ആധാരമെഴുത്തുകാർക്കു തടവ്
Friday, October 28, 2016 1:55 PM IST
മൂവാറ്റുപുഴ: തൊടുപുഴ കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്‌ഥർക്കു കൈ ക്കൂലി നൽകാൻ ആധാരം രജിസ്റ്റർ ചെയ്തവരുടെ കൈയിൽനിന്നു പണം വാങ്ങിയ രണ്ട് ആധാരമെഴുത്തുകാരെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി അസിസ്റ്റന്റ് ഡോക്യുമെന്റ് റൈറ്റർ പൈങ്ങോട്ടൂർ കളപ്പുരയിൽ ജോഷി ജോർജ്, രണ്ടാം പ്രതി ഡോക്യുമെന്റ് റൈറ്റർ വണ്ണപ്പുറം, അമ്പലപ്പടി പാടശേരി എസ്. കുര്യാക്കോസ് എന്നിവർക്കു മൂന്നുവർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണു ശിക്ഷവിധിച്ചത്.

പിഴ അടയ്ക്കാതിരുന്നാൽ ആറുമാസംകൂടി ശിക്ഷ അനുഭവിക്കണം. അഴിമതി നിരോധന വകുപ്പിന്റെ സെക്ഷൻ എട്ടു പ്രകാരം രണ്ടുവർഷം കഠിന തടവും 50,000 രൂപയും ഇന്ത്യൻ ശിക്ഷാനിയമം 120 ബി പ്രകാരം ഒരു വർഷം കഠിനതടവുമാണ് ശിക്ഷ.

സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്‌ഥർക്കു നൽകാൻ 1100 രൂപയാണു പ്രതികൾ വാങ്ങിയത്. 14 സാക്ഷികളെയാണു കോടതി വിസ്തരിച്ചത്. 2005 മാർച്ച് 31ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ രജിസ്ട്രാർ ഓഫീസിൽനിന്നു കണക്കിൽപ്പെടാത്ത 5,515 രൂപ കണ്ടെടുത്തിരുന്നു. ഒന്നാം പ്രതിയുടെ കൈയിൽനിന്നു സബ് രജിസ്ട്രാർ ഓഫീസ് വരാന്തയിൽ വച്ച് 1,100 രൂപ വിജിലൻസ് മിന്നൽ പരിശോധനയിൽ പിടിച്ചെടുക്കുകയും ചെയ്തു.


മൂവാറ്റുപുഴയിൽ വിജിലൻസ് കോടതി ആരംഭിച്ചതിനെത്തുടർന്നാണ് കേസ് ഇവിടേക്കു മാറ്റിയത്. ആധാരമെഴുത്തുകാരെ അഴിമതി നിരോധന വകുപ്പു പ്രകാരം ശിക്ഷിക്കുന്ന സംസ്‌ഥാനത്തെ ആദ്യത്തെ കേസാണിത്. ശിക്ഷിക്കപ്പെട്ടവർ സർക്കാർ ഉദ്യോഗസ്‌ഥർ അല്ലെന്നുമുള്ള പ്രത്യേകതയും ഈ കേസിനുണ്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ശിക്ഷ വിധിക്കുന്ന രണ്ടാമത്തെ കേസു കൂടിയാണിത്. പ്രതികൾക്കു ജാമ്യം അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.