ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന ഉടൻ പൂർത്തിയാകും: മുകൾ വാസ്നിക്
ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന ഉടൻ പൂർത്തിയാകും:  മുകൾ വാസ്നിക്
Sunday, September 25, 2016 1:03 PM IST
തിരുവനന്തപുരം: എത്രയും വേഗം 14 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന പൂർത്തിയാക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. കഴിവും യുവത്വവുമായിരിക്കും ഡിസിസി പ്രസിഡന്റിനുള്ള പ്രധാന യോഗ്യത. എല്ലാ മുതിർന്ന നേതാക്കളുടെയും അഭിപ്രായം കേട്ടശേഷം അന്തിമ തീരുമാനം എഐസിസിയായിരിക്കും കൈക്കൊള്ളുക. ഗ്രൂപ്പ് അടിസ്‌ഥാനത്തിലാകില്ല പുനഃസംഘടന നടപ്പാക്കുന്നത്.

ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന പൂർത്തിയായശേഷം ഇതിന്റെ ഫലം വിലയിരുത്തി താഴേത്തട്ടിലുള്ള പുനഃസംഘടനാ നടപടികൾ പൂർത്തിയാക്കും. എല്ലാ നടപടികളിലും കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെല്ലാം തുല്യ ഉത്തരവാദിത്വമാണുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം പാർട്ടി സംസ്‌ഥാന ഘടകത്തെ പുനരുജ്‌ജീവിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി എഐസിസി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി മുൻകൈയെടുത്ത് ഒട്ടേറെ നേതാക്കളുമായി ചർച്ച നടത്തി. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ നൂറിലേറെ നേതാക്കളുമായി ചർച്ച നടത്തി. ഇതു സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും മുകുൾ വാസ്നിക് പറഞ്ഞു.


രാഷ്ട്രീയകാര്യ സമിതിയുടെ അടുത്ത യോഗം ഒക്ടോബർ മൂന്നിനു വൈകുന്നേരം 4.30നു ചേരും. കഴിഞ്ഞ യോഗത്തിൽ ചർച്ച ചെയ്യാൻ കഴിയാതിരുന്ന വിഷയങ്ങൾ മൂന്നിനു ചേരുന്ന യോഗം ചർച്ച ചെയ്യും. രാഷ്ട്രീയകാര്യ സമിതി കൈക്കൊണ്ട തീരുമാനങ്ങൾ വിശദീകരിക്കാൻ എത്രയും വേഗം കെപിസിസി ഭാരവാഹികളുടെ യോഗം വിളിച്ചുചേർക്കാനും ധാരണയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.