ഫെഫ്കയ്ക്കെതിരായ നടപടി റദ്ദാക്കണമെന്ന ഹർജി തള്ളി
Wednesday, September 28, 2016 1:48 PM IST
കൊച്ചി: മലയാള സിനിമയിൽനിന്നു തന്നെ വിലക്കിയതിനെതിരേ സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കെതിരേ ചലച്ചിത്ര സംവിധായകൻ വിനയൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ നൽകിയ പരാതിയിലെ ശിക്ഷാനടപടി തടയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം സംവിധായകർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, കമൽ, സിബി മലയിൽ, സിദ്ദിക്ക് തുടങ്ങിയവർ നൽകിയ ഹർജിയാണു തള്ളിയത്. ബി. ഉണ്ണികൃഷ്ണനടക്കമുള്ളവർ സിനിമയിൽ തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ചു തനിക്കു വിലക്കേർപ്പെടുത്തിയെന്ന വിനയന്റെ പരാതിയെത്തുടർന്നു കോമ്പറ്റീഷൻ കമ്മീഷൻ അദ്ദേഹത്തിന്റെ കീഴിലുള്ള ഡയറക്ടർ ജനറലിനോടു പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ 2015 ഫെബ്രുവരി 24ന് നിർദേശിച്ചിരുന്നു.

ഇതനുസരിച്ചു ഡയറക്ടർ ജനറൽ നൽകിയ റിപ്പോർട്ടിൽ ഇന്ത്യൻ കോമ്പറ്റീഷൻ ആക്ടിന്റെ ലംഘനമുണ്ടായെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, ഹർജിക്കാർക്കെതിരേയും പരാമർശങ്ങളുണ്ട്. തുടർന്ന് ഈ വിഷയത്തിൽ മറുപടി നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും ഹർജിക്കാർ ഹാജരായില്ല. അന്വേഷണ റിപ്പോർട്ടിനെ ഇവർ എതിർക്കുന്നില്ലെന്നു വിലയിരുത്തി നടപടി തുടരാൻ തീരുമാനിച്ച കമ്മീഷൻ ഇൻകംടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള നിർദേശം പാലിക്കാതിരുന്നതിൽ പിഴ ചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ നോട്ടീസ് നൽകി.


ഒരു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നിയമപ്രകാരം പിഴ ചുമത്താനാവുമെന്നും കമ്മീഷൻ നോട്ടീസിൽ വ്യക്‌തമാക്കിയിരുന്നു. ഇങ്ങനെ കമ്മീഷൻ ശിക്ഷാ നടപടി സ്വീകരിക്കുന്നതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു ബി. ഉണ്ണികൃഷ്ണനടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.