കറുകുറ്റി അപകടം: റെയിൽവേ ജീവനക്കാരുടെ മൊഴിയെടുത്തു
കറുകുറ്റി അപകടം: റെയിൽവേ ജീവനക്കാരുടെ മൊഴിയെടുത്തു
Tuesday, August 30, 2016 1:30 PM IST
കൊച്ചി: തിരുവനന്തപുരം–മംഗലാപുരം എക്സ്പ്രസ് ട്രെയിൻ കറുകുറ്റിയിൽ പാളംതെറ്റിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധസമിതി ഇന്നലെ റെയിൽവേ ഉദ്യോഗസ്‌ഥരിൽനിന്നു മൊഴിയെടുത്തു. കറുകുറ്റി അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ദക്ഷിണ റെയിൽവെ ചീഫ് സെക്യൂരിറ്റി ഓഫീസർ(സിഎസ്ഒ) ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഏരിയ മാനേജരുടെ ഓഫീസ് കോംപ്ലക്സിൽ വച്ച് മൊഴിയെടുത്തത്.

അപകടത്തിൽപ്പെട്ട തിരുവനന്തപുരം–മംഗലാപുരം എക്സ്പ്രസിലെ രണ്ടു ലോക്കോ പൈലറ്റുമാർ, ഗാർഡുകൾ, കറുകുറ്റി സ്റ്റേഷൻ മാസ്റ്റർ, സുരക്ഷാ ഉദ്യോഗസ്‌ഥർ, സംഭവത്തെത്തുടർന്ന് സസ്പെൻഷനിലായ സെക്ഷൻ എൻജിനിയർ രാജു ഫ്രാൻസിസ് തുടങ്ങി 35 ഓളം പേരുടെ വിശദമായ മൊഴി രേഖപ്പെടുത്തി. സംഭവസമയത്ത് ട്രെയിനിലുണ്ടായിരുന്ന നാലു റെയിൽവേ പോലീസ് ഉദ്യോഗസ്‌ഥരും ഇന്നലെ മൊഴി നൽകാൻ എത്തിയിരുന്നു.


ഈ ഉദ്യോഗസ്‌ഥരാണു സംഭവമുണ്ടായ ഉടനെ ഉന്നത ഉദ്യോഗസ്‌ഥരെ വിവരമറിയിക്കുകയും യാത്രക്കാർക്കു വേണ്ട സഹായം ചെയ്തുകൊടുത്തു. പൊതുജനങ്ങൾക്കും തെളിവെടുപ്പിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കൈമാറും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണു നിർദേശം.

ഇന്നലെ രാവിലെ 10ന് ആരംഭിച്ച തെളിവെടുപ്പ് വൈകുന്നേരം ഏറെ വൈകിയും തുടർന്നു. തെളിവെടുപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് അറിയുന്നത്. ട്രെയിനിന്റെ വേഗത, സിഗ്നലിംഗ്, ട്രാക്കിന്റെയും കോച്ചിന്റെയും അവസ്‌ഥ എന്നിവ അന്വേഷണപരിധിയിൽ വരും.

ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എന്നിവരെ അപകടദിവസം തന്നെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി മദ്യപിച്ചിരുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.