മാധ്യമപ്രവർത്തകരെ കോടതിയിൽ തടഞ്ഞാൽ ഇനി കർക്കശ നടപടി: മുഖ്യമന്ത്രി
മാധ്യമപ്രവർത്തകരെ കോടതിയിൽ തടഞ്ഞാൽ ഇനി കർക്കശ നടപടി: മുഖ്യമന്ത്രി
Monday, October 24, 2016 1:00 PM IST
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കു കോടതിയിലെത്തി ജോലി നിർവഹിക്കാൻ തടസം സൃഷ്‌ടിക്കുന്ന നടപടി ഏതാനും അഭിഭാഷകർ തുടരാനാണു ഭാവമെങ്കിൽ സർക്കാരിന് ഇനി കർക്കശ നടപടി സ്വീകരിക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കോടതിയിൽ അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും തുല്യമായി ജോലി ചെയ്യാൻ അവകാശമുണ്ട്. ഇതിനു ഭംഗം വരുത്തുന്ന നടപടി തുടർന്നാൽ സർക്കാരിനു കർക്കശ നടപടിയുമായി മുന്നോട്ടുപോകേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

പത്രപ്രവർത്തക യൂണിയൻ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ താൻ ഉറച്ചുനിൽക്കുകയാണ്. മാധ്യമ– അഭിഭാഷക തർക്കത്തിൽ രാഷ്ട്രീയപാർട്ടികൾ അടക്കം എല്ലാ വിഭാഗം ബഹുജനങ്ങളും അഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞു. മാധ്യമപ്രവർത്തകർക്കു കോടതിയിൽ പോയി ജോലിചെയ്യാൻ ഏതാനും അഭിഭാഷകരാണു തടസം നിൽക്കുന്നത്. ഹൈക്കോടതി തർക്കത്തിൽ സർക്കാർ ഇടപെടാതിരുന്നത് ഇവിടെ ചീഫ് ജസ്റ്റീസിന്റെ ആവശ്യ പ്രകാരം മാത്രമേ പ്രവേശിക്കാൻ കഴിയുവെന്നതിനാലാണ്. പ്രശ്നം പരിഹരിക്കാൻ ചീഫ് ജസ്റ്റീസ് ഇടപെട്ടു. അഡ്വക്കറ്റ് ജനറലിന്റെ നേതൃത്വത്തിൽ ഉഭയകക്ഷി സമിതി വന്നു. എന്നാൽ, ഒരുകൂട്ടർ ഇതൊന്നും ബാധകമല്ലെന്ന നിലയിലാണ് ഇപ്പോഴും പെരുമാറുന്നത്. അത്തരക്കാർ കർക്കശ നടപടി അഭിമുഖീകരിക്കേണ്ടിവരും.


കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിൽ നടന്ന സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ പരാതിയിൽ അഞ്ച് അഭിഭാഷകരെ അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അഭിഭാഷകർ നൽകിയ പരാതിയിൽ നാലു മാധ്യമ പ്രവർത്തകർക്കെതിരേയും കേസെടുത്തു. കേസുമായി ബന്ധപ്പെട്ടു വനിതാ മാധ്യമപ്രവർത്തകർ നൽകിയ പരാതി ഡിജിപിക്കു കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വനിതകൾ അടക്കമുള്ള മാധ്യമപ്രവർത്തകർക്കു നേരെ ഏതാനും അഭിഭാഷകർ ആക്രമണം നടത്തുകയും അതിനുശേഷം അഭിഭാഷകരുടെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരേ കള്ളക്കേസെടുക്കുകയും ചെയ്ത നടപടി പിൻവലിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കോടതിയിൽ പത്രപ്രവർത്തകർ പോയത് അഭിഭാഷകരെ ആക്രമിക്കാനോ മർദിക്കാനോ അല്ല. മന്ത്രിയായിരുന്ന ഇ.പി. ജയരാജന് എതിരായ കേസ് കോടതിയിൽ വന്നപ്പോൾ റിപ്പോർട്ട് ചെയ്യാനാണ്. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞതുപോലെ ഇതു കേരളത്തിന് അപമാനമാണ്. സംസ്‌ഥാന ഭരണകൂടത്തിന്റെ ബലഹീനതയെയാണ് ഇതു കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.