ജേക്കബ് തോമസ് അവഹേളിക്കാൻ ശ്രമിക്കുന്നു: കെ.എം. ഏബ്രഹാം
Thursday, October 27, 2016 12:31 PM IST
തിരുവനന്തപുരം: വിജിലൻസിനെതിരേ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം മുഖ്യമന്ത്രിക്കു നൽകിയ കത്തിന്റെ പൂർണരൂപം ചുവടെ:

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഒക്ടോബർ ഏഴിന് എനിക്കെതിരേ പ്രാഥമികാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടു. 26നു രാവിലെ 11നു വിജിലൻസ് വകുപ്പിലെ ഒരുസംഘം ഉദ്യോഗസ്‌ഥർ ജഗതി ഓഫീസേഴ്സ് ഹൗസിംഗ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മില്ലേനിയം അപ്പാർട്ട്മെന്റിലെ എന്റെ ഫ്ളാറ്റിലെത്തി അളവെടുക്കണമെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

വീട്ടിൽ ഭാര്യയും രണ്ടു വേലക്കാരികളുമുണ്ടായിരുന്നു. അകത്തു പ്രവേശിപ്പിക്കുന്നതിനു മുമ്പ് എന്നെ ഫോണിൽ ബന്ധപ്പെടേണ്ടതുണ്ടെന്നു ഭാര്യ വിജിലൻസ് ഉദ്യോഗസ്‌ഥരെ അറിയിച്ചു. എന്നെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിജിലൻസ് ഉദ്യോഗസ്‌ഥരെ പരിശോധനയ്ക്ക് അനുവദിച്ചുകൊള്ളാൻ ഞാൻ പറഞ്ഞു. പരിശോധനയ്ക്കെത്തിയ വിജിലൻസ് ഉദ്യോഗസ്‌ഥർക്കെതിരേ എനിക്കോ ഭാര്യക്കോ പരാതിയില്ല. അളവെടുപ്പും പരിശോധനയും പൂർത്തിയാക്കിയശേഷം ഉദ്യോഗസ്‌ഥസംഘത്തിന്റെ തലവൻ എന്റെ ഭാര്യയോടു ക്ഷമാപണം നടത്തി. മുകളിൽ നിന്നുള്ള ഉത്തരവാണെന്നും അവർ നിസഹായരാണെന്നും പറഞ്ഞു.

പ്രാഥമികാന്വേഷണത്തിനാവശ്യമായ വിധത്തിൽ എന്റെ സ്വത്തു വിവരത്തിന്റെ പൂർണ വിശദാംശങ്ങൾ നൽകുന്നതിന് എനിക്ക് ഒരു മടിയുമില്ലെന്നിരിക്കെ മുകളിൽ നിന്നുള്ള ഉത്തരവാണന്ന് വിജിലൻസ് ഉദ്യോഗസ്‌ഥർ വെളിപ്പെടുത്തിയത് എന്നെ ഭയപ്പെടുത്തുന്നു. അതിനാൽ വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസിന്റെ ഗൂഢോദ്ദേശ്യം ഇതിനു പിന്നിലുണ്ടെന്നു സംശയമുണ്ട്. കഴിഞ്ഞ മാർച്ച് 23നു തന്നെ നിയമ സെക്രട്ടറി മുഖേന വിജിലൻസ് വകുപ്പിന് എന്റെ വിശദാംശങ്ങൾ കൈമാറിയതാണ്. അതു പരിശോധിച്ചശേഷം എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ എന്നെ സമീപിക്കാമായിരുന്നു. അതുണ്ടാവാതെയാണു പരിശോധനയ്ക്കെത്തിയത്.

വീട്ടിൽ അളവെടുക്കാൻ വരുന്നതിനു മുമ്പായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെ അറിയിക്കുക വിജിലൻസിൽ പതിവുണ്ട്. സംസ്‌ഥാനത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്‌ഥരിലൊരാൾ എന്ന നിലപോലും ഇവിടെ പാലിച്ചില്ല. വിജിലൻസ് പാർട്ടി പരിശോധനയ്ക്കെത്തുമ്പോൾ വാറണ്ടൊന്നും ഹാജരാക്കിയില്ല. ഭാര്യ വിരണ്ടുപോയതിനാൽ അതു ചോദിക്കാനും സാധിച്ചില്ല. ഞാൻ ഓഫീസിലായിരിക്കുമെന്നും ഭാര്യ മാത്രമേ വീട്ടിലുണ്ടാകൂ എന്നും വ്യക്‌തമായി മനസിലാക്കിക്കൊണ്ടാണ് രാവിലെ 11 മണിക്കു തന്നെ പരിശോധനയ്ക്കു വന്നത്. പരിശോധനയ്ക്കെത്തിയ വിജിലൻസ് സംഘത്തിൽ വനിതകളാരുമുണ്ടായിരുന്നില്ല. ഇതേ ഓഫീസേഴ്സ് ഹൗസിംഗ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗവും എന്റെ അതേ കോമ്പൗണ്ടിൽ മറ്റൊരു ഫ്ളാറ്റിലെ താമസക്കാരനുമായ ജേക്കബ് തോമസ് അതുകൊണ്ടുതന്നെ ഇത്തരമൊരു പരിശോധനാ നടപടി ഒഴിവാക്കേണ്ടതായിരുന്നു.


