സംസ്‌ഥാനത്തു വെടിക്കെട്ടുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്
Friday, October 28, 2016 2:37 PM IST
തിരുവനന്തപുരം: പുറ്റിംഗൽ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്‌ഥാനത്ത് വെടിക്കെട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് എക്സ്പ്ലോസീവ് വിഭാഗം ഉത്തരവിറക്കി. വെടിക്കെട്ടുകൾക്ക് ഉഗ്ര ശബ്ദം ലഭിക്കാനായി നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റ് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് എക്സ്പ്ലോസീവ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വെടിക്കെട്ടുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

കേരളത്തിലെ 220–ൽ പരം സ്‌ഥലങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വെടിക്കെട്ടുകൾക്ക് പൊട്ടാസ്യം ക്ലോറൈറ്റ് ഉൾപ്പെടെയുള്ള നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി എക്സ്പ്ലോസീവ് വിഭാഗം കണ്ടെത്തിയിരുന്നു. ഇനി നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലെന്നും തീവ്രശബ്ദമുള്ള വെടിക്കോപ്പുകൾ ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു. തീവ്രശബ്ദമുള്ള വെടിക്കോപ്പുകൾ ഉപയോഗിക്കുന്നതിന് മുൻകൂറായി എക്സ്പ്ലോസീവ് കൺട്രോളറുടെ പ്രത്യേക അനുമതി വാങ്ങണം.


അമിട്ട്, ഗുണ്ട്, സൂര്യകാന്തി, കുഴിമിന്നൽ ഉൾപ്പെടെയുള്ള ഉഗ്രസ്ഫോടന ശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. വെടിക്കെട്ട് നടക്കുന്ന പ്രദേശത്ത് മുൻകൂറായി ശാസ്ത്രീയ അപകടസാധ്യത പഠനം നടത്തണം. ദുരന്തനിവാരണ സംവിധാനങ്ങളെക്കുറിച്ചു ജില്ലാ ഭരണകൂടത്തിന് മുൻകൂറായി റിപ്പോർട്ട് സമർപ്പിക്കണം. രാത്രി പത്തിനും രാവിലെ ആറിനും ഇടയ്ക്കുള്ള സമയത്ത് വെടിക്കെട്ട് നടത്താൻ പാടില്ലെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു. ഡെപ്യൂട്ടി ചീഫ് എക്സ്പ്ലോസീവ് കൺട്രോളർ കുൽക്കർണിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവിന്റെ പകർപ്പുകൾ ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും പൂരം കമ്മിറ്റിക്കാർക്കും പ്രധാന ക്ഷേത്രങ്ങളുടെ ഭാരവാഹികൾക്കും അയച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുൻപായി ഉത്തരവ് കർശനമായി നടപ്പാക്കണമെന്നാണ് എക്സ്പ്ലോസീവ് വിഭാഗത്തിന്റെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.