ഇടതുമുന്നണി സർക്കാരിന് ഇന്നു നൂറാം ദിനം: വികസനവും ആശ്വാസവും
Wednesday, August 31, 2016 11:29 AM IST
<ആ>പിണറായി വിജയൻ കേരള മുഖ്യമന്ത്രി

മലയാളികൾ സമൃദ്ധിയുടെ ആഘോഷത്തിന് തയാറെടുത്തുകൊണ്ടിരിക്കുന്ന ഈ സന്തോഷകരമായ സന്ദർഭത്തിൽ തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൂറാം ദിവസത്തിലേക്കു കടക്കുന്നത് എന്നത് ഒരു യാദൃച്ഛികതയാകാം. എങ്കിലും അതിൽ അർഥപൂർണമായ ഒരു ഔചിത്യമുണ്ട് എന്നു തോന്നുകയാണ്.

ജനങ്ങൾ വിശ്വാസപൂർവം ഞങ്ങളിലേൽപ്പിച്ചതാണ് ഭരണമെന്ന ഈ ഉത്തരവാദിത്വം. അതിനെ അതാവശ്യപ്പെടുന്ന മുഴുവൻ ഭദ്രതയോടെയുമാണ് ഞങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് അറിയിക്കട്ടെ. 100 ദിവസമെന്നതു തീരെ ചെറിയ ഒരു കാലയളവാണ.് ഈ ചുരുങ്ങിയ സമയം കൊണ്ട് എന്തൊക്കെ ചെയ്തു എന്നും തുടർന്നെന്താണ് ചെയ്യാൻ പോകുന്നതെന്നും പൗരജനങ്ങളെ അറിയിക്കുക എന്നതു കടമയായാണ് ഞങ്ങൾ കാണുന്നത്.

നാടിന്റെ ദീർഘകാലാടിസ്‌ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുമ്പോട്ട് കൊണ്ടുപോവുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശ്യം. പരിമിതമാണ് നമ്മുടെ ധനശേഷിയെങ്കിലും ആ പരിമിതി ഇതിനു രണ്ടിനും തടസമായിക്കൂടാ എന്ന കാര്യത്തിൽ നിർബന്ധമുണ്ട്. ധനശേഷി ആർജിച്ചതിനു ശേഷം വികസനം എന്നു കരുതിയിരുന്നാൽ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് ഒരുവശത്ത് അടിസ്‌ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) കൂടുതൽ അധികാരത്തോടെ രൂപീകരിച്ചതും മറുവശത്ത് കടാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചതും. അഞ്ചു വർഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ വരെ വിഭവസമാഹരണം സാധ്യമാക്കാനുള്ള ഓർഡിനൻസ് ഇറക്കിയതും ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതും എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. മുൻ പറഞ്ഞ ആ ദ്വിമുഖ ഉത്തരവാദിത്വമാണ് ഇതിലൊക്കെ പ്രതിഫലിച്ചു നിൽക്കുന്നതെന്ന് അറിയിക്കാൻ സന്തോഷമുണ്ട്.

പരിസ്‌ഥിതി സൗഹൃദത്തിലൂന്നിയ വികസനമാണ് സർക്കാരിന്റെ നയം. നിർമല ജലാശയങ്ങളും പച്ചപ്പുനിറഞ്ഞ പ്രകൃതിയും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു കാൽപ്പനിക ഭാവനയായാൽ പോര, ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ നമ്മുടെ നാട് ഏറ്റവും വൃത്തിയുള്ളതുകൂടി ആകേണ്ടതുണ്ട്. മലിനമായ ജലസ്രോതസുകളുടെ അടക്കം സമഗ്രമായ ശുചീകരണത്തിനും പരിസ്‌ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ്. അഞ്ച് വർഷം കൊണ്ട് കേരളത്തെ മാലിന്യവിമുക്‌തമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

