ശബരിമല തീർഥാടനം : കെഎസ്ആർടിസി വിപുലമായ സൗകര്യങ്ങൾ ഒരുക്കും
Tuesday, October 25, 2016 1:06 PM IST
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം പ്രമാണിച്ച് യാത്രാ സൗകര്യം ഒരുക്കുന്നതിനായി പമ്പ ബസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രത്യേക സർവീസുകൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. നവംബർ 14 ന് പമ്പ ബസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കും.

നിലക്കൽ–പമ്പ ചെയിൻ സർവീസിനായി ആദ്യഘട്ടത്തിൽ നൂറു ബസുകളും ഇതര ദീർഘദൂര സർവീസുകൾക്കായി എഴുപത് ബസുകളും പമ്പ ബസ് സ്റ്റേഷനിലേക്ക് നൽകും. ഇവയിൽ ഭൂരിപക്ഷവും ലോഫ്ളോർ ബസുകളാണ്. മകരവിളക്ക് ദിവസം നിലക്കൽ–പമ്പ ചെയിൻ സർവീസിനും ദീർഘദൂര സർവീസുകൾക്കുമായി ആയിരം ബസുകൾ വരെ ഉപയോഗിക്കും. തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട, ചെങ്ങന്നൂർ, അടൂർ, കായംകുളം, കോട്ടയം, എറണാകുളം, എരുമേലി, കുമളി ഡിപ്പോകളാണ് പ്രത്യേക സർവീസ് കേന്ദ്രങ്ങൾ. ചെങ്ങന്നൂർ, കോട്ടയം, തിരുവല്ല, എറണാകുളം (സൗത്ത്) റെയിൽവേ സ്റ്റേഷനുകളിൽ തീർഥാടകരുടെ സൗകര്യാർഥം കൺട്രോൾ സ്റ്റേഷൻ 24 മണിക്കൂറും പ്രവർത്തിക്കും. പമ്പയിലേക്കും എരുമേലിയിലേക്കും ഇവിടങ്ങളിൽ നിന്നും ബസ് സർവീസ് ഉണ്ടാകും.

പഴവങ്ങാടി, കൊട്ടാരക്കര, കോട്ടയം തിരുനക്കര, ഓച്ചിറ, ഗുരുവായൂർ ക്ഷേത്രങ്ങളിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തും. തമിഴ്നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ, പളനി, മധുര, തെങ്കാശി, കന്യാകുമാരി, കമ്പം എന്നിവിടങ്ങളിലേക്കുള്ള അന്തർ സംസ്‌ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷനും ലഭ്യമാണ്. ശബരിമല പ്രത്യേക സർവീസുകൾക്ക് 25 ശതമാനം ടിക്കറ്റ് നിരക്ക് കൂടുതലായി ഈടാക്കാമെങ്കിലും കെഎസ്ആർടിസി വർഷങ്ങളായി അത് നടപ്പാക്കുന്നില്ല. നാൽപ്പത് പേരിൽ കുറയാതെയുള്ള സംഘം ഒന്നിച്ച് സീറ്റ് ബുക്ക് ചെയ്താൽ ഡിപ്പോയിൽ നിന്നു 10 കിലോമീറ്ററിന് അകത്തുള്ള ദൂരത്തിൽ അവർക്കായി സർവീസ് നടത്തും. കൂടാതെ പ്രധാന സ്റ്റേഷനുകളിൽ നിന്നു പമ്പയിലേക്കും, പമ്പയിൽ നിന്ന് കേരളത്തിലേയും തമിഴ്നാട്ടിലെയും വിവിധ ഭാഗങ്ങളിലേക്കും മുൻകൂട്ടി ബുക്ക് ചെയ്ത് ബസ് ഉപയോഗിക്കുന്ന തരത്തിൽ പ്രത്യേക പാക്കേജ് ഏർപ്പെടുത്തിയിട്ടുണ്ട്.


ഇത്തരം പാക്കേജുകളിൽ ആവശ്യപ്പെടുന്ന സ്‌ഥലത്തും സമയ ത്തും തീർഥാടകരുടെ മാത്രം ഉപയോഗത്തിനായി ബസുകൾ സജ്‌ജമാക്കി നൽകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലും, കൺട്രോൾ റൂമിലും മറ്റ് പ്രധാന യൂണിറ്റുകളിലും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.