മെഡിക്കൽ പ്രവേശനം: ഉയർന്ന ഓപ്ഷൻ നിഷേധിക്കുന്നതായി പരാതി
Thursday, September 29, 2016 1:28 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ, ഡന്റൽ കോളജുകളിൽ നിലവിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്പോട്ട് അഡ്മിഷനിലൂടെ ഉയർന്ന ഓപ്ഷൻ തെരഞ്ഞെടുക്കാൻ കഴിയാത്തിനെതിരേ പ്രതിഷേധം. സ്പോട്ട് അഡ്മിഷനു സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കു പങ്കെടുക്കാനാവില്ലെന്നാണു പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചിട്ടുള്ളത്. ഇതുമൂലം ഉയർന്ന റാങ്കുകാർക്കു താല്പര്യമുള്ള കോളജിൽ പ്രവേശനം ലഭിക്കില്ലെന്നാണു രക്ഷിതാക്കളുടെ പരാതി.

അതേസമയം, അഖിലേന്ത്യാ ക്വോട്ടായിൽനിന്നു തിരികെ ലഭിച്ച മെഡിക്കൽ സീറ്റുകളിലേക്കും 25 ബിഡിഎസ് സീറ്റുകളിലേക്കും ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിലാണു സ്പോട്ട് അഡ്മിഷൻ. ഗോകുലം മെഡിക്കൽ കോളജിലെ 50 മെഡിക്കൽ സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തും.


അതേസമയം, ഏകീകൃത പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജയിംസ് കമ്മിറ്റി ഇന്നലെ രാത്രി പ്രത്യേക യോഗം ചേർന്നു. ധാരണയിൽ എത്താത്ത കോളജുകളെക്കുറിച്ചും പ്രവേശന പട്ടിക പ്രസിദ്ധീകരിക്കാത്ത കോളജുകൾക്കെതിരേയുള്ള നടപടികളും കമ്മിറ്റി ചർച്ചചെയ്തു. അന്തിമ തീരുമാനം ഇന്നുണ്ടാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.