കർഷകരെ സംരക്ഷിക്കുന്നതിൽ റബർ ബോർഡ് പരാജയപ്പെട്ടു: ഇൻഫാം
Friday, September 30, 2016 12:07 PM IST
കോട്ടയം: കർഷകരക്ഷയ്ക്കായി കേന്ദ്ര വിലസ്‌ഥിരതാ ഫണ്ട് നേടിയെടുക്കാനോ റബർ ഇറക്കുമതി നിയന്ത്രിക്കാനോ സംരക്ഷിത ചുങ്കം ഏർപ്പെടുത്താനോ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി നടപടികളെടുപ്പിക്കാത്ത റബർ ബോർഡ് റബർ കർഷകരെ സംരക്ഷിക്കുന്നതിൽ വൻ പരാജയമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻ.

കഴിഞ്ഞ വർഷത്തേതിൽനിന്ന് റബറുത്പാദനം ഈ വർഷം വർധിച്ചുവെന്നു റബർ ബോർഡ് കണക്കുകൾ നിരത്തുമ്പോൾ ഇതിന്റെ പിന്നിൽ സംസ്‌ഥാന സർക്കാരിന്റെ വിലസ്‌ഥിരതാ ഫണ്ടിന്റെ പിൻബലമാണെന്നുള്ളതു മറക്കരുത്. യുഡിഎഫ് സർക്കാരിന്റെ 300 കോടിയിൽനിന്ന് എൽഡിഎഫ് സർക്കാർ 500 കോടിയായി അതു വർധിപ്പിച്ചിട്ടും കേന്ദ്രസർക്കാർ മുഖംതിരിഞ്ഞുനിൽക്കുമ്പോൾ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന റബർ ബോർഡ് കർഷകരെ മറന്നു നിശബ്ദ സേവനം നടത്തുന്നത് അതീവ ദുഃഖകരമാണ്.


നികുതി രഹിതമായി റബറുൽപ്പന്നങ്ങളുടെ ഇന്ത്യൻ വിപണിയിലേക്കുള്ള ഇറക്കുമതി തുടരുമ്പോൾ ഇവയ്ക്ക് ഒത്താശ ചെയ്യുന്ന റബർ ബോർഡ് തന്നെ കർഷകരെ ചതിക്കുഴിയിലേക്കു തള്ളിവിടുകയാണ്. രാജ്യാന്തര മാർക്കറ്റിൽ റബർവില ഉയർന്നിട്ടും കേരളത്തിൽ വിലയിടിയുമ്പോൾ റബർ ബോർഡ് നോക്കുകുത്തിയാകുന്നുവെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.