അംജത് അലിഖാനു സംഗീതവിദ്യാലയം: സഹായം നൽകുമെന്നു മുഖ്യമന്ത്രി
അംജത് അലിഖാനു സംഗീതവിദ്യാലയം: സഹായം നൽകുമെന്നു മുഖ്യമന്ത്രി
Tuesday, October 18, 2016 1:03 PM IST
തിരുവനന്തപുരം : ഉസ്താദ് അംജത് അലിഖാനു സംസ്‌ഥാനത്തു സംഗീതവിദ്യാലയം സ്‌ഥാപിക്കാൻ സർക്കാർ എല്ലാ സഹായവും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സ്കൂൾ ഓഫ് മ്യൂസിക് വേണ്ട എന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല. സംഗീതവിദ്യാലയം നടത്താൻ അദ്ദേഹത്തിന് സർക്കാർ എല്ലാ സഹായവും ചെയ്തുകൊടുക്കും. മറിച്ചുള്ള വാർത്തകൾ അടിസ്‌ഥാനരഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

അതേസമയം, ഉസ്താദ് ട്രസ്റ്റിനു കൈമാറുന്നതിനുള്ള ഭൂമിയിടപാട് മന്ത്രിസഭാ ഉപസമിതി പരിശോധിക്കേണ്ടതുണ്ടെന്നു ടൂറിസം മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. ട്രസ്റ്റ് അംഗങ്ങളായി ഉസ്താദ് അംജദ് അലിഖാനും കുടുംബാംഗങ്ങൾക്കും പുറമെ ടൂറിസം ഡയറക്ടറായിരുന്ന ഷെയ്ഖ് പരീദ്, സംഗീതനാടക അക്കാദമി ചെയർമാൻ സൂര്യകൃഷ്ണമൂർത്തി, സെക്രട്ടറി പി.വി. കൃഷ്ണൻ നായർ എന്നിവരുമുണ്ട്. എന്നാൽ ഇവർ വ്യക്‌തിപരമായാണ് അംഗങ്ങളായിട്ടുള്ളത്.


മാത്രമല്ല, സൂര്യകൃഷ്ണമൂർത്തിയുടെ സ്വന്തം വിലാസത്തിലാണ് ചാരിറ്റബിൾ സൊസൈറ്റി രജിസ്റ്റർ ചെയ്തത്. ഇക്കാര്യങ്ങളിലൊക്കെ വ്യക്‌തത വരുത്തിയശേഷം മാത്രമേ സർക്കാരിനു തുടർനടപടികൾ നടത്താനാകുവെന്നും മൊയ്തീൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.