുന്നെന്ന വിമർശനങ്ങൾ വസ്തുത മനസിലാക്കാതെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പെൻഷനുകൾ നേരിട്ടെത്തിക്കുന്ന പദ്ധതി സഹകരണ വകുപ്പ് വിജയകരമായി നടപ്പാക്കിവരികയാണ്. സഹകരണ വകുപ്പിെൻറ നിയന്ത്രണത്തിലുള്ള 14 ജില്ലാ സഹകരണ ബാങ്കുകളും 1558 പ്രാഥമിക സഹകരണ സംഘങ്ങളും വഴിയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

നല്ല രീതിയിൽ പ്രവർത്തിക്കുന്നതും അഴിമതി മുക്തവുമായ സംഘങ്ങളെയാണ് പ്രാഥമികതലത്തിൽ വിതരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ എല്ലാ രാഷ്ട്രീയകക്ഷികളിൽപ്പെട്ട ഭരണസമിതികളുള്ള സംഘങ്ങളുമുണ്ട്.


മുമ്പ് നടപ്പാക്കിക്കൊണ്ടിരുന്ന വിതരണരീതിയിൽ ചില പാകപ്പിഴകളും കാലതാമസവുമുള്ളതായി പെൻഷൻകാരിൽനിന്ന് പരാതിയുയർന്നിരുന്നു. സാമൂഹ്യസുരക്ഷാ പെൻഷനുകൾ നേരിട്ടെത്തിച്ചുനൽകുന്നതിന് താത്പര്യം അറിയിച്ചവർക്കുമാത്രമാണ് ഇപ്രകാരം തുക എത്തിക്കുന്നത്. മറ്റുള്ളവർക്ക് ആവശ്യപ്പെട്ടപ്രകാരം ബാങ്ക് അക്കൗണ്ട് വഴിയാണ് വിതരണം.

ദുർബല വിഭാഗങ്ങൾക്ക് ഓണത്തിനു മുമ്പ് പെൻഷൻ തുക വിതരണത്തിനും കുടിശിക വിതരണത്തിനുമുള്ള സർക്കാരിന്റെ അടിയന്തര നടപടികൾക്ക് എല്ലാവരുടേയും പിന്തുണയും സഹകരണവും വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.