പട്ടയത്തിനായി ഹൈറേഞ്ച് സംരക്ഷണ സമിതി സമരം തുടരുന്നു
പട്ടയത്തിനായി ഹൈറേഞ്ച് സംരക്ഷണ സമിതി സമരം തുടരുന്നു
Tuesday, August 30, 2016 1:21 PM IST
<ആ>സ്വന്തം ലേഖകൻ

ചെറുതോണി: ഇടുക്കിയിലെ കർഷകരുടെ അവകാശമായ പട്ടയത്തിനായുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സമരം തുടരുന്നു. പട്ടയം കർഷകന്റെ അവകാശമാണ് ഔദാര്യമല്ല. പട്ടയവിഷയത്തിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഓർമപ്പെടുത്തുന്നതിനാണ് സമരം നടത്തുന്നതെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കൾ പറഞ്ഞു.

ചെറുതോണി ബസ് സ്റ്റാൻഡ് മൈതാനിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ഉപവാസ സമരം ഇൻഫാം ദേശീയ വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ ഹാജി ഉദ്ഘാടനംചെയ്തു. രക്ഷാധികാരി സി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ആമുഖപ്രഭാഷണവും ജോയ്സ് ജോർജ് എംപി മുഖ്യപ്രഭാഷണവും നടത്തി.

കൃഷിഭൂമി കർഷകന്റേതാണെന്നും തീറാധാരം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അവകാശങ്ങൾ തടഞ്ഞുവയ്ക്കുന്നത് ആരായാലും അവർ കർഷകന്റെ ശത്രുക്കളായിരിക്കുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.

സമിതി നേതാക്കളായ ആർ. മണിക്കുട്ടൻ, കെ.കെ. ദേവസ്യ, ഇടുക്കി രൂപത വികാരി ജനറൽ മോൺ. ജയിംസ് മംഗലശേരിൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, കെസിവൈഎം സംസ്‌ഥാന പ്രസിഡന്റ് സിജോ ഇലന്തൂർ, ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, സണ്ണി വെട്ടൂണി, മാത്യു കുഞ്ചിറക്കാട്ട്, ഷാജി പള്ളിവാതുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.


ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച ഉപവാസസമരം വൈകുന്നേരം അഞ്ചിന് സമാപിച്ചു. നൂറുകണക്കിനാളുകൾ സമരത്തിൽ അണിചേർന്നു.

<ആ>സർക്കാരിനു മുന്നറിയിപ്പുമായി സംരക്ഷണ സമിതി

ചെറുതോണി: പട്ടയവിഷയത്തിൽ എൽഡിഎഫ് സർക്കാരിനു മുന്നറിയിപ്പുമായി ഹൈറേഞ്ച് സംരക്ഷണ സമിതി രംഗത്ത്. മാറിമാറി വന്ന സർക്കാരുകൾ ഹൈറേഞ്ചിലെ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ മാത്രമാണ് നൽകിപ്പോരുന്നത്. പുതിയ സർക്കാർ വന്നിട്ട് മാസങ്ങളായെങ്കിലും കർഷകരുടെ ആവശ്യങ്ങൾക്ക് ആശാവഹമായ സമീപനമൊന്നുമുണ്ടായിട്ടില്ല.

ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ശമ്പളം പറ്റുന്ന ഉദ്യോഗസ്‌ഥർ ജനങ്ങളുടെമേൽ കുതിരകയറുന്നത് നീതിക്കു നിരക്കുന്നതല്ല. തെരുവുനായ്ക്കൾ മനുഷ്യനെ കടിച്ചുകീറുമ്പോൾ ഭരണകൂടം കാഴ്ചക്കാരായി നോക്കിനിൽക്കുന്നത് വിരോധാഭാസമാണെന്നും സമിതി നേതാക്കൾ കുറ്റപ്പെടുത്തി.

പത്തു വർഷമായി ഹൈറേഞ്ച് സംരക്ഷണ സമിതി സമരരംഗത്താണ്. അവസാനത്തെ കർഷകനും പട്ടയം ലഭിക്കുന്നതുവരെ സമിതി സമരം തുടരുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.