പോലീസ് സംഘത്തെ വെട്ടിയ സംഭവം: പ്രതിയെ കോടതിപരിസരത്തുനിന്നു പിടികൂടി
പോലീസ് സംഘത്തെ വെട്ടിയ സംഭവം: പ്രതിയെ കോടതിപരിസരത്തുനിന്നു പിടികൂടി
Friday, October 28, 2016 1:55 PM IST
കായംകുളം: പോലീസ് സംഘത്തെ വെട്ടിയ പ്രതിയെ കോടതി പരിസരത്തുനിന്നും പോലീസ് പിടികൂടി. ചെത്തുതൊഴിലാളി കായംകുളം കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതിൽ ഗോപാലകൃഷ്ണനെയാണ് (56 )അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ 11നു കായംകുളം കോടതിയിൽ കീഴടങ്ങാനെത്തിയ ഗോപാലകൃഷ്ണനെ പോലീസ് നാടകീയമായി പിടികൂടുകയായിരുന്നു. ഇയാൾ കോടതിയിൽ കീഴടങ്ങാൻ എത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കോടതിക്കുചുറ്റും നിരീക്ഷണവലയം തീർത്തു.

കോടതി പരിസരത്ത് മഫ്തി വേഷത്തിലാണ് പോലീസ് നിലയുറപ്പിച്ചത്. ഈ സമയം കെഎസ്ആർടിസി ബസ്സ്റ്റാൻഡിനു സമീപത്തെ റോഡിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ഇയാൾ ആരും ശ്രദ്ധിക്കുന്നില്ലെന്നു കരുതി കോടതിയിലേക്ക് നടന്നു കയറാൻ ശ്രമിക്കുന്നതിനിടയിലാണു പോലീസ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ കായംകുളം പോലീസ് സ്റ്റേഷനിലെത്തിച്ച് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു. സംഭവശേഷം കോട്ടയം മെഡിക്കൽ കോളജ് പരിസരം ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

ഇതിനിടയിൽ പോലീസ് ലോക്കപ്പിനുള്ളിൽവച്ചു തല ലോക്കപ്പിന്റെ ഗ്രില്ലിൽ ഇടിച്ച് മുറിവു വരുത്താനും ഇയാൾ ശ്രമം നടത്തി. ഇയാളുടെ നെറ്റിയിൽ മുറിവ് പറ്റിയതിനെത്തുടർന്ന് പോലീസ് ഇയാളെ ഉടൻ കായംകുളം ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. കേസിലെ മുഖ്യപ്രതിയായ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. പോലീസിനെ ആക്രമിച്ച കേസിൽ ഇയാളുടെ ഭാര്യ സന്ധ്യയെ (45) കഴിഞ്ഞദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ കോടതി ഇന്നലെ റിമാൻഡ് ചെയ്തു.


മഴയത്ത് കടത്തിണ്ണയിൽ കയറിനിന്ന .രണ്ടു യുവാക്കളെ വെട്ടിയ കേസിൽ മുഖ്യപ്രതിയായ ഇവരുടെ മകൻ ഉണ്ണിക്കൃഷ്ണനെ പിടികൂടാനെത്തിയ എഎസ് ഐ ഉൾപ്പടെയുള്ള പോലീസ്സംഘത്തെയാണ് പിതാവ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്.

കൈവിലങ്ങുവച്ച് ഉണ്ണിക്കൃഷ്ണനെ പോലീസ് ജീപ്പിൽ കയറ്റിയെങ്കിലും വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ ഗോപാലകൃഷ്ണൻ മകനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ട് പോലീസിനെ ആക്രമിക്കുകയായിരുന്നു. കള്ള് ചെത്താൻ ഉപയോഗിക്കുന്ന തേർ കൊണ്ട് എഎസ്ഐ സിയാദിന്റെ നെഞ്ചിൽ കുത്തുകയും സിവിൽ പോലീസ് ഓഫീസർമാരായ ഇക്ബാൽ, സതീഷ്, എന്നിവരെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. സിപിഒ രാജേഷിനെ ഇരുമ്പുകമ്പി കൊണ്ട് ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിനുശേഷമാണ് വെട്ടുകേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ കൈവിലങ്ങോടുകൂടിയും ഗോപാലകൃഷ്ണൻ സ്കൂട്ടറിൽ കയറിയും രക്ഷപ്പെട്ടത്.

കൈവിലങ്ങുമായി ഉണ്ണികൃഷ്ണനെ രക്ഷപ്പെടാൻ സഹായിച്ചതിന് പോലീസ് കഴിഞ്ഞദിവസം ബന്ധുവായ കുറ്റിത്തെരുവ് ദേശത്തിനകം പന്തപ്ലാവിൽനിന്നും പുള്ളികണക്ക് കാട്ടിലേത്ത് വീട്ടിൽ താമസിക്കുന്ന രാജേഷി(24)നെ അറസ്റ്റു ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.