മരത്തിനു മുകളിൽ ആത്മഹത്യാ ഭീഷണി: ഫയർഫോഴ്സ് ’വെള്ളമടിച്ചു‘ താഴെയിറക്കി
മരത്തിനു മുകളിൽ ആത്മഹത്യാ ഭീഷണി: ഫയർഫോഴ്സ് ’വെള്ളമടിച്ചു‘ താഴെയിറക്കി
Friday, October 28, 2016 1:55 PM IST
തൃശൂർ: കളക്ടറേറ്റിനു മുന്നിലെ മരത്തിൽ പെട്രോളുമായി കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ ഫയർഫോഴ്സും പോലീസും ചേർന്നു ബലമായി താഴെയിറക്കി. ചാലക്കുടി സ്വദേശി മാത്തു വടാശേരിയാണ് കളക്ടറേറ്റിനു മുന്നിലെ പാർക്കിനു സമീപമുള്ള മരത്തിൽ ഇന്നലെ രാവിലെ പതിനൊന്നേമുക്കാലോടെ കൈയിൽ പെട്രോൾ കുപ്പിയുമായി കയറിയത്.

കേരളത്തിലെ ക്രമസമാധാനം തകർത്ത മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ മന്ത്രി എ.സി. മൊയ്തീനും രാജിവയ്ക്കണമെന്നും കേരളത്തിൽ ക്രമസമാധാനം പുനഃസ്‌ഥാപിക്കണമെന്നും സാധാരണക്കാരായ ജനങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ടാണ് ഇയാൾ ഭീഷണി മുഴക്കിയത്.

ആവശ്യങ്ങളെഴുതിയ നോട്ടീസുകൾ ഇയാൾ വിതരണം ചെയ്തിരുന്നു. മുഖ്യമന്ത്രിയേയും മറ്റും ജയിലിൽ അയയ്ക്കാനുള്ള ജീവന്മരണ പോരാട്ടമാണു നടത്തുന്നതെന്നും മുഖ്യമന്ത്രി, ഡിജിപി, സഹകരണമന്ത്രി എന്നിവരോടു മാത്രമേ താൻ സംസാരിക്കൂവെന്നുമാണ് ഇയാൾ പറഞ്ഞത്. ആത്മഹത്യാഭീഷണി മുഴക്കിയ ആളെ കാണാൻ നിരവധിപേർ മരത്തിനു ചുവട്ടിൽ തടിച്ചുകൂടി.


വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്‌ഥലത്തെത്തി താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതിരുന്നതിനെതുടർന്ന് രക്ഷിക്കാൻ ഫയർഫോഴ്സ് അംഗങ്ങൾ മരത്തിൽ കയറാൻ ശ്രമിച്ചപ്പോൾ ഇയാൾ സ്വയം ശരീരത്തിൽ പെട്രോളൊഴിച്ചു.

തുടർന്നു മരത്തിൽ കയറിയവരുടെ ശരീരത്തിലേക്കും പെട്രോളൊഴിച്ചു. ഇതേത്തുടർന്നാണ് മുകളിലിരിക്കുന്നയാൾ തീകൊളുത്തുമെന്ന ഭീതിയിൽ, ഫയർഫോഴ്സ് ഉടൻതന്നെ മരത്തിനുകീഴെ വലവിരിച്ചു വെള്ളമടിക്കാൻ തീരുമാനിച്ചത്.

ശക്‌തിയായി വെള്ളം ചീറ്റിച്ചു ഫയർഫോഴ്സംഗങ്ങൾ മരത്തിൽ കയറി ഇയാളെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് അടിയിൽ വിരിച്ച വലയിലേക്ക് ഇയാളെ വീഴ്ത്തുകയായിരുന്നു.

മാത്തുവിന്റെ കൈയിലുണ്ടായിരുന്ന ബാഗിൽ വെട്ടുകത്തിയുമുണ്ടായിരുന്നു. മരത്തിനു മുകളിലിരിക്കുന്നതു കാണാനായി വെട്ടുകത്തിയെടുത്തു മരച്ചില്ലകൾ ഇയാൾ വെട്ടിമാറ്റുകയും ചെയ്തു. വെസ്റ്റ് സിഐ രാജു, എസ്ഐ സിന്ധു തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.