തലശേരിയിലെ വ്യാജ സർട്ടിഫിക്കറ്റ് നിർമാണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
Wednesday, October 19, 2016 1:06 PM IST
തലശേരി: തലശേരിയിലെ സമാന്തര വിദ്യാഭ്യാസ സ്‌ഥാപനം കേന്ദ്രീകരിച്ചു നടന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമാണ– വിതരണ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാൻ തീരുമാനം. ഒട്ടേറെ ഉന്നതർക്കടക്കം ബന്ധമുണ്ടെന്നു സംശയിക്കുന്ന ഈ കേസിന്റെ അന്വേഷണം മറ്റു സംസ്‌ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കേണ്ടി വരും. അതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാൻ തീരുമാനിച്ചത്. തലശേരി മേഖലയിലെ അക്രമ രാഷ്ട്രീയംകൂടി കണക്കിലെടുത്താണു ലോക്കൽ പോലീസിൽനിന്നു കേസ് ക്രൈംബ്രാഞ്ചിനു വിടാൻ തീരുമാനിച്ചിട്ടുള്ളതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ ദീപികയോടു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമം ജില്ലാ പോലീസ് മേധാവി ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ, വ്യാജ സർട്ടിഫിക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുകയായിരുന്ന രണ്ടുപേർക്കു തലശേരി ജുഡീഷൽ ഒന്നാം ക്ലാസ് കോടതി ജാമ്യം അനുവദിച്ചു.

തലശേരി പിയർ റോഡിലെ അമർ കോംപ്ലക്സിൽ വിദൂര വിദ്യാഭ്യാസ സ്‌ഥാപനത്തിന്റെ പഠനകേന്ദ്രം എന്ന പേരിൽ പ്രവർത്തിച്ചുവന്നിരുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു കഴിഞ്ഞ മാസം 29നാണ് വിവിധ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടിയത്. സ്‌ഥാപനം നടത്തിപ്പുകാരനായ പിണറായി പാറപ്രത്തെ അമൃതം വീട്ടിൽ അജയനെയും ഇയാളുടെ ബിസിനസ് പങ്കാളിയെന്നു പറയപ്പെടുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിനി ടിന്റു ബി. ഷാജിയെയുമായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ സംഭവ ദിവസം മുതൽ ഉന്നതതല ഇടപെടലുകൾ നടന്നത് അന്വേഷണ സംഘത്തെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. ഇതാണു പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്നതിന് ഇടയാക്കിയതെന്നും ആരോപണമുണ്ട്. അറസ്റ്റിലായ ദിവസം ഇരുവരും നൽകിയ ജാമ്യഹർജി കോടതി തള്ളിയിരുന്നു. പിന്നീടു രണ്ടാഴ്ചയ്ക്കു ശേഷം നൽകിയ ജാമ്യാപേക്ഷയും നിരസിക്കപ്പെട്ടിരുന്നു. തുടർന്നാണു കഴിഞ്ഞ ദിവസം മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്‌ഥനു മുമ്പിൽ ഹാജരാകണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നുമുള്ള വ്യവസ്‌ഥയോടെയാണു ജാമ്യം അനുവദിച്ചത്.


ജാമ്യാപേക്ഷയെ എതിർക്കുന്നതിൽ പോലീസിന്റെയും സർക്കാർ അഭിഭാഷകന്റെയും ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്.

1990 മുതൽ തലശേരിയുടെ വിവിധ ഭാഗങ്ങളിൽ അജയന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിൽനിന്നു വ്യാജ സർട്ടിഫിക്കറ്റ് ഇടപാടുകൾ നടന്നിരുന്നതായി അന്വേഷണസംഘത്തിനു വിവരമുണ്ടെങ്കിലും 2014 മുതലുള്ള ഇടപാടുകൾ മാത്രമാണ് അന്വേഷണവിധേയമാക്കുന്നത്.

കോടിക്കണക്കിനു രൂപയുടെ ആസ്തികളാണു വ്യാജ സർട്ടിഫിക്കറ്റ് വിതരണത്തിലൂടെ അജയൻ നേടിയത്. അജയന്റെ സ്‌ഥാപനത്തിൽനിന്നു വ്യാജ സർട്ടിഫിക്കറ്റ് കരസ്‌ഥമാക്കി നിരവധി പേർ കേരളത്തിനകത്തും പുറത്തും ഗൾഫ് നാടുകളിലും ജോലി നേടിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മുന്നൂറോളം പേരുടെ പൂർണവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഏതാനും വർഷം മുമ്പും ഇവിടെനിന്നു വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടിയിരുന്നെങ്കിലും അന്വേഷണം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു തട്ടിപ്പ് പുറത്തു കൊണ്ടുവന്നതും രണ്ടു പേരെ പിടികൂടിയതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.