പാറമട ലോബിക്കെതിരേ വില്ലേജ് ഓഫീസ് ഉപരോധിച്ചു; വൈദികൻ ഉൾപ്പെടെ 200 പേർ അറസ്റ്റ് വരിച്ചു
പാറമട ലോബിക്കെതിരേ വില്ലേജ് ഓഫീസ് ഉപരോധിച്ചു; വൈദികൻ ഉൾപ്പെടെ 200 പേർ അറസ്റ്റ് വരിച്ചു
Friday, October 28, 2016 2:37 PM IST
രാമപുരം: കുറിഞ്ഞി കോട്ടമലയിൽ പാറമട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെതിരേ പ്രദേശവാസികൾ രാമപുരം വില്ലേജ് ഓഫീസിനു മുൻപിൽ നടത്തിയ സമരത്തിൽ പ്രതിഷേധമിരമ്പി. രാവിലെ 11 ന് ആരംഭിച്ച സമരം വൈകുന്നേരം അഞ്ചോടെ കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലൂക്കുന്നേൽ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരുടെ അറസ്റ്റോടെയാണു സമാപിച്ചത്. അറസ്റ്റിലായ വരെ പിന്നീട് വിട്ടയച്ചു.

കോട്ടമലയിൽ കഴിഞ്ഞ ദിവസം പാറമട നിർമാണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ കൂറ്റൻ പാറക്കല്ല് ഉരുണ്ട് സമീപത്തെ പുരയിടത്തിൽ പതിക്കുകയും വൻ അപകടഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ ആർഡിഒയ്ക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകിയെങ്കിലും ഇവർ സ്‌ഥലം സന്ദർശിക്കാൻ തയാറായില്ല. ഇതിൽ പ്രതിഷേധിച്ചാണു സമരക്കാർ ഇന്നലെ രാമപുരം വില്ലേജ് ഓഫീസിനു മുമ്പിലെത്തിയത്. ഈ സമയം ആർഡിഒ കെ. രാജൻ വില്ലേജ് ഓഫീസിൽ ഉണ്ടായിരുന്നു.

സമരക്കാരുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ കിടന്ന ആർഡിഒയുടെ വാഹനം തടഞ്ഞതോടെ രാമപുരം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി കോട്ടമല നിവാസികളുമായി ചർച്ച നടത്തുകയും കോട്ടമലയിൽ അനധികൃത നിർമാണ പ്രവർത്തനം നടത്തിയ കല്ലുരുണ്ട ഭാഗത്ത് ഉടൻ തന്നെ സന്ദർശനം നടത്താമെന്നും ഉദ്യോഗസ്‌ഥർ സമ്മതിക്കുകയും ചെയ്തു. ഇതനുസരിച്ച് ആർഡിഒ, സർക്കിൾ ഇൻസ്പെക്ടർ എൻ. ബാബുക്കുട്ടൻ, സബ് ഇൻസ്പെക്ടർ കെ.കെ. ലാലു, രാമപുരം വില്ലേജ് ഓഫീസർ മധുസുദനൻ നമ്പൂതിരി, പാലാ ആർഡിഒ ഓഫീസ് ജൂനിയർ ക്ലർക്ക് ഷൈൻ എൻ. നെല്ലിയാനിക്കുന്നേൽ, ജൂണിയർ സൂപ്രണ്ട് എൻ. സുരേഷ് കുമാർ എന്നിവർ കോട്ടമല സന്ദർശിച്ചു.

പിന്നീട് നടന്ന ചർച്ചയിൽ കോട്ടമലയിലെ നിർമാണ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആർഡിഒയോട് സമരക്കാർ ആവശ്യപ്പെട്ടെങ്കിലും ആർഡിഒ തയാറായില്ല. തുടർന്നു സമരം ശക്‌തമായതോടെ പോലീസ് ബലമായി കുട്ടികളും സ്ത്രീകളും അടങ്ങുന്ന സമരക്കാരെ അറസ്റ്റ് ചെയ്യാൻ തയാറായപ്പോൾ നേരിയ സംഘർഷം ഉണ്ടാകുകയും ചെയ്തു.


പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുറിന്റെ നേതൃത്വത്തിൽ സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. കോട്ടമലയിലെ നിർമാണ പ്രവർത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാടില്ലെന്നു പാറമട നിർമാണ പ്രവർത്തനം നടത്തുന്നവരെ അറിയിച്ചതായും, നിർമാണ പ്രവർത്തനം നിർത്തിവയ്പിച്ചതായും സമരക്കാരെ അറിയിച്ചു. തുടർന്നു കുട്ടികളും സ്ത്രീകളും അടങ്ങുന്ന സമരക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുറിഞ്ഞി പള്ളി വികാരിയെ ബലമായി പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതു സമരക്കാർ തടഞ്ഞു. കുട്ടികളെ പോലീസ് ജീപ്പിൽ കയറ്റിയത് പ്രതിഷേധത്തിനു കാരണമായി. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോയാൽ മതിയെന്നു സമരക്കാർ നിലപാട് എടുത്തതോടെ കാൽനടയായി പ്രകടനം നടത്തി സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ വിട്ടയച്ചു.

കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലൂക്കുന്നേൽ, കേരള കോൺഗ്രസ്–എം സംസ്‌ഥാന കമ്മിറ്റി അംഗം വി.എ. ജോസ് ഉഴുന്നാലിൽ, ഡിസിസി ജനറൽ സെക്രട്ടറി സി.ടി. രാജൻ, പരിസ്‌ഥിതി പ്രവർത്തകൻ മജു പുത്തൻകണ്ടം, എസ്എൻഡിപി കിഴതിരി ശാഖാ സെക്രട്ടറി ഇ.കെ. ബാബു, പ്രസിഡന്റ് സുകുമാരൻ കഴന്നുകണ്ടത്തിൽ, എൻഎസ്എസ് കരയോഗം കിഴതിരി സെക്രട്ടറി ജയപ്രകാശ് ഇലഞ്ഞിപ്പാറയിൽ, കുറിഞ്ഞി വാർഡ് മെംബർ ജീനസ് നാഥ്, മെംബർമാരായ മത്തച്ചൻ പുതിയിടത്തുചാലിൽ, സെല്ലി ജോർജ്, എം.പി. ശ്രീനിവാസ്, സോണി ജോണി, എം.ഒ. ശ്രീക്കുട്ടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, സന്തോ ഷ് കിഴക്കേക്കര, രാജേഷ് കൊട്ടിച്ചേരി, കോട്ടമല സമരസമിതി നേതാക്കളായ വിൽസൺ പുതിയകുന്നേൽ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ, പ്രമോദ് കൈപ്പിരിയ്ക്കൽ, ഷാജി പൊരുന്നയ്ക്കൽ, സോണി കമ്പകത്തിങ്കൽ, വിനീഷ് വള്ളോംതോട്ടത്തിൽ, ബേബി തച്ചേട്ട്, സിജി ഇരുവേലിക്കുന്നേൽ, ശ്രീനിവാസൻ കൊച്ചുവേലിക്കാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.