ബൈ ബൈ വിരാട്...പോരാളിക്കു യാത്രചൊല്ലാനൊരുങ്ങി കൊച്ചി
ബൈ ബൈ വിരാട്...പോരാളിക്കു യാത്രചൊല്ലാനൊരുങ്ങി കൊച്ചി
Saturday, September 24, 2016 11:54 AM IST
കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പോർനാൾവഴികളിൽ ഐതിഹാസിക ഗാഥകൾ രചിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിരാട് കൊച്ചി വിടാനൊരുങ്ങുന്നു. അടുത്ത ആഴ്ചയോടെ കപ്പൽ കൊച്ചി തീരം വിടുമെന്നു കമാൻഡിംഗ് ഓഫീസർ പുനീത് ചദ്ധ പറഞ്ഞു. മുംബൈയിലേക്കു കപ്പൽ എത്തിക്കാൻ എട്ടു മുതൽ പത്തു വരെ ദിവസങ്ങളെടുക്കും. കാലാവസ്‌ഥയും പാതയും കണക്കാക്കി മാത്രമേ പുറപ്പെടുന്ന തീയതി നിശ്ചയിക്കുവെന്നു അദ്ദേഹം വ്യക്‌തമാക്കി.

കാലപ്പഴക്കം മൂലം ഡീകമ്മീഷൻ ചെയ്യാനൊരുങ്ങുകയാണു ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലമായി ഉപയോഗത്തിലിരിക്കുന്ന പടക്കപ്പലായ വിരാട്. ഡീകമ്മീഷൻ ചെയ്യുന്നതിനു മുന്നോടിയായി അവസാന സന്ദർശനത്തിനായി ഐഎൻഎസ് വിരാട് കൊച്ചിയിലെത്തിയതു കഴിഞ്ഞ ജൂലൈ 28നാണ്. വിരാടിനോടു നാവിക സേന ഉദ്യോഗസ്‌ഥർക്കു വൈകാരിക ബന്ധമാണുള്ളത്. ഡീകമ്മീഷൻ ചെയ്തതിനു ശേഷം വിരാടിനെ എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക പ്രതിരോധ മന്ത്രാലയമായിരിക്കും.

സ്വന്തം പ്രൊപ്പല്ലറുകളുപയോഗിച്ചു വിരാട് നടത്തിയ അവസാനയാത്രയായിരുന്നു കൊച്ചിയിലേക്ക്. ഇന്ത്യൻ നാവിക ചരിത്രത്തിെൻറ പ്രൗഢമായ അധ്യായത്തിന് ഇതോടെ തിരശീല വീണു. മറ്റു കപ്പലുകളുടെ സഹായത്തോടെ കെട്ടിവലിച്ചായിരിക്കും വിരാടിനെ തിരികെ മുംബൈയിലെത്തിക്കുക.

29 വർഷം ഇന്ത്യൻ നാവികസേനയുടെ മുഖമായിരുന്ന ഐഎൻഎസ് വിരാട് ഡീകമ്മീഷൻ ചെയ്യുന്നതിനുള്ള നടപടികൾ ഈവർഷം നവംബറിൽ ആരംഭിക്കും. മുംബൈയിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരിക്കും ഗ്രാന്റ് ഓൾഡ് ലേഡി എന്നു വിളിപ്പേരുള്ള വിരാട് നാവികസേനയോടു വിടപറയുന്നത്.

ഡീകമ്മീഷൻ ചെയ്യുന്നതിനു മുമ്പായുള്ള അറ്റകുറ്റപ്പണികൾക്കായാണ് കപ്പലിനെ കൊച്ചിയിലെത്തിച്ചത്. 1991 മുതൽ കൊച്ചിയിലാണു വിരാടിെൻറ നവീകരണ ജോലികൾ ചെയ്യുന്നത്. നിലവിൽ ആവി എഞ്ചിനിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏക വിമാനവാഹിനികപ്പലാണിത്. ഏറ്റവുമധികം കാലം സേവനത്തിലിരുന്ന യുദ്ധക്കപ്പലും ലോകത്തു മറ്റൊന്നില്ല.


1959 നവംബർ 18ന് ബ്രിട്ടീഷ് റോയൽ നാവികസേനയുടെ വിമാനവാഹിനി കപ്പലായി എച്ച്എംഎസ് ഹെംസ് എന്ന പേരിലാണ് വിരാട് കമ്മീഷൻ ചെയ്തത്. 1985 വരെ റോയൽ നാവികസേനയുടെ ഭാഗമായിരുന്നു ഹെംസ്. 1986 ഏപ്രിലിലാണു ഇന്ത്യ ഈ കപ്പൽ വാങ്ങുന്നതും എഎൻഎസ് വിരാട് എന്നു പേരു മാറ്റി നാവിക സേനയിലേക്കു കമ്മീഷൻ ചെയ്യുന്നതും.

227 മീറ്റർ നീളമുള്ള പടക്കപ്പലിൽ 1500 ലേറെ പേരെ താമസിപ്പിക്കാൻ സൗകര്യമുണ്ട്. സീ ഹാരിയർ പോർവിമാനം, ചേതക്, സീകിംഗ് ഹെലികോപ്റ്ററുകൾ എന്നിവയായിരുന്നു വിരാടിലൂടെ നാവിക സേന ഉപയോഗിച്ചിരുന്നത്. ശ്രീലങ്കയിലെ സമാധാന സംരക്ഷണ സേനയെ പിന്തുണയ്ക്കാനടക്കം നിരവധി നിർണായക നീക്കങ്ങളിൽ നാവിക സേന ഈ കപ്പലിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2010നു മുമ്പേ വിരാടിനെ ഡീകമ്മീഷൻ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും റഷ്യയിൽ നിന്നു വാങ്ങിയ യുദ്ധകപ്പലായ ഐഎൻഎസ് വിക്രമാദിത്യ രാജ്യത്തിനു കൈ മാറാൻ വൈകിയതിനാൽ നീളുകയായിരുന്നു.

ഈ വർഷം മേയ് ആറിന് സീ ഹാരിയർ വിമാനങ്ങളും അവസാനമായി വിരാടിൽനിന്നു പറന്നുയർന്നു.

സീ ഹാരിയർ ഫ്ളീറ്റിന് ഗോവ യിലെ ഐഎൻഎസ് ഹൻസയിലാണു വിടവാങ്ങൽ നൽകിയത്. നേവിയുടെ സീഹാരിയർ വിമാനങ്ങളായിരുന്നു വിരാടിന്റെ പ്രധാനപ്പെട്ട കരുത്ത്. കപ്പലിന്റെ 22–ാമത്തെ കമാൻഡിംഗ് ഓഫീസറാണ് ഇപ്പോഴത്തെ ക്യാപ്റ്റൻ പുനീത് ചദ്ധ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.