വീണാ ജോർജിനെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്നു ഹൈക്കോടതി
വീണാ ജോർജിനെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്നു ഹൈക്കോടതി
Tuesday, October 25, 2016 1:30 PM IST
കൊച്ചി: ആറന്മുള എംഎൽഎ വീണാ ജോർജിനെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്നു ഹൈക്കോടതി വ്യക്‌തമാക്കി. വീണയ്ക്കെതിരേ മത്സരിച്ച യുഡിഎഫ് സ്‌ഥാനാർഥി ശിവദാസൻ നായരുടെ ഇലക്ഷൻ ഏജന്റ് വി.ആർ. സോജിയാണു ഹർജി നൽകിയത്. എതിർവിഭാഗത്തിന്റെ പ്രാരംഭ തടസവാദങ്ങൾ തള്ളിയ സിംഗിൾബെഞ്ച്, ഹർജി നിലനിൽക്കുമെന്നു വ്യക്‌തമാക്കുകയായിരുന്നു. അടുത്ത മാസം ആദ്യം ഹർജിയിൽ കൂടുതൽ വാദം കേൾക്കും.

നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും സാമുദായിക പ്രീണനം നടത്തി വോട്ടർമാരെ സ്വാധീനിച്ചെന്നും ആരോപിച്ചാണു ഹർജി സമർപ്പിച്ചത്. ദുബായിലെ ഒരു കമ്പനിയുടെ പേരിലുള്ള ഭർത്താവിന്റെ നോൺ റസിഡന്റ്സ് ഓർഡിനറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഇല്ലെന്നും വീണാ ജോർജ് പ്രാർഥിക്കുന്ന ചിത്രം സാമുദായിക പ്രീണനമെന്ന ലക്ഷ്യത്തോടെ പ്രചരിപ്പിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


ഫേസ് ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തതു തന്റെ സഹപാഠിയാണെന്ന വിശദീകരണം വീണാ ജോർജ് നൽകിയെങ്കിലും ഇതു തൃപ്തികരമല്ലെന്നാണു ഹർജിക്കാരന്റെ വാദം.

അഖില മലങ്കര അൽമായ വേദി വീണയ്ക്കു വേണ്ടി ലഘുലേഖകളും ചിത്രങ്ങളും വിതരണം ചെയ്തിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.