വിജിലൻസ് ഡയറക്ടറെ പുകച്ചു പുറത്താക്കാൻ ശ്രമം: മുഖ്യമന്ത്രി
വിജിലൻസ് ഡയറക്ടറെ പുകച്ചു പുറത്താക്കാൻ ശ്രമം: മുഖ്യമന്ത്രി
Friday, October 28, 2016 2:37 PM IST
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പുകച്ചു പുറത്തുചാടിക്കാൻ ചിലർ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥർ തമ്മിലുള്ള ചേരിപ്പോര് സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ജേക്കബ് തോമസ് ആ സ്‌ഥാനത്ത് ഇരിക്കാൻ പാടില്ലെന്നാഗ്രഹിക്കുന്ന ശക്‌തികളുണ്ട്. ഇവർക്ക് വഴങ്ങിക്കൊടുക്കില്ല. സർക്കാരിനു വിജിലൻസ് ഡയറക്ടറിൽ വിശ്വാസമുള്ളതിനാലാണ് അദ്ദേഹത്തിനു വേണ്ടി അഡ്വക്കറ്റ് ജനറൽ കോടതിയിൽ ഹാജരായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാമിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം വിജിലൻസ് റെയ്ഡ് നടത്തിതിൽ വീഴ്ച പറ്റി. ഇതുസംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്‌ഥനോടു വിശദീകരണവും തേടിയിട്ടുണ്ട്. ഏബ്രഹാം ഉന്നയിച്ച പരാതി ഗൗരവമായാണു കാണുന്നത്.

പരാതിയിൽ പറയുന്ന സംഗതികൾ പരിശോധിക്കും. നടപടിക്രമങ്ങൾ ശരിയായ രീതിയിൽ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തും. ഡോ.കെ.എം. ഏബ്രഹാം മികച്ച ഉദ്യോഗസ്‌ഥനാണ്. അതിനാലാണ് അദ്ദേഹം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായി തുടരുന്നത്.

നമ്മുടെ സംസ്‌ഥാനത്തുണ്ടായ ചില പ്രത്യേക കാരണങ്ങൾ മൂലം ഉദ്യോഗസ്‌ഥർക്കിടയിൽ പ്രത്യേക സാഹചര്യം തന്നെ സൃഷ്‌ടിക്കുകയുണ്ടായി. സെൻകുമാറിനെ പോലീസ് മേധാവി സ്‌ഥാനത്തുനിന്നു മാറ്റുക മാത്രമാണു സർക്കാർ ചെയ്തത്.

പോലീസ് ചീഫ് ആയി അദ്ദേഹം വേണ്ടെന്ന തീരുമാനമായിരുന്നു സർക്കാരിനുണ്ടായിരുന്നത്. മറ്റൊരു തസ്തിക അദ്ദേഹത്തിനു നൽകി. എന്നാൽ അത് ഏറ്റെടുക്കാതെ അദ്ദേഹം അവധിയിൽ പോകുകയാണുണ്ടായത്.

ശങ്കർ റെഡ്ഡിക്ക് അദ്ദേഹത്തിന്റെ മുൻകാല ചെയ്തികൾ മൂലമാണു കോടതിയെ സമീപിക്കേണ്ടി വന്നത്. അഴിമതി കാട്ടുന്നവർ ഉണ്ടാകാം. ചിലരെ ക്രൂശിക്കുന്നതിനായി അഴിമതി ആരോപണം ഉന്നയിക്കുന്നു. ആരോപണം വന്നാൽ അതുമായി ബന്ധപ്പെട്ട ഏജൻസികൾ നടപടി സ്വീകരിക്കും.


എന്നാൽ, പ്രധാന ഉദ്യോഗസ്‌ഥരുടെ കാര്യത്തിൽ വരുന്ന പരാതികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ചിന്തിക്കുന്നു. പരാതി കിട്ടിയാൽ അവയുടെ നിജസ്‌ഥിതി എന്തെന്നു പ്രാഥമികമായ പരിശോധന നടത്തും. തുടർന്നു നിയമപരമായ കാര്യങ്ങൾ കൂടി പരിശോധിച്ച് പരാതിയുടെ കൃത്യത ഉറപ്പുവരുത്തിയാകും തുടർനടപടിയുണ്ടാകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്തുതന്നെ മികച്ച സേവനം ചെയ്തിട്ടുള്ള ഡോ.കെ.എം. ഏബ്രഹാമിനെപ്പോലുള്ള ഉന്നത ഉദ്യോഗസ്‌ഥനെതിരേ ഇത്തരമൊരു നടപടി സ്വീകരിച്ചതു ശരിയാണോ എന്നു മുഖ്യമന്ത്രി ചിന്തിക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ഡോ.കെ.എം. ഏബ്രഹാമിനെതിരേ വിജിലൻസിലും തൃശൂർ വിജിലൻസ് കോടതിയിലും പരാതികൾ നല്കിയിരുന്നു. ഈ രണ്ടു പരാതികളും തള്ളിയതുമാണ്. തുടർന്നു പരാതിക്കാരൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചു. അവിടെ നിന്നു കഴിഞ്ഞ 15 ന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഉത്തരവിട്ടു. അടുത്ത മാസം 11 നുള്ളിൽ റിപ്പോർട്ട് നല്കാനാണ് ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നതെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഏബ്രഹാമിന്റെ വസതിയിലെ റെയ്ഡ് : വിജിലൻസ് എസ്പിയോട് വിശദീകരണം തേടി

തിരുവനന്തപുരം: ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.കെ. എം. ഏബ്രഹാമിന്റെ വസതിയിൽ റെയ്ഡ് നടത്തിയ സംഭവത്തിൽ വിജിലൻസ് എസ്പിരാജേന്ദ്രനോടു വിശദീകരണം തേടി. നടപടിക്രമങ്ങൾ പാലിക്കാതെ ചട്ടവിരുദ്ധമായാണു തന്റെ വസതിയിൽ വിജിലൻസ് റെയ്ഡ് നടത്തിയതെന്നു കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും അന്വേഷണ ഉദ്യോഗസ്‌ഥനോട് വിശദീകരണം തേടാനും മുഖ്യമന്ത്രി നിർദേശിച്ചു. ഇതനുസരിച്ചാണു ഡയറക്ടർ വിജിലൻസ് എസ്പിയോടു വിശദീകരണം തേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.