സിഐടിയു സമരം: കണ്ണൂർ മെഡി. കോളജ് അടച്ചുപൂട്ടി
സിഐടിയു സമരം: കണ്ണൂർ മെഡി. കോളജ് അടച്ചുപൂട്ടി
Wednesday, October 26, 2016 12:07 PM IST
കണ്ണൂർ: സമരവും സംഘർഷവും മൂലം അഞ്ചരക്കണ്ടിയിലുള്ള കണ്ണൂർ മെഡിക്കൽ കോളജ് അടച്ചുപൂട്ടി. സെപ്റ്റംബർ 13 മുതൽ മെഡിക്കൽ കോളജിലെ ആശുപത്രിയുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. അന്നു മുതൽ മെഡിക്കൽ കോളജും ഭാഗികമായി അടച്ചിട്ടിരിക്കുന്നു. 20 മുതൽ പൂർണമായും. മെഡിക്കൽ– എൻജിനിയറിംഗ്– പാരാമെഡിക്കൽ കോഴ്സുകളിലായി 3000ത്തിലധികം വിദ്യാർഥികളുടെ ഭാവി ഇതോടെ അവതാളത്തിലായിരിക്കുകയാണ്.

സെപ്റ്റംബർ 13 മുതലാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ജീവനക്കാർ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. മിനിമം വേതനം നടപ്പാക്കുക, ബോണസ് അനുവദിക്കുക, മാനേജ്മെന്റുമായി ഉണ്ടാക്കിയ കരാർ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ജീവനക്കാർ സമരത്തിലേർപ്പെട്ടത്. 45 ദിവസങ്ങളായി സമരം നടക്കുന്നു. ശാന്തമായി തുടങ്ങിയ സമരം പിന്നീട് അക്രമമാർഗത്തിലേക്കു തിരിഞ്ഞതോടെ മെഡിക്കൽ കോളജിന്റെ പ്രവർത്തനം സ്തംഭിക്കുകയായിരുന്നു.

ജോലിക്കു ഹാജരാവുന്ന ജീവനക്കാരെയും ഡോക്ടർമാരെയും ഭീഷണിപ്പെടുത്തിയും തടസം സൃഷ്‌ടിച്ചും മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞും സമരക്കാർ ദ്രോഹിച്ചെന്നു മാനേജ്മെന്റ് പറയുന്നു. സമരത്തിന്റെ ഭാഗമായി കോളജിന്റെ ഒമ്പതു വാഹനങ്ങൾ നശിപ്പിച്ചു. വിദ്യാർഥികളുടെ സുഗമമായ പഠനവും സർവകലാശാല പരീക്ഷകളും തടസപ്പെടുത്താൻ ശ്രമിക്കുകയും ഹോസ്റ്റലിൽ താമസിക്കുന്ന ജീവനക്കാരെയും ഡോക്ടർമാരെയും വിദ്യാർഥികളെയും ഭയപ്പെടുത്തി സ്‌ഥലം വിടാൻ നിർബന്ധിക്കുകയും ചെയ്തു.

കാന്റീൻ അടച്ചുപൂട്ടി. ജലവിതരണ സംവിധാനം തടസപ്പെടുത്തി. വൈദ്യുതി കണക്ഷനുകൾ താറുമാറാക്കുകയും ചെയ്തു. വിദ്യാർഥികളുടെ പഠനവും ക്ലിനിക്കൽ പരിശീലനവും സ്തംഭനാവസ്‌ഥയിലാണ്. കാമ്പസിന്റെ നിയന്ത്രണം പൂർണമായും സമരക്കാരുടെ കൈയിലാണെന്നും മാനേജ്മെന്റ് പറയുന്നു.

സമരക്കാരുടെ ഭീഷണിമൂലം മെഡിക്കൽ– എൻജിനിയറിംഗ് വിദ്യാർഥികൾ വീടുകളിലേക്കു പോയിരിക്കുകയാണ്. യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനാൽ എംബിബിഎസ് രണ്ടാം വർഷ വിദ്യാർഥികളായ 74 കുട്ടികൾ മാത്രമാണു മെഡിക്കൽ കോളജിലുള്ളത്. ഇവരുടെ സുരക്ഷയാണു മാനേജ്മെന്റിന്റെ ഇപ്പോഴത്തെ പ്രശ്നം. ആശുപത്രി പൂട്ടി താക്കോലുമായി സമരക്കാർ പോയി.

പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഫലപ്രദമായ യാതൊരു സംരക്ഷണവും പോലീസ് നൽകിയിട്ടില്ല. സമരക്കാർക്കു സഹായകരമായ നിലപാടാണു പോലീസ് കൈക്കൊള്ളുന്നതെന്നാണു മാനേജ്മെന്റ് പറയുന്നത്. പോലീസിന്റെ സാന്നിധ്യത്തിലാണു സ്‌ഥാപനത്തിലെ ജീവനക്കാരെ തടയുന്നതും ചാണക വെള്ളവും നായ്ക്കരുണപൊടിയും മറ്റും ജീവനക്കാരുടെ ശരീരത്തിലേക്ക് എറിയുന്നതെന്നും ഇവർ പറയുന്നു. മാനേജ്മെന്റ് സുരക്ഷിതമായി വച്ചിരുന്ന വാഹനങ്ങൾ അവിടെനിന്ന് എടുത്തുമാറ്റി സമരക്കാർക്കു സൗകര്യപൂർവം വേദിയൊരുക്കിയതു പോലീസുകാരാണെന്നും മാനേജ്മെന്റ് കുറ്റപ്പെടുത്തുന്നു.

