കാരുണ്യത്തിന്റെ താളം പകർന്നു മേളസംഘം
കാരുണ്യത്തിന്റെ താളം പകർന്നു മേളസംഘം
Wednesday, October 26, 2016 12:07 PM IST
കൊച്ചി: കൂട്ടായ്മയുടെ വിജയതാളത്തിൽ ജനഹൃദയങ്ങളിലേക്കു കൊട്ടിക്കയറിയ ചെണ്ടമേളസംഘത്തിൽനിന്നു കാരുണ്യത്തിന്റെ കൈനീട്ടം. സന്യാസിനികളുടെ സാമൂഹ്യശുശ്രൂഷയിൽ രൂപംകൊണ്ട കൊച്ചി തമ്മനം ശാന്തിപുരം കോളനിയിലെ സുവാർത്ത ചെണ്ടമേള, ബാൻഡ് സംഘമാണു തങ്ങളുടെ വരുമാനം കാരുണ്യ ശുശ്രൂഷകൾക്കായി പങ്കുവയ്ക്കുന്നത്.

സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്ന സൗത്ത് പറവൂർ ഹോളി ഫാമിലി എൽപി സ്കൂളിലേക്കു കംപ്യൂട്ടർ വാങ്ങി നൽകിയാണു ചെണ്ടമേളസംഘം മാതൃകയായത്. ചെണ്ടമേളത്തിൽനിന്നു ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവച്ചാണു നിർധനവിദ്യാർഥികൾക്കായി കംപ്യൂട്ടർ വാങ്ങിനൽകിയത്.

തമ്മനം ശാന്തിപുരം കോളനിയിൽ സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്സിന്റെ (എസ്ഡി) സുവാർത്ത കോൺവെന്റ് കേന്ദ്രീകരിച്ച് അഞ്ചു വർഷം മുമ്പാണു ചെണ്ടമേളസംഘം ആരംഭിച്ചത്. തൊഴിൽരഹിതരായ കോളനിനിവാസികളെ സഹായിക്കുന്നതിനാണ് എസ്ഡി സന്യാസിനികളുടെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നൽകി മേളസംഘത്തിനു തുടക്കമിട്ടത്. കോളനി നിവാസികളായ സ്ത്രീകളെയും യുവാക്കളെയും ഉൾപ്പെടുത്തി രൂപപ്പെടുത്തിയ മേളസംഘം, ഇതിനകം അഞ്ഞൂറോളം സ്‌ഥലങ്ങളിൽ മേളം അവതരിപ്പിച്ചു. സംസ്‌ഥാനത്തിനു പുറത്തും സംഘം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ചെണ്ടമേളവും ബാൻഡുമേളവും സമന്വയിപ്പിച്ചുള്ള സുവാർത്തയുടെ ഫ്യൂഷൻ അവതരണം പലവേദികളിൽ കൈയടി നേടി.


വിദ്യാർഥികളുൾപ്പെടെയുള്ള മേളസംഘത്തിലുള്ളവർക്കു പഠനത്തിനും ജീവിതത്തിനും വലിയ ആശ്വാസമാണു മേളം. പലരുടെയും കാരുണ്യത്തിൽ രൂപമെടുക്കുകയും പലവേദികളിൽ മേളം അവതരിപ്പിക്കുകയും ചെയ്ത തങ്ങളെക്കൊണ്ട്, ആവുന്ന സേവനം മറ്റുള്ളവർക്കും ചെയ്യേണ്ടതുണ്ടെന്ന ബോധ്യമാണു വിദ്യാർഥികൾക്കും കംപ്യൂട്ടർ വിതരണം ചെയ്യാൻ പ്രേരിപ്പിച്ചതെന്നു മേളസംഘാംഗങ്ങൾ പറയുന്നു.

ഹോളി ഫാമിലി സ്കൂളിൽ നടന്ന ചടങ്ങിൽ സുവാർത്ത കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ റെനിത, സിസ്റ്റർ ജ്യോത്സ്ന, മേളസംഘാംഗങ്ങൾ എന്നിവർ ചേർന്നു മാനേജർ ഫാ. ജോൺസൺ എലവുംകുടി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനീസ് എന്നിവർക്കു കംപ്യൂട്ടർ കൈമാറി. നേരത്തേ ശാന്തിപുരം കോളനിയിലെ വനിതകൾക്കു സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി സുവാർത്ത കോൺവന്റിലെ സന്യാസിനികളുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷകൾ വാങ്ങി നൽകിയിരുന്നു.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.