ബിഷപ് മാർ ആന്റണി കരിയിൽ സിനഡ് സെക്രട്ടറി
ബിഷപ് മാർ ആന്റണി കരിയിൽ സിനഡ് സെക്രട്ടറി
Wednesday, August 31, 2016 11:57 AM IST
കൊച്ചി:സീറോ മല ബാർ സഭ സിനഡിന്റെ സെക്രട്ടറിയായി മാണ്ഡ്യ രൂപത ബിഷപ് മാർ ആന്റണി കരിയിലിനെ തെരഞ്ഞെടുത്തു.

കഴിഞ്ഞ അഞ്ചു വർഷമായി സിനഡ് സെക്രട്ടറിയായി സേവനം ചെയ്ത മെൽബൺ രൂപത ബിഷപ് മാർ ബോസ്കോ പുത്തൂർ തത്സ്‌ഥാനത്തുനിന്നു മാറുന്നതിനെത്തുടർന്നാണു സിനഡ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ബിഷപ് മാർ കരിയിൽ അടുത്ത വർഷം ജനുവരിയിൽ സെക്രട്ടറിസ്‌ഥാനം ഏറ്റെടുക്കും.

1977 ഡിസംബർ 27നു സിഎംഐ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച മാർ കരിയിൽ, ഫിലോസഫിയിൽ ലൈസൻഷ്യേറ്റ്, എംഎ സോഷ്യോളജിയിൽ ഒന്നാം റാങ്ക്, ബാച്ച്ലർ ഓഫ് തിയോളജി, കന്നഡ ഭാഷയിൽ ഡിപ്ലോമ, സോഷ്യോളജിയിൽ ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്.

തേവര എസ്എച്ച് കോളജ് അധ്യാപകൻ, ബംഗളൂരുവിലെ കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലയിൻ, ബംഗളൂരു ക്രൈസ്റ്റ് കോളജ് പ്രഫസർ, പ്രിൻസിപ്പൽ, ബംഗളൂരു യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ, കൊച്ചി സർവകലാശാല സെനറ്റ് അംഗം, കാലിക്കറ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം, സംസ്‌ഥാന സാക്ഷരതാ സമിതി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, കേന്ദ്രസർക്കാരിന്റെ അഡോപ്ഷൻ റിസോഴ്സ് ഏജൻസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, കേരള സർക്കാരിന്റെ അഡോപ്ഷൻ കോ ഓർഡിനേറ്റിംഗ് ഏജൻസി ചെയർമാൻ, സിഎംഐ സഭയുടെ പ്രിയോർ ജനറാൾ, കൊച്ചി പ്രൊവിൻഷ്യൽ സുപ്പീരിയർ, സിആർഐ ദേശീയ പ്രസിഡന്റ്, രാജഗിരി ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2015 ഓഗസ്റ്റിലാണു മാണ്ഡ്യ രൂപത മെത്രാനായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.