ഇതിനിടെ, സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെത്തുടർന്നു കണ്ണൂർ മെഡിക്കൽ കോളജ് മലപ്പുറത്തേക്കു മാറ്റിസ്‌ഥാപിക്കുകയാണെന്നും ഇതു പൂർത്തിയാകുന്നതുവരെ സംരക്ഷണം നൽകാൻ കേന്ദ്രസേനയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു കോളജ് മാനേജ്മെന്റ് ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്.

രണ്ടു പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ സിഐടിയു പ്രവർത്തകരടക്കമുള്ളവർ ആശുപത്രി വരാന്തയിലും മറ്റും തമ്പടിച്ചിരിക്കുകയാണെന്നും മാനേജ്മെന്റ് പ്രതിനിധികളെ കോളജിൽ കയറാൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യവുമായി കോളജ് മാനേജ്മെന്റ് ഉപഹർജി നൽകിയത്. പ്രാദേശിക പാർട്ടി നേതൃത്വത്തിന്റെ പിന്തുണയോടെ സിഐടിയു നടത്തുന്ന പ്രതിരോധത്തെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവരെ ഡിസ്ചാർജ് ചെയ്യേണ്ടിവന്നെന്നും കോളജിന് അവധി നൽകിയിരിക്കുകയാണെന്നും ഉപഹർജിയിൽ പറയുന്നു.

അഞ്ചരക്കണ്ടിയിൽനിന്നു മലപ്പുറത്തേക്കു കോളജ് മാറ്റിസ്‌ഥാപിക്കാൻ മാനേജ്മെന്റ് നടപടി തുടങ്ങിയെന്നും കോളജ് മാറ്റം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കുമെന്നും ഇക്കാലയളവിൽ വിദ്യാർഥി താത്പര്യം കൂടി കണക്കിലെടുത്തു മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിനു കേന്ദ്രസേനയുടെ സംരക്ഷണം ഉറപ്പാക്കണമെന്നുമാണു ഹർജിയിലെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളജ് അടച്ചുപൂട്ടിയതോടെ അവതാളത്തിലായതു വിദ്യാർഥികളുടെ ഭാവിയാണ്.


റെനീഷ് മാത്യു


മാനേജ്മെന്റ് പറയുന്നത്

ജീവനക്കാർ യാതൊരു മുന്നറിയിപ്പുമില്ലാതെയാണു സമരം തുടങ്ങിയത്. യൂണിയനും ജീവനക്കാരും വിവിധ കോടതികളിലും സർക്കാർ വേദികളിലും നൽകിയ പരാതികളിൽ വിചാരണ തുടങ്ങി തീരുമാനത്തിനു കാത്തിരുന്ന അവസരത്തിലാണു പണിമുടക്ക്. അതോടെ അനുരഞ്ജന ശ്രമങ്ങൾ തടസപ്പെട്ടെന്നു മാനേജ്മെന്റ് പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കണ്ണൂർ മെഡിക്കൽ കോളജിലെ ജീവനക്കാർ ബോണസ് നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന കാര്യം തീരുമാനിക്കാൻ യൂണിയൻ 2011–12 മുതൽ എല്ലാ വർഷവും നൽകിയ ഹർജികൾ സർക്കാർ അഡ്ജുഡിക്കേഷനു വിട്ടതിനാൽ കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ തീർപ്പ് കാത്തിരിക്കുകയാണ്. അർഹമായ മിനിമം വേതനം എല്ലാ ജീവനക്കാർക്കും നൽകുന്നുണ്ടെങ്കിലും അടിസ്‌ഥാനമാക്കേണ്ട തസ്തികയിലും യോഗ്യതയിലുമുള്ള തർക്കം ലേബർ കോടതിയുടെ മുന്നിലാണ്.

സമരം ചെയ്യുന്നവരിൽ പകുതിയോളം പേർ സ്വകാര്യ കോൺട്രാക്ടർമാരുടെ കീഴിലുള്ള തൊഴിലാളികളാണ്. കോൺട്രാക്ട് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു യൂണിയൻ നൽകിയ ഹർജിയിൽ കേരള സംസ്‌ഥാന കോൺട്രാക്ട് ലേബർ (അബോളിഷൻ ആൻഡ് റഗുലേഷൻ) ബോർഡ് നിരവധി ഹിയറിംഗുകൾ നടത്തി തീരുമാനം അറിയിക്കാനിരിക്കുകയാണ്.