വിജിലൻസ് സംഘം വീട്ടിലെത്തിയ അതേ സമയത്തു തന്നെ ഒരു ടിവി ചാനൽ റെയ്ഡ് വാർത്ത സ്ക്രോൾ ചെയ്തു കാണിച്ചത്, എന്നെ മനഃപൂർവം അവഹേളിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയാണെന്നും ജേക്കബ് തോമസിന്റെ അറിവോടെയാണു സംഗതി നടന്നിരിക്കുന്നത് എന്നും വ്യക്‌തമാക്കുന്നു.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സാധനങ്ങൾ വാങ്ങിയതിലുണ്ടായ ക്രമക്കേടുകൾ ധനപരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച പരാതികളിൽ അന്തിമ റിപ്പോർട്ട് പരിശോധനാ വിഭാഗം പൂർത്തീകരിച്ചുവരികയാണ്. ഏതാനും ദിവസങ്ങൾക്കകം റിപ്പോർട്ട് സമർപ്പിക്കാനിരിക്കുന്നു. ഈ ഘട്ടത്തിൽ എന്നിൽ നിന്നു പ്രാരംഭമായി മൊഴിയെടുക്കുന്നതിനു മുമ്പേ മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരം നടന്ന വിജിലൻസ് പരിശോധന സംശയമുണർത്തുന്നു. എന്നെയും ധനപരിശോധനാ വിഭാഗം ഉദ്യോഗസ്‌ഥരെയും ഭീഷണിപ്പെടുത്താനുള്ള ജേക്കബ് തോമസിന്റെ നീക്കമാണോയെന്ന ആശങ്കയുണ്ട്.

കഴിഞ്ഞ മാർച്ചിലാണ് ജേക്കബ് തോമസിനെതിരായ പരിശോധനാ റിപ്പോർട്ട് ധന പരിശോധനാ വിഭാഗം പൂർത്തിയാക്കിയത്. ഈ റിപ്പോർട്ടിൽ ജേക്കബ് തോമസിനെതിരെ അച്ചടക്കനടപടികൾ നിർദേശിച്ചിരുന്നു. എന്നാൽ, ഒക്ടോബർ 15 വ രെയും ഈ ഫയൽ ഞാൻ കണ്ടിരുന്നില്ല. വിവരാവകാശ നിയമ പ്രകാരം ജൂണിലോ ജൂലൈയിലോ ഇതിന്റെ പകർപ്പ് ചിലർ കൈക്കലാക്കിയതായി മനസിലാക്കുന്നു. അങ്ങനെയാണു മാധ്യമങ്ങളിൽ ഇതു വാർത്തയായത്. അസാധാരണമായ പരിശോധനാ രീതിയിലൂടെ ജേക്കബ് തോമസ് എന്നോടു പ്രതികാരം തീർക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. സർക്കാർ ഖജനാവിനു നഷ്‌ടംവരുത്തിവച്ച ഇടപാടുകളിൽ ധനപരിശോധനാ വിഭാഗം കണ്ടെത്തിയ ക്രമക്കേടുകളിൽ അച്ചടക്കനടപടി നിർദേശിച്ചതിനാണിത്.

പ്രശസ്തിക്കായി അധികാരം ഉപയോഗിക്കുന്നത് ഒരു ഉദ്യോഗസ്‌ഥന്റെ സ്വാതന്ത്ര്യമാകാം. എന്നാൽ, അതു മറ്റൊരുദ്യോഗസ്‌ഥനെ അപകീർത്തിപ്പെടുത്താൻ ദുരുപയോഗിക്കുന്നത് അന്യായമാണ്. വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിനാവശ്യമായ ഏതു വിവരം വെളിപ്പെടുത്തുന്നതിനും എനിക്ക് ഒരു മടിയുമില്ല. അതിനാൽ ജേക്കബ് തോമസിൽ നിന്നുള്ള അനാവശ്യപീഡനങ്ങൾ ഒഴിവാക്കിക്കൊണ്ട് എന്നെ ജോലി ചെയ്യാൻ അനുവദിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.