ചെന്നൈ സൂപ്പർ സിഗ്നൽ തെറ്റിച്ച് കൊല്ലം മുതൽ ഓച്ചിറ വരെ ഓടി
Tuesday, August 30, 2016 1:30 PM IST
കൊല്ലം: സിഗ്നൽ തെറ്റിച്ച് ചെന്നൈ സൂപ്പർ ഫാസ്റ്റ് കൊല്ലം മുതൽ ഓച്ചിറ വരെ ഓടി. തുടർന്ന് ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടു. ഇന്നലെ വൈകുന്നേരം 6.20ഓടെയാണു സംഭവം. ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്താൻ ഡെയ്ഞ്ചർ സിഗ്നൽ തെളിഞ്ഞിരുന്നെങ്കിലും നിർത്താതെ കുറേ ദൂരം കടന്നുപോകുകയായിരുന്നു.

തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ചെന്നൈ സൂപ്പർ ഫാസ്റ്റ് 6.10നാണ് കൊല്ലം സ്റ്റേഷൻ കടന്നുപോയത്. ഇവിടം മുതൽ ഓച്ചിറ വരെ സിഗ്നൽ തെറ്റിച്ചതായി പറയുന്നു. ട്രെയിൻ സിഗ്നൽ തെറ്റിച്ച് പോകാനുണ്ടായ സാഹചര്യവും മറ്റും അന്വേഷിക്കുമെന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്‌ഥർ പറഞ്ഞു.


ഓച്ചിറ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ഉടൻ റെയിൽവേ പോലീസും ആർപിഎഫും എത്തി ലോക്കോ പൈലറ്റിനെയും അസി. ലോക്കൽ പൈലറ്റിനെയും മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി.

അതേസമയം ട്രെയിനിന്റെ സാങ്കേതിക തകരാറാണോ സിഗ്നൽ ലഭിക്കാതിരുന്നിട്ടും നിർത്താതെ പോയതെന്ന് റെയിൽവേ അന്വേഷിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ഇതുസംബന്ധിച്ചുള്ള സാങ്കേതിക പരിശോധന രാത്രി തന്നെ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കായംകുളത്തും ഓച്ചിറയിലും പല ട്രെയിനുകളും നിർത്തിയിട്ടു. തുടർന്ന് ഈ സ്റ്റേഷനുകളിൽ യാത്രക്കാർ പ്രതിഷേധമുയർത്തി. രാത്രി വൈകിയാണു മിക്ക ട്രെയിനുകളും ഓടിത്തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.