ആശുപത്രിയിൽ ജോലി ചെയ്യുന്ന മുഴുവൻ ജോലിക്കാർക്കും പ്രൈവറ്റ് ഹോസ്പിറ്റൽ മിനിമം വേതനം നോട്ടിഫിക്കേഷൻ അനുസരിച്ചും ആശുപത്രിയിൽ ജോലിചെയ്യാൻ യോഗ്യത ഇല്ലാത്തവർക്കും മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നവർക്കും പ്രൈവറ്റ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ നോട്ടിഫിക്കേഷൻ പ്രകാരവും ശമ്പളവും നൽകുന്നുണ്ട്. കണ്ണൂർ മെഡിക്കൽ കോളജ് ഒരു വിദ്യാഭ്യാസ സ്‌ഥാപനം മാത്രമാണ്.

ബോണസ് ആക്ടിന്റെ 32–ാം വകുപ്പ് പ്രകാരം വിദ്യാഭ്യാസ സ്‌ഥാപനങ്ങളും യൂണിവേഴ്സിറ്റികളും ബോണസ് ആക്ടിന്റെ പരിധിയിൽ വരില്ല. ആയതിനാലാണ് യൂണിയൻ 2011–2012 വർഷം മുതൽ ബോണസ് ആവശ്യപ്പെട്ടുകൊണ്ടു തൊഴിൽ വകുപ്പിൽ നൽകിയ അപേക്ഷ സർക്കാർ പരിശോധിക്കുകയും ഞങ്ങളുടെ നിലപാട് ആരാഞ്ഞ ശേഷം തീരുമാനിക്കാനായി ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തത്.

2016 ഓഗസ്റ്റ് രണ്ടിന് ഉണ്ടാക്കിയ കരാറിൽ ബോണസിനെക്കുറിച്ചു യാതൊരു പരാമർശവും ഇല്ല. ബോണസിന് ഒരാവശ്യവും കരാറിൽ ഉന്നയിച്ചിട്ടുമില്ല. ഇതുപോലെ കരാർ ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന് 2016 ഓഗസ്റ്റ് രണ്ടിന്റെ കരാർ ഉണ്ടാക്കുമ്പോൾ ആവശ്യപ്പെട്ടിട്ടുമില്ല. അത്തരം ഒരു വ്യവസ്‌ഥ കരാറിൽ ഉൾപ്പെടുത്തിയിട്ടുമില്ല. നിയമപരമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ മാനേജ്മെന്റ് തയാറാണെന്നും മാനേജ്മെന്റ് പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ പ്രസ്റ്റീജ് എഡ്യുക്കേഷൻ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ഡോ.എം.എ. ഹാഷിം, അഡ് വൈസർ കമ്മഡോർ കെ. കൃഷ്ണൻ (റിട്ട.), നിയമോപദേഷ്‌ടാവ് അഡ്വ. ജി.കെ. ഗോപകുമാർ, മെഡിക്കൽ കോളജ് മെഡിക്കൽ സൂപ്രണ്ട് ഡോ. പി.ജി. ആനന്ദകുമാർ, ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. അരുൺ നാരായണൻ എന്നിവർ പങ്കെ ടുത്തു.

സമരക്കാരുടെ ആവശ്യം

മിനിമം വേതനം നടപ്പാക്കുക, ബോണസ് അനുവദിക്കുക, മാനേജ്മെന്റുമായി ഉണ്ടാക്കിയ കരാർ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ജീവനക്കാർ സമരത്തിലേർപ്പെട്ടിട്ടുള്ളത്. 2012 ജനുവരി 21ന് കോഴിക്കോട് റീജണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാർ നടപ്പാക്കാൻ മാനേജ്മെന്റ് ഇതേവരെ കൂട്ടാക്കിയിട്ടില്ല. അതേപോലെ 2014 ജനുവരിയിൽ ഉണ്ടാക്കിയ കരാറും നടപ്പാക്കിയിട്ടില്ല.

അവസാനമായി കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് ഉണ്ടാക്കിയ കരാറും നടപ്പാക്കിയിട്ടില്ല. സ്വകാര്യ ആശുപത്രിരംഗത്തു ജീവനക്കാർക്കു ബോണസ് അനുവദിച്ചുവരുന്നത് ഓരോ വർഷവും ജില്ലാ ലേബർ ഓഫീസർ മുഖേന ചർച്ചചെയ്തു തീരുമാനിച്ചാണ്.

എന്നാൽ, ഈ മാനേജ്മെന്റ് തൊഴിലാളികൾക്കു ബോണസ് നൽകാൻ ഇതേവരെ തയാറായിട്ടില്ലെന്നാണു സമരക്കാർ പറയുന്നത്. സമരം ആരംഭിച്ചതിനുശേഷം കോടതിയെയും പോലീസിനെയും ഉപയോഗിച്ചു സമരത്തെ തകർക്കാൻ ശ്രമിച്ചു വരികയാണെന്നും സിഐടിയു സംസ്‌ഥാന സെക്രട്ടറി കെ.പി. സഹദേവൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.