ആദിവാസികൾക്കു ജോലി നൽകൽ: മന്ത്രി എ.കെ ബാലനെ തിരുത്തി മുഖ്യമന്ത്രി
ആദിവാസികൾക്കു ജോലി നൽകൽ: മന്ത്രി എ.കെ ബാലനെ തിരുത്തി മുഖ്യമന്ത്രി
Tuesday, October 25, 2016 1:42 PM IST
തിരുവനന്തപുരം: അഭ്യസ്തവിദ്യരായ ആദിവാസികൾക്ക് സർക്കാർ ജോലി നൽകുമെന്നും പിന്നീട് ഇത് പിഎസ്്സി വഴി സ്‌ഥിരപ്പെടുത്തുമെന്നും നിയമസഭയിൽ പ്രഖ്യാപിച്ച മന്ത്രി എ.കെ. ബാലനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

പട്ടികജാതി–പട്ടികവർഗ ക്ഷേമവകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിക്കിടയിലായിരുന്നു എ.കെ. ബാലന്റെ പ്രഖ്യാപനം. ബിരുദധാരികളും പ്രഫഷണൽ ബിരുദങ്ങൾ നേടിയവരുമായ എല്ലാ പട്ടികവർഗ വിദ്യാർഥികൾക്കും ജോലി നൽകുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ 241 സ്കൂളുകളിൽ ടിടിസി, ബിഎഡ്, ഡിഗ്രി എന്നീ യോഗ്യതയുള്ള 244 അധ്യാപകരെ ഗോത്രബന്ധു പദ്ധതിയിൽ ഉൾപെടുത്തി താത്കാലികമായി നിയമിക്കുമെന്നും പിന്നീട് ഇവരുടെ നിയമനം പിഎസ്സി വഴി സ്‌ഥിരപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഉടൻ തന്നെ തൊട്ടടുത്തിരുന്ന മുഖ്യമന്ത്രി എഴുന്നേറ്റു ബാലന്റെ പ്രഖ്യാപനം തള്ളുകയായിരുന്നു.


സർക്കാർ നിയമനങ്ങൾക്കു വ്യവസ്‌ഥകളുണ്ടെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, മാനദണ്ഡങ്ങൾ മറികടന്ന് വകുപ്പുകൾക്ക് പ്രവർത്തിക്കാനാകില്ലെന്നും സുപ്രീംകോടതിയുടെ കർശന മാർഗനിർദേശമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതോടെ താൻ കരാർ നിയമനത്തിന്റെ കാര്യമാണ് പറഞ്ഞതെന്നു പറഞ്ഞ് ബാലൻ തിരുത്തി. എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സ്റ്റേ വെക്കേറ്റ് ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.