പോലീസ് കായികമേളയ്ക്ക് തുടക്കമായി
Thursday, October 20, 2016 12:55 PM IST
കോഴിക്കോട്: കാക്കിയുടെ കരുത്തിൽ 45–ാം കേരള പോലീസ് സംസ്‌ഥാന കായികമേളയ്ക്കു പ്രൗഢഗംഭീര തുടക്കം. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മൂന്നു ദിവസത്തെ കായിക മാമാങ്കത്തിൽ സംസ്‌ഥാത്തെ മുഴുവൻ പോലീസ് ജില്ലകളിൽ നിന്നും, സ്പെഷൽ യുണിറ്റുകളിൽ നിന്നുമായി ആയിരത്തോളം പോലീസ് താരങ്ങൾ പങ്കെടുക്കുന്നു. ആദ്യ ദിനമായ ഇന്നലെ 19 ഇനങ്ങൾ സമാപിച്ചപ്പോൾ 15 പോയിന്റുമായി കണ്ണൂർ പോലീസ് ജില്ല ഒന്നാമതാണ്. 14 പോയിന്റുമായി വയനാടും, 13 പോയിന്റുമായി ആതിഥേയരായ കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.


ബറ്റാലിയനുകളുടെ മത്സരത്തിൽ 35 പോയിന്റുമായി തിരുവനന്തപുരം എസ്എപി മുന്നിലാണ്. മലപ്പുറം എംഎസ്പിയ്ക്ക് 33 ഉം, തൃശൂർ കെഎപി–ഒന്നിന് 28 ഉം പോയിന്റുണ്ട്.വൈകുന്നേരം നടന്ന ഉദ്ഘാടന ചടങ്ങിൽ ഒളിമ്പ്യൻ പി.ടി.ഉഷ മുഖ്യാതിഥിയായി. ഉത്തരമേഖലാ എഡിജിപി സുധേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി വർണാഭമായ മാർച്ച്പാസ്റ്റിൽ പി.ടി.ഉഷ സല്യൂട്ട് സ്വീകരിച്ചു. നാളെ വൈകിട്ട് നാലിനു നടക്കുന്ന സമാപനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.