ജൈവകൃഷി പദ്ധതിയുമായി എംജി സർവകലാശാല
ജൈവകൃഷി പദ്ധതിയുമായി എംജി സർവകലാശാല
Thursday, October 27, 2016 11:53 AM IST
കോട്ടയം: കോട്ടയം ജില്ലയെ ഇന്ത്യയിലെ ആദ്യ സമ്പൂർണ ജൈവകൃഷി സാക്ഷര ജില്ലയായി പ്രഖ്യാപിക്കാൻ നാഷണൽ സർവീസ് സ്കീം സഹകരണത്തോടെ വിദ്യാർഥി മുന്നേറ്റത്തിലൂടെയുള്ള ബൃഹത് പദ്ധതി നടപ്പാക്കുമെന്നു എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ. എംജി സർവകലാശാല സുസ്‌ഥിര ജൈവകൃഷി പഠന കേന്ദ്രം നാഷണൽ സർവീസ് സ്കീമിന്റെയും സംസ്‌ഥാന കൃഷിവകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കും.

ജൈവസാക്ഷരതാ യജ്‌ഞത്തിന്റെ ഭാഗമായി കോട്ടയത്തെയും സമീപ ജില്ലകളിലെയും കോളജുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കായി നടത്തിയ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പ്രകൃതിയെ മാതൃതുല്യമായ ആദരവോടെ കാണുന്നതിനും സംരക്ഷിക്കുന്നതിനും ഈ ജൈവ സാക്ഷരതാ യജ്‌ഞത്തിലൂടെ സാധ്യമാകുമെന്നു ചടങ്ങിൽ സംസാരിച്ച യൂണിവേഴ്സിറ്റി രജിസ്ട്രാറും ജൈവകൃഷി പഠനകേന്ദ്രം ഡയറക്ടറുമായ എം.ആർ.ഉണ്ണി പറഞ്ഞു.


സമ്പൂർണ ജൈവ സാക്ഷരതയോടൊപ്പം കേന്ദ്രപദ്ധതിയായ സ്വച്ഛ് ഭാരത് മിഷനുമായി സഹകരിച്ച് ശുചിത്വ സാക്ഷരത നേടാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ജൈവ സാക്ഷരതാ യജ്‌ഞത്തിന്റെ പൈലറ്റ് പ്രോജക്ട് കോട്ടയം ജില്ലയിലെ ഉഴവൂർ പഞ്ചായത്തിൽ നടപ്പിലാക്കും. പരിശീലനം നേടിയ 5,000 എൻഎസ്എസ് വോളന്റിയർമാർ വീടുകളിലെത്തി ജൈവകൃഷി ബോധവത്കരണത്തിനും കൃഷിക്കും നേതൃത്വം നൽകും. അടുത്ത ജൂൺ അഞ്ചിനു പരിസ്‌ഥിതി ദിനത്തിൽ കോട്ടയം ജില്ലയെ സമ്പൂർണ ജൈവകാർഷിക സാക്ഷര ജില്ലയായി പ്രഖ്യാപിക്കാനാണു പദ്ധതി വിഭാവനം ചെയ്യുന്നത്.

സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ടി.മേരി, എൻഎസ്എസ് പ്രോഗ്രാം കോ–ഓർഡിനേറ്റർ ഡോ.കെ. സാബുക്കുട്ടൻ, ഡോ.എ.പി. തോമസ്, ജൈവകൃഷി പരിശീലകൻ ഡെന്നീസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.