വരുന്ന കേരളപ്പിറവി ദിനത്തിൽ 100 ശതമാനം വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ ഉടനടിയുള്ള ലക്ഷ്യം. തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യ വിസർജന വിമുക്‌ത സംസ്‌ഥാനമായി മാറാൻ പോവുകയാണ് കേരളം. നവംബർ ഒന്നിനു പ്രധാനമന്ത്രി ഇത് സാധ്യമായതായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആധുനിക സമൂഹത്തിനു അത്യന്താപേക്ഷിതമാണ് വേഗതയും സൗകര്യവുമുള്ള ഗതാഗതസംവിധാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമാകുവാൻ പോകുന്ന കണ്ണൂർ വിമാനത്താവളം 2017 ഏപ്രിലിൽ പ്രവർത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ പുരോഗമിക്കുന്ന വിവരം എല്ലാവർക്കും അറിയാമല്ലോ? 45 മീറ്റർ വീതിയിൽ അന്തർദേശീയ നിലവാരത്തിൽ ദേശീയപാത വികസനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത സംസ്‌ഥാനമായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്‌ജസ്വലമായി മുന്നേറുന്നു. ഭരണത്തിന്റെ കാര്യക്ഷമതയുടെ മുഖങ്ങളാണിതെല്ലാം. ആധുനികശാസ്ത്രം തുറന്നിട്ടു തന്ന സാധ്യതകളെ ആർജവത്തോടെ ഏറ്റെടുത്ത് മുന്നോട്ട് പോകാൻ പുതു തലമുറക്ക് ആത്മവിശ്വാസമേകാനുള്ള ചുമതല സർക്കാരിനുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലുള്ളതാണ്, യുവജനങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ആയിരത്തഞ്ഞൂറോളം സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന പദ്ധതി. വൻകിട ഐടി കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സ്റ്റാർട്ടപ്പുകൾക്കായി 150 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.


സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തെ പിടിച്ചുനിർത്തേണ്ടതുണ്ട്. പൊതുവിതരണശൃംഖലയെ ശക്‌തിപ്പെടുത്തുവാൻ 75 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിലവർധനവ് പിടിച്ചു നിർത്താൻ 150 കോടി രൂപയാണ് ഇക്കൊല്ലം ചെലവാക്കുന്നത്. മാവേലി സ്റ്റോറുകളിൽ അടുത്ത അഞ്ച് വർഷത്തേക്ക് വില കൂട്ടില്ലായെന്ന് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനമെടുത്തിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികൾ നേരത്തേ പ്രഖ്യാപിച്ച പോലെ ചിങ്ങം ഒന്നിന് തന്നെ തുറന്ന്, 18000ത്തോളം കശുവണ്ടി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ സാധിച്ചതിൽ ഞങ്ങൾ ഏറെ കൃതാർഥരാണ്.

ആലംബഹീനരും അവശതയനുഭവിക്കുന്നവരുമായ ആളുകൾക്കുള്ള സമൂഹത്തിന്റെ കരുതലാണ് സാമൂഹിക ക്ഷേമപെൻഷനുകൾ. എല്ലാ ക്ഷേമപെൻഷനുകളും 1000 രൂപയാക്കി വർധിപ്പിച്ച് കുടിശികയടക്കം വീടുകളിലെത്തിച്ചു തുടങ്ങി. അഞ്ചിനം ക്ഷേമപെൻഷൻ പദ്ധതികളിലായി 37 ലക്ഷം പെൻഷൻകാർക്കു 2016 ജൂൺ മുതൽ വർധിപ്പിച്ച നിരക്കിൽ 3100 കോടി രൂപയാണ് ഓണത്തിന് മുമ്പായി വീടുകളിലെത്തിക്കുന്നത്. പെൻഷൻ വീട്ടിൽ കിട്ടുക എന്ന വൃദ്ധജനങ്ങളുടെ സ്വപ്നം സഫലമാക്കാൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാധിച്ചു എന്നത് മനസിന് ആശ്വാസം പകരുന്ന കാര്യമാണ്.

പൗരാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനു സർക്കാർ ഒന്നാമത്തെ പരിഗണനയാണ് നൽകുന്നത്. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സർക്കാർ സ്വീകരിക്കും. വർഗീയതയും സാമുദായിക സ്പർദ്ധയും വളർത്തുന്ന ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ല. വർഗീയതയ്ക്ക് ഒരിഞ്ചു പോലും വഴങ്ങാത്തതും എല്ലാ വിഭാഗം വിശ്വാസങ്ങളെയും ഒരുപോലെ കാണുന്നതുമായ മതനിരപേക്ഷ പാതയിലൂടെ തന്നെയാവും ഈ സർക്കാരിന്റെ യാത്ര.

സ്ത്രീസുരക്ഷ സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളെ അതീവഗൗരവത്തോടെ കാണുകയും കുറ്റവാളികളെ കാലതാമസമില്ലാതെ നിയമത്തിനു മുന്നിൽ എത്തിക്കുകയും ചെയ്യാൻ സാധിച്ചിട്ടുള്ള സർക്കാരാണിത് എന്നത് അറിയാമല്ലോ.

സമൂഹത്തിലെ കാൻസറായ അഴിമതിയുടെ ആഴം കഴിഞ്ഞ കാലയളവിൽ മനസിലാക്കിയവരാണ് നമ്മൾ. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ സർക്കാർ അധികാരത്തിൽ വന്നത്. അതിൽ കടുകിട വിട്ടുവീഴ്ച സർക്കാർ ചെയ്യില്ലെന്ന് ഉറപ്പുതരുന്നു. പോലീസിനും വിജിലൻസിനും ഭരണഘടനാനുസൃതമായ സർവസ്വാതന്ത്ര്യങ്ങളും പുനഃസ്‌ഥാപിച്ചുകൊടുത്തിട്ടുള്ളത് മനസിലാക്കുമല്ലോ. അവർ സ്വതന്ത്രമായും സത്യസന്ധമായും ജോലി ചെയ്യുന്നുവെന്നതും എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്.

വ്യവസായമേഖലയുടെ നവീകരണത്തിനൊപ്പം, കർഷകരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന കാർഷികസംസ്കാരം രൂപപ്പെടുത്തേണ്ടതുമുണ്ട്. കയ്യേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നതിനും കയ്യേറ്റം തടയുന്നതിനും വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും. കാർഷികപ്രതിസന്ധി നേരിടുന്ന വയനാട്ടിലെ കർഷകർക്ക് ആശ്വാസമേകിക്കൊണ്ട് അവരുടെ കടബാധ്യതകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചു. കർഷകരെ സഹായിക്കുവാനായി 385 കോടി രൂപ ചെലവിൽ നെല്ല് സംഭരിക്കും. നെല്ല് സംഭരണക്കുടിശിക 170 കോടി രൂപ സർക്കാർ കൊടുത്തു തീർത്തു. തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന റബർ കർഷകർ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുവാൻവേണ്ടി 500 കോടി രൂപ വിനിയോഗിക്കും. എല്ലാവിധ കാർഷികോൽപന്നങ്ങൾക്കും ന്യായവില ഉറപ്പാക്കുക, ന്യായവില ഇല്ലാത്തിടത്ത് ഇടപെടുക എന്നിവ സർക്കാർ നയത്തിന്റെ ഭാഗമാണ്.

ജാതിമത വേർതിരിവുകൾക്കതീതമായി നമുക്കൊരുമിച്ചു നിന്ന് കേരളത്തെ ഐശ്വര്യപൂർണമായ ഭാവിയിലേക്ക് നയിക്കാം. നമ്മുടെ പുതുതലമുറയെ സ്വയംപര്യാപ്തതയുടെ സൗഭാഗ്യങ്ങളിലേക്ക് നയിക്കാം. അങ്ങനെ ഒരു നവകേരളത്തിന്റെ സൃഷ്‌ടിക്കായി നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം. ഒരിക്കൽ കൂടി സമൃദ്ധിയുടെയും നിറവിന്റെയും ഓണം–ബക്രീദ് ആശംസകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.